ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും ഇടവക ജനങ്ങളുടെ പുരോഗതിക്കായി അക്ഷീണം പരിശ്രമിച്ച പുരോഹിതന്‍, തന്നെഭരമേല്‍പ്പിച്ച ഇടവക ജനങ്ങളെ ദൈവ വിശ്വാസത്തിലൂടെ വഴിനടത്തിയ വികാരി തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അതീതനായ ജോസ് മണിമലത്തറപ്പിലച്ചന്‍ ദൈവത്തിന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട് നമ്മോട് വേര്‍പിരിഞ്ഞു.
തലശ്ശേരി അതിരൂപതയുടെ മേലധക്ഷ്യനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവില്‍ നിന്നും 1964ല്‍ പൌരോഹിത്യം സ്വീകരിച്ച ശേഷം തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയില്‍ അസ്സിസ്റ്റന്റ് വികാരിയായാണ്. റവ.ഫാ.ജോസ് മണിമലത്തറപ്പില്‍ പൌരോഹിത്യ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് തലശ്ശേരി, താമരശ്ശേരി രൂപതകളിലെ ചെറുപുഴ, മുള്ളന്‍കൊല്ലി, ശിശുമല, അങ്ങാടിക്കടവ്, വായാട്ടുപറമ്പ്, പുല്ലൂരാംപാറ, തോട്ടുംമുക്കം, കുണ്ടുതോട്, കോട്ടക്കല്‍, തേഞ്ഞിപ്പലം, ചേവായൂര്‍, കൂടരഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും എരഞ്ഞിപ്പാലം കരുണാഭവന്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പള്ളികളും പാരീഷ് ഹാളുകളും നിര്‍മിക്കാന്‍ അച്ചന്‍ മുന്‍കൈ എടുത്തു. ഇടവകകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ ഊന്നിയത്. ശിശുമല, ചേവായൂര്‍, തേഞ്ഞിപ്പാലം എന്നീ ഇടവകകളിലെ ദേവാലയ നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിച്ചു.
1986ല്‍ പുല്ലൂരാംപാറ ഇടവക വികാരിയായ അദ്ദേഹം പൊരുന്നോലില്‍ അച്ചന്‍ തുടക്കമിട്ട ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കി വെഞ്ചരിക്കുകയുണ്ടായി. ഇടവകാ ജനത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കായി പരിശ്രമിച്ച അച്ചന്‍
കരിസ്മാറ്റിക് നവീകരണത്തില്‍ പ്രചോദിതനായിരുന്നു. ഇടവകയില്‍ മദ്യ നിരോധന
പ്രസ്ഥാനങ്ങള്‍ക്കു നേത്യത്വം നല്കുകയുണ്ടായി പള്ളിയുടെ സമീപത്തെ ചാരായ
ഷാപ്പ് 12 മണിക്കൂര്‍ അച്ചന്‍ ഉപവാസം അനുഷ്ഠിച്ച് ജനകീയ പ്രക്ഷോഭത്തിലൂടെ
അടപ്പിക്കുകയുണ്ടായി. ഇടവകയില്‍ പുതിയ സെമിത്തേരി പണിയുകയുണ്ടായി ഹൈസ്കൂള്‍ കോര്‍പറേറ്റ് മാനേജ്മെന്റില്‍ ലയിപ്പിച്ചു, പുല്ലൂരാംപാറയില്‍ ഹോളിക്യൂന്‍ ആശുപത്രി ഇടവക തിരികെ വാങ്ങി രൂപതാ മൈനര്‍ സെമിനാരിക്കായി വിട്ടുകൊടുത്തു തോട്ടുംമുഴിയില്‍ പുതിയ കുരിശുപള്ളി സ്ഥാപിച്ചു. പഴയ പള്ളി പാരീഷ് ഹാളാക്കി മാറ്റി. ഇടവകയുടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വം നല്കിയ അദ്ദേഹം 1991 ല്‍ തോട്ടുമുക്കത്തിന് സ്ഥലം മാറി പോവുകയുണ്ടായി.
കൂടരഞ്ഞി വികാരിയായായ അദ്ദേഹം കൂടരഞ്ഞി ഹൈസ്കൂളിനു വേണ്ടി പുതിയ മൂന്നു നില കെട്ടിടം നിര്‍മിക്കുകയും സെമിത്തേരി ചാപ്പലിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പള്ളിയുടെ മുന്‍വശത്ത് മാതാവിന്റെഗ്രോട്ടോ സ്ഥാപിക്കുകക യുണ്ടായി. കൂടാതെ ഇടവകയ്ക്കായി പുതിയ പാരീഷ്ഹാള്‍ നിര്‍മിക്കുകയുമുണ്ടായി അദ്ദേഹത്തെ നാട്ടുകാര്‍ വികസന നായകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
2007ല്‍ മെയ് 6ം തീയതി കോഴിക്കോട് നഗരത്തില്‍ പാറോപ്പടി ദേവാലയ വികാരിയായി ചുമതലയേറ്റ അദ്ദേഹം ദേവാലയ വളപ്പില്‍ പച്ചക്കറി ക്യഷി ചെയ്ത് നഗരത്തിനു മാത്യകയായി കോഴിക്കോട് നഗരത്തില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു സെമിത്തേരി എന്ന ആവശ്യത്തിനായി അക്ഷീണം പ്രയത്നിച്ചു വരുന്നതിനിടയിലാണ് അച്ചന്‍ നമ്മോട് വിടവാങ്ങിയത്.