30 ഓഗസ്റ്റ് 2012

മകന്റെ കല്യാണപ്പന്തലില്‍ മരണത്തിലും ഒരുമിച്ച്


                ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പേ  മകന്റെ കല്യാണത്തലേന്ന് അച്ഛന്റേയും പിറ്റേന്ന് അമ്മയുടേയും മരണപ്പെട്ട  ശരീരം കല്യാണപ്പന്തലില്‍  വയ്ക്കേണ്ടി വന്നത് ആനക്കാംപൊയിലുകാര്‍ക്ക് മറ്റൊരു ആഘാതമായി. പുറക്കാട്ട് മേപ്പുറത്തു വീട്ടില്‍ ചാക്കോയും   മറിയക്കുട്ടിയുമാണ് മകന്‍ ബിനോയിയുടെ കല്യാണ തലേന്നും പിറ്റേന്നുമായി മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബിനോയിയുടെ വിവാഹം നടന്നത്. 
        ഏകദേശം ഒരാഴ്ച മുന്‍പാണ് ചാക്കോയെ ഹ്യദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മാതാവിനെയും ഹ്യദായാഘത്തെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും  വലിയ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹച്ചടങ്ങുകള്‍  നേരത്തെ നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ച  നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് തലേ ദിവസമായ ഞായറാഴ്ച രാത്രി പിതാവ് ചാക്കോ ഹ്യദയാഘാതം മൂലം മരിച്ചത്. പക്ഷെ ഇതിനു മുന്‍പ് പാലായില്‍ നിന്നും വധുവും സംഘവും പുറപ്പെട്ടു കഴിഞ്ഞിരുന്നു ഇതോടു കൂടി ആഘോഷങ്ങള്‍ ഒഴിവാക്കി മുന്‍ നിശ്ചയപ്രകാരം  വിവാഹം നടത്താനും  പിതാവിന്റെ സംസ്കാരം ചൊവ്വാഴ്ച്ച നടത്താനും തീരുമാനിക്കുകയുണ്ടായി. ബിനോയിയെ പിതാവ് മരണപ്പെട്ട വിവരം അറിയിക്കാതെ പിതാവിന് അസുഖം കൂടുതലാണെന്നു മാത്രം അറിയിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ആഘോഷങ്ങളില്ലാതെ നടത്തിയ വിവാഹച്ചടങ്ങുകളില്‍ ബന്ധുക്കളും നാട്ടുകാരും ദുഖം അടക്കിയാണ് പങ്കെടുത്തത്. പിന്നീടാണ് ബിനോയിയെ മരണ വിവരം അറിയിക്കുന്നത്. 
                    പക്ഷേ രോഗക്കിടക്കയിലായിരുന്ന അമ്മ മറിയക്കുട്ടി തിങ്കളാഴ്ച രാത്രി മരിച്ചതോടു കൂടി പിതാവിന്റെയും മാതാവിന്റെയും സംസ്കാര ശുശ്രൂഷകള്‍  വിവാഹപന്തലില്‍ നടത്തേണ്ടി വരികയായിരുന്നു. ചൊവാഴ്ച ഉച്ച കഴിഞ്ഞ് ആനക്കാംപൊയില്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന   സംസ്ക്കാരച്ചടങ്ങുകളില്‍ നൂറുകണക്കിനാളുകളാണ് നിറ കണ്ണുകളോടെ പങ്കെടുത്തത്. തുടര്‍ന്ന് ഇരുവരെയും സെമിത്തേരിയിലെ ഒരേ കല്ലറയില്‍ സംസ്ക്കരിക്കുകയായിരുന്നു.