| ആനക്കംപൊയില്‍ പാരീഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് |
ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം ഉപേക്ഷിച്ച് രാത്രിയില്‍ ഓടി രക്ഷപെട്ട ആളുകള്‍ക്ക് താല്ക്കാലിക അഭയകേന്ദ്രങ്ങളായി മാറുന്നു ആനക്കാംപൊയിലിലേയും നെല്ലിപ്പൊയിലിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍. ചെറുശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന നാല്‍പതിലധികം കുടുംബങ്ങളാണ് ആനക്കാംപൊയിലിലെ പാരീഷ് ഹാളിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഉരുള്‍പൊട്ടല്‍ ഭീക്ഷണി നേരിടുന്ന മഞ്ഞുവയലിലെ പൊട്ടന്‍കോട് മേഖലയില്‍ നിന്നുള്ള ഇരുപതോളം കുടുംബങ്ങളാണ് നെല്ലിപ്പൊയില്‍ വിമല യു.പി.സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
അതേ സമയം ഉരുള്‍പൊട്ടല്‍ ഭീക്ഷണിയുള്ള മേഖലകളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലല്ലാതെ ബന്ധു വീടുകളിലും അഭയം തേടിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു മെഡിക്കല്‍ സംഘം സ്ഥിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് , ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ ആനക്കാം പൊയിലിലെ ക്യാമ്പില്‍ ഭക്ഷണം നല്കി. ഇപ്പോള്‍ ഭക്ഷ്ണവും മറ്റും ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ തയാറാക്കുകയാണ് ചെയ്യുന്നത് ഇതിനു വേണ്ട ധനസഹായമടക്കമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നല്കുന്നുണ്ട്. കൂടാതെ റെഡ് ക്രോസ്സ് പോലുള്ള സന്നദ്ധ സംഘടനകള്‍ ദുരിതശ്വാസ ക്യാംപിലുള്ളവരുടെ സഹായത്തിനായി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആനക്കാംപൊയില്‍ പള്ളിയുടെ സഹായത്തോടെയാണ്. ക്യാമ്പുകള്‍ നടന്നു വരുന്നത്. കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്റെ നേത്യത്വത്തിലൂള്ള റവന്യു സംഘത്തിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതയുള്ളത്. എന്നിരുന്നാലും ദുരിതാശ്വാസക്യാമ്പിലൂള്ള ജീവിതം ഇനിയെത്രനാള്‍ വേണ്ടി വരും എന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍.