20 ഓഗസ്റ്റ് 2012

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി അകലെ നിന്നും ഒരു ഇടവക സമൂഹം.


               ചെറുശ്ശേരി മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വാസ യോഗ്യമല്ലാതെ ചെളിയും കല്ലും മണ്ണും നിറഞ്ഞു കിടന്ന വീടുകളും പരിസരപ്രദേശങ്ങളും വ്യത്തിയാക്കുവാനായി പുല്ലൂരാംപാറ മാവിന്‍ചോട്ടിലുള്ള ദുരന്ത സ്ഥലത്തേക്ക് ഒരു കൈ സഹായവുമായി എത്തിയിരിക്കുകയാണ് താമരശ്ശേരി രൂപതയുടെ ഏറ്റവും അകലെയുള്ള ഇടവകകളിലൊന്നായ പെരിന്തല്‍മണ്ണക്കടുത്തുള്ള ചീരട്ടമല ക്രിസ്തുരാജ ദേവാലയത്തിലെ ഇടവക ജനങ്ങള്‍. ഇടവക വികാരി റവ.ഫാ.ജില്‍സണ്‍ തയ്യിലിന്റെ നേത്യത്വത്തിലുള്ള സിസ്റ്റേഴ്സ് അടക്കമുള്ള മുപ്പതു പേരടങ്ങുന്ന സംഘമാണ് ദുരിതബാധിതരെ സഹായിക്കാന്‍ ഇവിടെ എത്തിയത്. 


         ഞായറാഴ്ച രാവിലെ ആറു മണിക്കുള്ള വി.കുര്‍ബാനയ്ക്കു ശേഷം ഏകദേശം തൊണ്ണൂറോളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം  ഇവിടെയെത്തിയിരിക്കുന്നത്. കൂലിപ്പണിക്കാര്‍ മുതല്‍ ജോലിക്കാര്‍ വരെയുണ്ട് സംഘത്തില്‍. രാവിലെ ഒന്‍പതു മണിയോടെ ബൈക്കുകളും, കാറുകളുമടക്കമുള്ള സ്വന്തം വാഹനങ്ങളില്‍ എത്തിച്ചേര്‍ന്ന ഇവര്‍ മാവിന്‍ചോട്ടിലുള്ള കുടിലുമറ്റം ദിലീപ്കുമാറിന്റെ വീടിനു ചുറ്റും നിറഞ്ഞു കിടന്ന ചെളിയും, മണ്ണും, കല്ലും,മരങ്ങളും നീക്കം ചെയ്യുകയും വെള്ളം കയറാതെ കയ്യാലകള്‍ കെട്ടി നല്കുകയും ചെയ്തു.

ഫാ. ജില്‍സണ്‍
               ചീരട്ടമല ഇടവക വികാരിയായ ഫാ.ജില്‍സണ് തന്റെ ഇടവക ജനങ്ങളെക്കുറിച്ചു പറയുമ്പോള്‍ നല്ലതു മാത്രമേ പറയാനുള്ളു. ഏകദേശം നൂറോളം കുടുംബങ്ങള്‍ മാത്രമുള്ള താമരശ്ശേരി രൂപതയിലെ ചെറിയ ഇടവകളിലൊന്നാണ് ചീരട്ടമല. ഇടവക പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സഹകരണമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ഞായറാഴ്ച ദുരിതാബാധിതരെ സഹായിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പിതാവിന്റെ സര്‍ക്കുലര്‍ ദേവാലയത്തില്‍ വായിച്ചപ്പോള്‍, പുല്ലൂരാംപാറയിലും മറ്റു പണിക്കായി ആളുകളെ കിട്ടാന്‍  വലിയ വിഷമമാണല്ലോ എന്നാല്‍ നമുക്ക് ഇവിടെ വന്ന് അവരെ പൊതുപ്പണിയെടുത്ത് സഹായിച്ചാലോ എന്ന അഭിപ്രായം ഉയര്‍ന്നു വരികയുണ്ടായി. ഇടവകയിലെ പൊതുപ്പണികളിലും മറ്റും വളരെയധികം  സഹകരിക്കുന്ന ഇടവക ജനങ്ങള്‍    ഒരു ദിവസം ഇവിടെ വന്ന് സഹായിക്കാമെന്ന് തീരുമാനിക്കുകയുമുണ്ടായി. ഇതനുസരിച്ച് ഇവിടേക്കു വരുവാന്‍ വലിയൊരു സംഘം തയാറായിരുന്നു. എന്നാല്‍ പ്രദേശത്തെ മിക്കവാറും വീടുകളുടെ പരിസരങ്ങള്‍ ജെ.സി.ബിയും മറ്റും ഉപയോഗിച്ച് വ്യത്തിയാക്കി കഴിഞ്ഞതിനാല്‍ പൊതുപ്പണിക്കായി ഒരു വീടു മാത്രമാണ് ലഭ്യമായത്. അതു കൊണ്ടു മാത്രമാണ് മുപ്പതു പേരടങ്ങുന്ന ചെറിയ സംഘം ഇവിടെ വന്നതെന്ന് ഫാ.ജില്‍സണ്‍ പറയുകയുണ്ടായി. ഇനിയും സഹായം ​ആവശ്യമുണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍  ഇനിയും ഇവിടെ എത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ മടങ്ങിയത്.
            ഫാ. ജില്‍സണ്‍ പുല്ലൂരാംപാറ ഇടവകയുമായി ബന്ധമുള്ളയാളാണ്. പുല്ലൂരാംപാറയിലെ തയ്യില്‍ കുടുംബാംഗമായിരുന്ന ഫാ. ജില്‍സണ്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകളില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലാണ് പഠിച്ചത്. 1989ല്‍ മതാപിതാക്കളോടൊപ്പം തോട്ടുമുക്കത്തേക്കു താമസം മാറുകയായിരുന്നു.
 സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍  
       ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍