21 ഓഗസ്റ്റ് 2012

ദുരന്തം ആഘോഷങ്ങള്‍ക്കു വഴിമാറിയപ്പോള്‍...


                        പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് മൂന്നാഴ്ചകള്‍ പിന്നിട്ടിട്ടും. ദുരന്തക്കാഴ്ചകള്‍ കാണാനായി എത്തുന്ന ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന റോഡരികില്‍ തന്നെയുള്ള മാവിന്‍ ചുവട്ടിലെ ഉരുള്‍പൊട്ടല്‍ കാണുവാനായാണ് കൂടുതല്‍ ആളുകള്‍  എത്തുന്നത്. അവധിദിനങ്ങളൂം അതോടൊപ്പം ആഘോഷദിവസങ്ങളും ചേര്‍ന്നു വന്നതോടെ ജില്ലയില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി പതിനായിരക്കണക്കിനാളുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലൂരാംപാറയിലേക്ക് ഒഴുകിയെത്തിയത്. തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരിയും, അരിപ്പാറ വെള്ളച്ചാട്ടവും ഒഴിവാക്കിയാണ് എല്ലാവരും പുല്ലൂരാംപാറയിലേക്ക് എത്തിയത്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്കെന്ന പോലെയാണ് ആളുകള്‍  ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ദിനം കഴിയുന്തോറും ജനപ്രവാഹം വര്‍ദ്ധിച്ചു വരുന്നതിനാല്‍  ഇപ്പോള്‍ ഇവിടെ താല്ക്കാലിക ലഘുഭക്ഷണശാലകള്‍ വരെ ആരംഭിച്ചിട്ടുണ്ട്.


               പുല്ലൂരാംപാറയുടെ   ചരിത്രത്തില്‍ ഇതു വരെയും അനുഭവപ്പെടാത്ത അഭൂതപൂര്‍വ്വമായ ജനപ്രവാഹത്തിനാണ് ഈ ദിവസങ്ങളില്‍ പ്രദേശം സാക്ഷിയായത്. ആഘോഷകാലമായതു കൊണ്ടും രണ്ടു ദിവസമായി തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടതും കൂടാതെ ഉരുള്‍പൊട്ടലിനു കാരണം അപൂര്‍വമായ മേഘസ്ഫോടനമാണെന്ന പ്രചാരണവും  ജനത്തിരക്കിനു കാരണമായി. പ്രദേശത്തേക്കുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നു വന്നത് വിവിധ അങ്ങാടികളില്‍ ഗതാഗതക്കുരുക്കു സ്യഷ്ടിച്ചു. 


        പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകുന്നതിനാല്‍ ദുരന്തക്കാഴ്ചകള്‍ കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ ഇലന്തുകടവില്‍ പോലീസ് തടയുന്നുണ്ടായിരുന്നു. ഇവിടെ ഇലന്തുകടവു ഭാഗത്തും,  നെല്ലിപ്പൊയില്‍ റോഡിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിച്ചിരുന്നു. ഇതു മൂലം റോഡിനിരുവശവും    കിലോ മീറ്ററുകളോളം നീളത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതു കാണാമായിരുന്നു. ബൈക്കുകളിലും കാറുകളിലും ഓട്ടോ റിക്ഷകളിലും  ടെമ്പോ ട്രാവലറുകളിലും ടാക്സികളിലുമായി  കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള പതിനായിരക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളില്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയത്. രാവിലെ ആറുമണി മുതല്‍ ആരംഭിച്ച വാഹനപ്രവാഹം കാല്‍നട പോലും ദുസ്സഹമാക്കുന്ന രീതിയില്‍ രാത്രി വരെ നീണ്ടു നിന്നു.


           ഈ ദിവസങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ ജനപ്രവാഹം പ്രദേശത്തെ ജനങ്ങള്‍ക്ക്  ഇപ്പോള്‍ ശല്യങ്ങള്‍  സ്യഷ്ടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സ്യഷ്ടിക്കുക, പരിസരവാസികളുടെ  പറമ്പുകളില്‍ നിന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുക,  പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുക, ആരോടും അനുവാദം ചോദിക്കാതെ വീടുകളിലും പറമ്പുകളിലും കയറിച്ചെല്ലുക. എന്നീ പ്രശ്നങ്ങള്‍ കൂടി ഇപ്പോള്‍ ദുരന്തനഷ്ടങ്ങള്‍ക്കു പുറമെ ഇവിടുത്തുകാര്‍ അനുഭവിക്കേണ്ടി വരുന്നു.