പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ധനസഹായം പ്രഖ്യാപിച്ചത്. ദുരിത ബാധിത പ്രദേശങ്ങളും ദുരിതശ്വാസ ക്യാംപും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സ്കൂളിലെത്തിയത്. സ്കൂള്‍ ഹാളില്‍ വെച്ചു നടന്ന മീറ്റിംഗില്‍ നിവേദനങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് ജനപ്രതിനിധികളും കളക്ടറുമായി ചര്‍ച്ച ചെയ്ത് ധനസഹായം എങ്ങനെ വേണമെന്ന് തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ തുടര്‍ന്നു നടന്ന പത്ര സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
- ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര ധനസഹായമായി അയ്യായിരം രൂപ അനുവദിച്ചു.
- ദുരിത ബാധിതര്‍ക്ക് ഒരു മാസം സൌജന്യ റേഷന്‍ നല്കും.
- വീട് നഷ്ടപ്പെട്ടവര്‍ക്ക് മൂന്നര ലക്ഷം രൂപ ചിലവില്‍ സര്‍ക്കാര്‍ വീടു വെച്ചു നല്കും ഇതിനായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തും .
- സ്ഥലം നഷ്ടപ്പെട്ടവര്‍ തിരികെ പോകാനാഗ്രഹമില്ലെങ്കില്‍ പകരം 5 സെന്റ് സ്ഥലം ഗവണ്‍മെന്റ് കണ്ടെത്തി നല്കും. ഇതില്‍ മൂന്നര ലക്ഷം രൂപയ്ക്ക് വീട് വെച്ചു നല്കും. ഇതിനായി നെഗോഷ്യബിള്‍ പര്‍ചെയ്സിലൂടെ ഭൂമി വാങ്ങാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
- വീട് ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കിപ്പണിയാന്‍ 2 ലക്ഷം രൂപ വരെ നല്കും .
- ഉരുള്‍പൊട്ടലില്‍ സ്ഥലം നശിച്ചവര്‍ക്ക് സ്ഥലം തിരികെ വേണ്ടെങ്കില്‍ പരമാവധി ഒരേക്കര്‍ വരെ സര്‍ക്കാര്‍ വില കൊടുത്തു വാങ്ങും. ഇത്തരത്തിലുള്ള ആളുകളുടെ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വന വത്ക്കരണം നടത്തും.
- ക്യഷി നാശം സംഭവിച്ചവരുടെ നാശനഷ്ടങ്ങള്‍ പുതിയ നോംസ് അനുസരിച്ച് കണക്കെടുക്കും. ഇതിനായി ക്യഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- കടകള്‍ നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്കും. ഒരു ലക്ഷത്തിലധികംരൂപ നഷ്ടം സംഭവിച്ചവര്‍ക്ക് നാശത്തിന്റെ അന്‍പത് ശതമാനം വരെ നല്കും.
- ദുരിതബാധിതരുടെ വീടുകള്‍ സാനിറ്റേഷന്‍ ചെയ്യാനായി പതിനായിരം രൂപ നല്കും.
- ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളുടെ കടബാധ്യത, റോഡുകളുടെ സ്ഥിതി, സര്‍ക്കാര്‍ വസ്തുവകകളുടെ സ്ഥിതി എന്നിവ പരിശോധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
- മേല്‍പ്പറഞ്ഞ ഒന്നിലുംപ്പെടാത്ത നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാന്‍ കളക്ടര്‍ക്ക് അധികാരം നല്കി.
- ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ ജിനു അഭിലാഷിന്റെ ചികിത്സാച്ചിലവ് സര്‍ക്കാര്‍ വഹിക്കും. വിവാഹം നിശ്ചയിച്ച സുനിതയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്കുള്ള 8 പവന്‍ സ്വര്‍ണ്ണം നല്കും. നീതു ബാബുവിന്റെ നഴ്സിംഗ് പഠനത്തിനായുള്ള നടപടികള്‍ മന്ത്രിസഭ തീരുമാനിക്കും.