![]() |
മാവിന്‍ചോട് ഭാഗത്ത് തകര്‍ന്ന വൈദ്യുത ബന്ധങ്ങള്‍ നേരെയാക്കുന്നു |
പുല്ലൂരാംപാറയിലും, ആനക്കാംപൊയിലിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡുകളും വൈദ്യുതി ബന്ധങ്ങളും, ടെലഫോണ്‍ ബന്ധങ്ങളും പൂര്‍വസ്ഥിതിയിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാവിന്‍ചോട് ഭാഗത്തും, ജോയി റോഡിലും, കൊടക്കാടുപാറയിലും തകര്‍ന്നു കിടന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കിയും, വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിച്ചും, ടെലഫോണ്‍ ലൈനുകള്‍ നന്നാക്കിയും മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടു വരാന്‍വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മാവിന്‍ചോട് ഭാഗത്ത് റോഡുകള്‍ ഉരുള്‍പൊട്ടലിന്റെ പിറ്റേ ദിവസം രാവിലെ തന്നെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇവര്‍ റോഡ് ഗതാഗത യോഗ്യമാക്കിയത് തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് വളരെയധികം സഹായകരമായിരുന്നു. അതേ സമയം ജോയി റോഡില്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു പോയ റോഡുകളുടെ പുനര്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഈ ഭാഗത്ത് തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ പുനസ്ഥാപിച്ചും, വൈദ്യുത ലൈനുകള്‍ വലിച്ചും പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. കൊടക്കാട്ടുപാറയിലും, മാവിന്‍ചോട്ടിലും ചെറുശ്ശേരിയുടെ ചില ഭാഗങ്ങളിലും ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.