08 ഓഗസ്റ്റ് 2012

റവന്യു മന്ത്രി അടൂര്‍ പ്രകാശ് പുല്ലൂരാംപാറയില്‍.


           മലയോര മേഖലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായി റവന്യു മന്ത്രി അടൂര്‍ പ്രകാശ് പുല്ലൂരാംപാറയില്‍ എത്തിച്ചേര്‍ന്നു. ആനക്കാംപൊയിലില്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഉച്ചയോടെ പുല്ലൂരാംപാറ പാരീഷ് ഹാളില്‍ വെച്ചു നടന്ന ദുരിതശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

            അവലോകന യോഗത്തില്‍  ജനപ്രതിനിധികള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, ക്യഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഉദ്യോഗസ്ഥര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വകുപ്പുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് നടന്ന പത്ര സമ്മേളനത്തില്‍  വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, ക്യഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്കും, മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും വേണ്ട ധനസഹായ മടക്കമുള്ള സഹായങ്ങള്‍ നല്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പത്ര സമ്മേളനം
                     കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വേണ്ടി താല്ക്കാലിക ഷെഡ്ഡുകളും, ഭക്ഷണവും, വസ്ത്രങ്ങളടക്കമുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നല്കി. ദുരിതബാധിത പ്രദേശങ്ങളിലെ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുവാനും തകര്‍ന്നു പോയ വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങള്‍ നേരെയാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

                   പത്ര സമ്മേളനത്തിലും അവലോകന യോഗത്തിലും സഥലം എം പി.യായ എം.ഐ. ഷാനവാസ്, സ്ഥലം എം.എല്‍. എ.യായ സി. മോയിന്‍ കുട്ടി, കോഴിക്കോട് എം.പിയായ എം.കെ രാഘവന്‍, റോഷി അഗസ്റ്റിന്‍ എം.എല്‍.എ. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മറ്റു ജന പ്രതിനിധികള്‍, വൈദികര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചെറുശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ജ്യോത്സ്നനയുടെ മാതാപിതാക്കളെ പുല്ലൂരാംപാറ അല്‍ഫോന്‍സ ആശുപത്രിയില്‍ എത്തി ആശ്വസിപ്പിച്ച ശേഷം. കണ്ണൂര്‍ ഇരിട്ടിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു.