ഭാരതത്തിന്റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു. രാവിലെ ഒന്‍പതു മണിക്ക് സ്കൂള്‍ മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ പ്രതിജ്ഞയെടുക്കുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു.
ഔദ്യോഗിക ചടങ്ങുകള്‍ക്കു ശേഷം ഹയര്‍ സെക്കണ്ടറി സ്കൂളിലെയും, യു.പി.സ്കൂളിലെയും കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ദ്യശ്യ മനോഹരമായ മാസ്സ്ഡ്രില്‍ സ്വാന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മിഴിവേകി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ സ്കറിയാ മാത്യു, യു.പി.സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് എം.സി.മേരി, ഷാജി മാത്യു പുത്തന്‍വീട്ടില്‍, ഷാജി കണ്ടത്തില്‍, ബാബു തീക്കുഴിവയലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ നീതു പ്രേമരാജന് ക്യാഷ് അവാര്‍ഡ് സമ്മാനിക്കുകയുണ്ടായി. കൂടാതെ ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍, യു.പി., എല്‍.പി. സ്കൂളുകളിലെ ഒരോ ക്ലാസുകളിലെ ഓരോ വിഷയത്തിലും പഠനത്തില്‍ മികവു പ്രകടിപ്പിച്ച കുട്ടികള്‍ക്കും സന്‍മാര്‍ഗ്ഗം, വേദപാഠം എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും എന്‍ഡോവ്മെന്റുകള്‍ നല്കുകയുണ്ടായി. യു.പി.സ്കൂളിലെ എഡ്ന എന്ന കുട്ടിയുടെ ഇംഗ്ലീഷ് പ്രസംഗം ശ്രദ്ധേയമായി. കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളോടെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു സമാപനമായി.





