25 ഓഗസ്റ്റ് 2012

ഉരുള്‍പൊട്ടല്‍ : കൊടക്കാട്ടുപാറയിലെ ദുരന്തകാഴ്ചകളിലൂടെ


                 ഇക്കഴിഞ്ഞ ദിവസം ജില്ലാ വാര്‍ത്താചാനലായ ടീം വിഷന്റെ  പുല്ലൂരാംപാറ ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള  പ്രത്യേക വാര്‍ത്താപരിപാടിയായ 'ദുരന്തം പെയ്തിറങ്ങിയപ്പോള്‍' കേബിള്‍ ടി.വിയില്‍ പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതില്‍ കൊടക്കാട്ടുപാറയിലെ ഒരു വ്യക്തി ചാനലിനോട് പരിഭവം പറയുന്നത് ഇപ്രകാരമാണ് "ഇവിടെ ഇത്രയും വലിയ ഉരുള്‍ പൊട്ടലുണ്ടായിട്ടും പുറമെ നിന്നും ഒരു മനുഷ്യനോ, വാര്‍ത്താചാനലുകാരോ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. എല്ലാവരും മാവിന്‍ചോട്ടിലെ ദുരന്തക്കാഴ്ചകള്‍ പകര്‍ത്താനായി അവിടെ തമ്പടിച്ചു. ഞങ്ങള്‍ മലയുടെ മുകളിലായതു കൊണ്ട് ആരും ഇങ്ങോട്ടു കയറിയില്ല എല്ലാവരും എളുപ്പം എത്താന്‍ കഴിയുന്ന സ്ഥലത്തു പോയി "


                പുല്ലൂരാംപാറയില്‍  ആദ്യം ഉരുള്‍പൊട്ടിയത് കൊടക്കാട്ടുപാറയിലായിരുന്നു. എല്ലാ വാര്‍ത്താചാനലുകളിലും കൊടക്കാട്ടുപാറയിലെ ഉരുള്‍പൊട്ടലായിരുന്നു ബ്രേക്കിംഗ് ന്യൂസായി പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍ മാവിന്‍ചോട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചു വാര്‍ത്ത വന്നു തുടങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. സ്വാഭാവികമായി കൊടക്കാട്ടുപാറയിലെ ദുരന്തം തല്ക്കാലം വിസ് മ്യതിയിലായി. എന്നാല്‍ കൊടക്കാട്ടുപാറയിലെ ദുരന്തവും വലിയതായിരുന്നു. ചെറുശ്ശേരി മലയുടെ മറുഭാഗമാണ് കൊടക്കാട്ടുപാറ പ്രദേശം. അതായത് മാവിന്‍ ചോട്ടിലേക്കു വന്ന ഉരുള്‍പൊട്ടലിന്റെ  നേരെ എതിര്‍വശത്താണ് കൊടക്കാട്ടുപാറയിലും പൊട്ടിയിരിക്കുന്നത്. കൊടക്കാട്ടുപാറയില്‍  ഉരുള്‍പൊട്ടി  താഴേക്കു പതിക്കുന്നത് പുല്ലൂരാംപാറ പള്ളി മുറ്റത്തു നിന്നവര്‍ കണ്ടിരുന്നു. 


           വൈകിട്ട് നാലേകാലോടെ കൊടക്കാട്ടുപാറയിലെ മേലാടുംകുന്ന് വനമേഖലയില്‍   ഉരുള്‍പൊട്ടിയ ഉടനെ  വിവരം മൊബൈല്‍ ഫോണ്‍ വഴി  മറ്റുള്ളവരെ അറിയിക്കാന്‍ സാധിച്ചതു കൊണ്ടാണ്. വലിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടും കൊടക്കാട്ടുപാറയില്‍ ആളപായം ഒഴിവായത്. പലരും തലനാരിഴക്കാണ് മരണത്തില്‍ നിന്നും രക്ഷപെട്ടത്. ഒഴുക്കില്‍ പെട്ട ആളുകളെ നാട്ടുകാര്‍ തന്നെ രക്ഷിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.


               പിന്നീട് നാലരയോടെ കൊടക്കാട്ടുപാറയിലെ സാംസ്കാരിക നിലയത്തിനു സമീപം കോളനി റോഡിനു മുകളിലായി മറ്റൊരു ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായി.  ഉരുള്‍പൊട്ടലില്‍ വെള്ളവും കല്ലും മണ്ണുമെല്ലാം കുതിച്ചൊഴുകി നിരവധി വീടുകളുകളാണ് ഒലിച്ചു പോയത്. കൂടാതെ പ്രദേശത്തെ നിരവധിയാളുകളുടെ ക്യഷി സ്ഥലങ്ങളും വാഹനങ്ങളും, റോഡുകളും,  ലാന്‍ഡ് ഫോണുകളും, വൈദ്യുത സംവിധാനങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞു.


            കൊടക്കാട്ടുപാറയില്‍ ഏകദേശം നൂറോളം വീടുകള്‍ വാസയോഗ്യമല്ല എന്നാണ് കരുതപ്പെട്ടുന്നത്. പല വീടുകളുടെയും മുറ്റവും, വീടുകളിലേക്ക് എത്തിച്ചേരാനുള്ള വഴികളുമൊക്കെ തകര്‍ന്ന്   ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഇവിടെ ഏകദേശം എട്ടോളം വീടുകള്‍ പൂര്‍ണ്ണമായും, ആറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഈണ്ടിക്കുഴയില്‍ ജോസ്, മുണ്ടക്കാപ്പറമ്പില്‍ മുഹമ്മദ് ഷെരീഫ് എന്നിവരുടെ ഓട്ടോറിക്ഷകള്‍ തകരുകയുണ്ടായി. കൂടാതെ പല വീടുകളിലും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.  ഇവിടെ വീടുകള്‍ക്കും, ക്യഷി സ്ഥലങ്ങള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി അധിക്യതര്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോയിട്ടുണ്ട്.

                    തരിപ്പപ്പൊയില്‍-മേലെ കൊടക്കാട്ടുപാറ റോഡ്, ചെറുശ്ശേരി-കൊടക്കാട്ടുപാറ റോഡ്, തരിപ്പപ്പൊയില്‍- നാരങ്ങാപ്ലാവ് റോഡ്, തരിപ്പപ്പൊയില്‍-മേലാടുംകുന്ന് റോഡ്, മേലാടുംകുന്ന് താഴെ-മുരിക്കുംതൊടി റോഡ് എന്നീ റോഡുകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് ഗതാഗതയോഗ്യ മല്ലാതായിരിക്കുകയാണ്. ഈ റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് വ്യക്തമാക്കിയിരുന്നു.
 ചിത്രങ്ങള്‍ : കെവിന്‍ ടോം