29 ഓഗസ്റ്റ് 2012

മഴയില്‍ കുളിച്ച് തിരുവോണം

                             
          അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട് പക്ഷെ അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നുമില്ല. കാരണം ഇപ്രാവശ്യം അത്തവും കറുത്തു ഓണവും കറുത്തു. കൂടാതെ മറ്റൊരു പ്രത്യേകത കൂടി ഈ ഓണത്തിനുണ്ടായിരുന്നു. അത്തം പത്തിനു പൊന്നോണം എന്നാണ് പറയുക, എങ്കിലും  ഇത്തവണ അത്തം ഒന്‍പതിനായിരുന്നു തിരുവോണം. പൂരാടവും, ഉത്രാടവും അര ദിവസങ്ങളിലായി വന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്.കാലവര്‍ഷം കാലം തെറ്റി പെയ്യുന്ന കാലമായതു കൊണ്ട് പഴമൊഴികള്‍ക്കും തെറ്റു സംഭവിക്കുന്നോ എന്ന് അതിശയിക്കേണ്ട കാരണം ഇങ്ങിനെ സംഭവിക്കാറുള്ളതാണ്. 
പുല്ലൂരാംപാറയില്‍  കെ.സി.വൈ.എം. തയാറാക്കിയ പൂക്കളം
                           കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി മലയോര മേഖലയില്‍ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. രാത്രിയിലും നന്നായി  പെയ്ത മഴതിരുവോണ ദിനമായ ഇന്ന് ഒഴിഞ്ഞു നില്ക്കുമെന്ന് കരുതിയെങ്കിലും തെറ്റിപ്പോയി മഴ പെയ്തു കൊണ്ടേയിരുന്നു. വീടുകളില്‍ പൂക്കളമൊക്കെ ഇട്ടിരുന്നെങ്കിലും ആഘോഷങ്ങളില്ലാതിരുന്നത് ഇന്ന് മലയോര മേഖലയില്‍ ഓണത്തിന്റെ പകിട്ട് കുറച്ചു. ദുരന്തത്തെ അതിജീവിച്ച് കാലത്തിന്റെ വേഗതയ്ക്കൊപ്പം മുന്നോട്ട് പോകാന്‍ പരിശ്രമിക്കുന്ന നാടുകൂടിയായ പുല്ലൂരാംപാറ അക്കാരണം കൊണ്ടു തന്നെ ആഘോഷങ്ങള്‍ കുറച്ചത് ഓണത്തിന്റെ പൊലിമ ഇല്ലാതാക്കി. ഇതിനിടയില്‍  പുല്ലൂരാംപാറയില്‍ കെ.സി.വൈ.എം., തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ തുടങ്ങിയവര്‍ പൂക്കളമിട്ടത് ഓണമെന്ന വികാരം നെഞ്ചിലേറ്റിയവര്‍ക്ക് തെല്ലാശ്വാസവുമായി. കൂടാതെ സി.ഒ.ഡിയുടെ നേത്യത്വത്തില്‍ ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്കായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ഓണസദ്യ വിളമ്പുകയും ചെയ്തത് ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന ആളുകളുടെ കണ്ണീരോര്‍മ്മകള്‍ക്ക് താല്ക്കാലിക വിരാമം നല്കുകയുണ്ടായി.