28 ഓഗസ്റ്റ് 2012

പൂവിളിയുമായി പൊന്നോണം വന്നു

         
       മലയാളികള്‍ക്ക് ഗ്യഹാതുരത്വത്തിന്റെ സ്മരണകളുയര്‍ത്തി വീണ്ടും ഒരു ഓണം കൂടി.  പൂക്കളങ്ങളുടെ പൊലിമയും ഓണസദ്യയുടെ രുചിയും ഓര്‍മ്മിപ്പിക്കുന്ന ഓണക്കാലം. ഓണം എല്ലാവര്‍ ക്കും നല്ല ഓര്‍മകളുടെ പൂക്കളമാണ്. ഓണം ഒരു വികാരമാണ്, ഒരു സംസ്കാരമാണ്, ഒരു ജനതയുടെ ദേശിയാഘോഷം കൂടിയാണ്. തിരക്കു പിടിച്ച ജീവിതത്തിനിടക്ക് നമ്മെ തന്നെ തിരിച്ചറിയാന്‍, സന്തോഷത്തിന്റെ കുറച്ചു ദിവസങ്ങളുമായി പൊന്നോണം വന്നെത്തി. പുല്ലൂരാംപാറ വാര്‍ത്തകളുടെ പ്രിയ വായനക്കാര്‍ക്ക് ഹ്യദയം നിറഞ്ഞ ഓണാശംസകള്‍  നേരുന്നു.
                         ബാല്യകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഓണപ്പരീക്ഷ കഴിഞ്ഞാലെത്തുന്ന അവധിക്കാലവും ഓണപ്പൂക്കാലവും തൂശനിലയിലുള്ള ഓണ സദ്യയും,  മറക്കാന്‍ പറ്റാത്ത ആ ബാല്യകാലം. മലയാളികള്‍ ലോകത്തിന്റെ ഏതു കോണിലായാലും ഓര്‍മ്മിക്കുന്ന സുന്ദരകാലം. പൂക്കളമിട്ടും പൂക്കളമത്സരങ്ങളില്‍ പങ്കെടുത്തും  ആഘോഷിച്ച ആ പഴയ കാലം മുതിര്‍ന്നവരുടെ ഓര്‍മകളില്‍ ഇന്നും സുന്ദരകാലമായി നില നില്‍ക്കുന്നു. കുട്ടികളുടെ പൂക്കള്‍ക്കായുള്ള നെട്ടോട്ടവും പൂക്കളമിടുന്നതിലുള്ള മത്സരവും ഇന്ന് അപ്ര്ത്യക്ഷമായിരിക്കുന്നു. ഊഞ്ഞാല്‍ കണി കാണാന്‍ പോലുമില്ല. എല്ലാവരും ടി വിക്കു മുന്നില്‍ ഓണം ആഘോഷിക്കുന്ന ഇന്നത്തെ കാലം. ഓര്‍മകളുണര്‍ത്തുന്ന ഓണത്തിന്റെ ആനന്ദത്തില്‍  നമുക്ക് നാളെ തിരുവോണ ദിനത്തിനായി കാത്തിരിക്കാം.