22 ജൂലൈ 2012

ഏതു ടി.വി. വാങ്ങണം LCDയോ, LEDയോ, അതോ Plasmaയോ ?

                  
    1925 ഒക്ടോബര്‍ 2ന് ഒരു പാവയുടെ പ്രതിബിംബത്തെ തന്റെ താമസ സ്ഥലത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് വിജയകരമായി അയച്ചതോടെ ജോണ്‍ ലോഗി ബെര്‍ഡ് എന്ന സ്കോട്ട് ലണ്ടുകാരന്‍ മനുഷ്യരാശിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ടെലിവിഷന്‍ എന്ന ഉപകരണത്തിന്റെ കണ്ടു പിടുത്തത്തിനു നിദാനമാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ മറ്റേതു രംഗത്തൂള്ളതു പോലെ തന്നെ ടെലിവിഷനും വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയില്‍ തുടങ്ങി കളര്‍ ടിവി, സെമി ഫ്ലാറ്റ് ടിവി, ഫ്ലാറ്റ് ടിവി, സ്റ്റീരിയോ ടിവി.,ഡിജിറ്റല്‍ ടിവി., പ്രൊജക്ടര്‍ ടിവി, LCD ടിവി, LED ടിവി, Plasma ടി.വി, DLP TV, ഹൈഡെഫനിഷന്‍ LCD/LEDടിവി,OLED ടിവി എന്നിങ്ങനെ ത്രീഡി ടി.വി.യില്‍  വരെ എത്തി നില്ക്കുമ്പോള്‍, പഴയ കാലഘട്ടത്തില്‍ നിന്നും വിത്യസ്തമായി ആധുനികമായ കാലഘട്ടത്തിലേക്കെത്തിയപ്പോള്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുക്കാന്‍ നിരവധി മോഡലുകളാണ് ഇന്നു വിപണിയില്‍ ലഭ്യമായിരിക്കുന്നത്. പഴയ ബ്ലാക്ക് ആന്‍ഡ്  വൈറ്റ് ടിവിക്കു പകരക്കാരനായി എത്തിയ കളര്‍ (CRT)  ടി.വിയെയും കവച്ചു വെച്ച് വൈഡ് സ്ക്രീന്‍ എല്‍.സി.ഡികളും, എല്‍.ഇ.ഡികളും, പ്ലാസ്മാ, ത്രീഡി ടെലിവിഷനുകളുമാണ് ഇന്ന് വിപണി വാഴുന്നത്.

              തൊണ്ണൂറുകളുടെ ആദ്യം നരസിംഹറാവു ഗവണ്‍മെന്റ് നടപ്പിലാക്കിയ സമൂഹ്യ-സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബ്രോഡ് കാസ്റ്റിംഗ് രംഗത്തുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ പ്രേഷകരുടെ എണ്ണത്തില്‍ പതിന്‍ മടങ്ങ് വര്‍ദ്ധനയാണുണ്ടാക്കിയത്. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകളില്‍   ചാനലുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും, സംപ്രേഷണ രംഗത്തുണ്ടായ മാറ്റങ്ങളും പ്രേഷകരുടെ എണ്ണത്തെ സ്വാധീനിച്ചപ്പോള്‍  ഇന്ത്യയില്‍ ടെലിവിഷന്‍ സെറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു. ലോകത്തെ മികച്ച ടെലിവിഷന്‍ വിപണിയായി ഇന്ത്യ വളര്‍ന്നപ്പോള്‍ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ പരമാവധി വിലക്കുറവില്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ പരിശ്രമിച്ചു. വില കേട്ടാല്‍ ഞെട്ടുന്ന കാലം കഴിഞ്ഞതോടെ കച്ചവട രംഗവും ചൂടു പിടിച്ചു.
          ഇന്നു വിപണിയില്‍ പണ്ടു കാലത്തെ അപേക്ഷിച്ച് നിരവധി മോഡലുകളിലും ടെക്നോളജിയിലുമുള്ള ടെലിവിഷന്‍ സെറ്റുകള്‍ ലഭ്യമാണ്. അതു കൊണ്ടു തന്നെ ഏതു തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ അങ്കലാപ്പിലുമാണ്. ഒരു സാധാരണ ഇന്ത്യന്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരികുന്ന സി.ആര്‍.ടി. ടെലിവിഷന്റെ അവസാന അവതാരങ്ങളായ ഫ്ലാറ്റ്ടിവി, സ്ലിം ടിവി    തുടങ്ങിയ മോഡലുകള്‍ മേടിച്ച് ത്യപ്തിയടയുവാനാണ് ശ്രമിക്കുന്നതെങ്കിലും. ഈ അടുത്ത കാലങ്ങളില്‍ LCD പോലുള്ള പുതു തലമുറ ടെലിവിഷനുകളിലേക്ക് ധാരാളം ഉപഭോക്തക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇത് സി.ആര്‍.റ്റി ടെലിവിഷനുകളുടെ വില്പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവയുടെ ഒതുക്കവും ദ്യശ്യമേന്മയും, സൌകര്യം പോലെ ഭിത്തിയിലോ മേശപ്പുറത്തോ സ്ഥാപിക്കാമെന്നതും, സ്ക്രീന്‍ സൈസ് ഉയര്‍ന്നതും ശരിക്കും വിപണിയില്‍ വിപ്ലവം  തന്നെ സ്യഷ്ടിക്കുന്നു. നിലവിലുള്ള ടിവി. മാറി വാങ്ങുന്നവര്‍  LCDയിലോ LEDയിലോ ആണ്. കൈ വെയ്ക്കുന്നത്. അതു പോലെ നിലവിലുള്ള LCD ടിവി മാറ്റി ത്രീഡി ടിവി വാങ്ങുന്നവരുമുണ്ട്.


        
                                                      LCD TV
     LCD ഡിസ്പ്ലേ ടെക്നോളജി (Liquid Crystal display)ഉപയോഗിക്കുന്ന ടെലിവിഷന്‍ സെറ്റുകളാണ് LCD TV കള്‍. ഈ ടെക്നോളജിയില്‍ സ്ക്രീനുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നില്ല. LCD പാനലിനു പുറകിലായി സ്ഥാപിച്ചിട്ടുള്ള CCFL (കോള്‍ഡ് കാഥോഡ്  ഫ്ലൂറസെന്റ് ലാംപ്) ആണ് LCD TV യില്‍ ലൈറ്റിംഗിനായി ഉപയോഗിക്കുന്നത്.

      നേട്ടങ്ങള്‍
  • ഏറ്റവും ചെറിയ സ്ക്രീന്‍ സൈസ് മുതല്‍ വലിയ സ്ക്രീന്‍ സൈസിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ വരെ  ഈ ടെക്നോളജിയില്‍ ലഭ്യമാണ്. 
  •  ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഫ്ലാറ്റ് ടിവി സ്ക്രീന്‍
  •  ഫ്ലാറ്റ് ടിവി മോഡല്‍
  • കനം കുറഞ്ഞ് ഒതുക്കമുള്ളതാണ്
  •  ഭിത്തിയില്‍ സ്ഥാപിക്കാന്‍ സാധിക്കും.
  •  കുറഞ്ഞ വൈദ്യുതി ഉപയോഗം 
  •  LED ടി.വി, Plasma ടി.വിയെ അപേക്ഷിച്ച് ഭാരക്കുറവ്.
  •  താരതമ്യേന വിലക്കുറവ്
  • 100000 മണിക്കൂര്‍ ലൈഫ് സ്പാന്‍ .
  •  പ്ലാസ് മാ ടിവിയുടെ അതേ സൈസിലുള്ള മോഡലുകളേക്കാള്‍ മെച്ചപ്പെട്ട റെസൊലൂഷന്‍  നല്കുന്നു.
  •  പുറത്തു നിന്നുള്ള വെളിച്ചത്തെ സ്ക്രീന്‍ റിഫ്ലക്റ്റ് ചെയ്യുന്നില്ല.
  •  പ്ലാസ്മ ടിവിയെക്കാള്‍ മെച്ചപ്പെട്ട വ്യൂവിംഗ് ആംഗിള്.
  • വിലക്കുറവുള്ള HD Ready, അതേ സമയം മികച്ച പിക്ചര്‍ നല്കുന്ന FULL HD  എന്നീ മോഡലുകളുടെ ലഭ്യത.
  • പ്ലാസ്മ ടിവി,ബാക്ക് ലിറ്റ് LED ടിവിയെക്കാള്‍ കുറഞ്ഞ വൈദ്യുത ഉപയോഗം .
      കോട്ടങ്ങള്‍
  • Contrast റേഷ്യോ കുറവാണ്.
  • ഇക്കോ ഫ്രണ്ടലി അല്ല. ലൈറ്റിംഗിനായി ഉപയോഗിക്കുന്ന CFLല്‍ മാരകമായ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം.
  • കൂറഞ്ഞ വിലയുടെ മോഡലുകളിലൂള്ള പിക്സല്‍ (Dead or Stuck) പ്രശ്നങ്ങള്‍.
  • LED TV യെ അപേക്ഷിച്ച് പിക്ചര്‍ ക്വാളിറ്റി കുറവ്.
  •  പുതിയ മെച്ചപ്പെട്ട LED TVയോടു കിടപിടിക്കുന്ന മോഡലുകകള്‍ക്കുള്ള വിലക്കൂടുതല്‍.                
     ആദ്യ കാലങ്ങളില്‍ എല്‍.സി.ഡി. ടിവികളുടെ പിക്ചര്‍ ക്വാളിറ്റി CRT ടിവികളെ അപേക്ഷിച്ച് വളരെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും ഈ രംഗത്തുണ്ടായ ഗവേഷണ ഫലമായി  വളരെ മെച്ചപ്പെട്ട  പിക്ചര്‍ ക്വാളിറ്റി നല്കുവാന്‍  സാധിച്ചിട്ടുണ്ട്. LED TV വിപണിയിലെത്തി  തുടങ്ങിയതോടെ നിറം മങ്ങിയ LCD ടിവികള്‍ പോരായ്മകള്‍ പരിഹരിച്ചു കൊണ്ട് മെച്ചപ്പെട്ട മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്.   
  
                                 
                                         LED TV 
               LCD ടിവിക്കു ശേഷം  വന്ന ടിവികളാണ് LED ടിവികള്‍ എല്‍. ഇ.ഡി ടിവികള്‍ യഥാര്‍ത്ഥത്തില്‍ എല്‍.സി.ഡി. ടിവികള്‍ തന്നെയാണ്.ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ കാര്യമായ വിത്യാസങ്ങള്‍ ഇല്ല. ഇവ LCD  (Liquid Crystal display) ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. പക്ഷേ വിത്യാസമുള്ളത് അവയുടെ ലൈറ്റിംഗ് സൊഴ്സില്‍ മാത്രമാണ്. LCD ടിവില്‍ലൈറ്റിംഗിനായി   പരമ്പരാഗത  CCFL (കോള്‍ഡ് കാഥോഡ്  ഫ്ലൂറസെന്റ് ലാംപ്) ഉപയോഗിക്കുമ്പോള്‍   LED  ടിവില്‍ ലൈറ്റിം ഗിനായി LED ബാക് ലൈറ്റിംഗ്  ഉപയോഗിക്കുന്നു. ഇതു തന്നെ രണ്ടു വിധമാണ്. ഫുള്‍ LED ടിവികളില്‍ ഫുള്‍ അറൈ ബാക് ലൈറ്റിംഗും LED ലിറ്റ്  ടിവികളില്‍ എഡ്ജ് ബാക് ലൈറ്റിംഗും ഉപയോഗിക്കുന്നു.

 Full LED  (Full-Array BackLight)  - പാനലിനു പുറകില്‍ LED ബള്‍ബുകള്‍ ലൈറ്റിംഗിനായി നിരനിരയായി അടുക്കി വെച്ചിരിക്കുന്ന രീതിയാണ്. ഇവയാണ് ഏറ്റവും മികച്ച പിക്ചര്‍ നല്കുന്ന ടിവികള്‍.
LED Lit (Edge BackLight) - പാനലിനു നാലു വശത്തും സ്ഥാപിച്ചിട്ടുള്ള LED ബള്‍ബുകള്‍ ഉപയോഗിച്ച് സ്ക്രീനിലേക്കു പ്രകാശിപ്പിക്കുന്ന രീതിയാണ്. ലൈറ്റ്  വശങ്ങളില്‍ നിന്നും വരുന്നതിനാല്‍ പിക്ചര്‍ ക്വാളിറ്റിയെ ബാധിക്കുന്നു.
    
      നേട്ടങ്ങള്‍
  •  മെച്ചപ്പെട്ട Contrast
  • മികച്ച വ്യൂവിംഗ് ആംഗിള്‍.
  • LED,Plasma യെക്കാള്‍ ആയുര്‍ദൈര്‍ഘ്യം .
  • മികച്ച പിക്ചര്‍ ക്വാളിറ്റി.
  • മികച്ച കളര്‍ ബാലന്‍ സിം ഗ് (Deeper Level of Color and Darkness).
  • ഇക്കോ ഫ്രണ്ടലി
  •  ഫ്ലാറ്റ് ടിവി മോഡല്‍
  • കനം കുറഞ്ഞ് ഒതുക്കമുള്ളതാണ്
  •  ഭിത്തിയില്‍ സ്ഥാപിക്കാന്‍ സാധിക്കും.
  •  ഗെയിമുകള്‍ക്ക് ഏറ്റവും യോജിച്ച ഡിസ്പ്ലേ സ്ക്രീന്‍ .
  • LED ലിറ്റ്  ടിവികള്‍ മറ്റേതു ടിവികളേക്കാള്‍  കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു.
  •  അടുത്ത കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ടിവി. സ്ക്രീന്‍ .
  •  കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതോടെ താരതമ്യേന നല്ല വിലക്കുറവില്‍ ലഭിക്കാനുള്ള സാധ്യത.
  • വിലക്കുറവുള്ള HD Ready, അതേ സമയം മികച്ച പിക്ചര്‍ നല്കുന്ന FULL HD  എന്നീ മോഡലുകളുടെ ലഭ്യത.
     കോട്ടങ്ങള്‍
  • തിരഞ്ഞെടുക്കാന്‍ LCD ടിവിയെക്കാള്‍ കുറഞ്ഞ സ്ക്രീന്‍ സൈസ് മോഡലുകള്‍.
  • LCD ടിവിയെക്കാള്‍ വിലക്കൂടുതല്‍ (LED Lit- Edge BackLight  ടിവിക്ക് വിലക്കുറവാണ്)
  • ഫുള്‍ LED ടിവികള്‍ LCDയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു.
  • LEDകള്‍  LCDടിവികളെക്കാള്‍ ഭാരമുള്ളവയാണ് പ്രത്യേകിച്ചും ഫുള്‍ LED(Backlight) ടിവികള്‍
  • LED ടിവികളില്‍ Full LED  (Full-Array BackLight) ടിവികളാണ് മികച്ച ദ്യശ്യാനുഭവം നല്കുന്നത്. LED Lit- Edge BackLight  ടിവി ശരാശരി നിലവാരം മാത്രമാണ്.
                                  പ്ലാസ്മാ ടിവി

             നിലവില്‍ ലോകത്ത് വളരെ കുറച്ചു നിര്‍മ്മാതാക്കള്‍ മാത്രമേ പ്ലാസ്മാ ഡിസ്പ്ലേ ടെക്നോളജി ഉപയോഗിച്ച് ടിവികള്‍ നിര്‍മിക്കുന്നുള്ളു. ഈ ടെക്നോളജിയില്‍ വലിയ ഡിസ്പ്ലെ സ്ക്രീനുകള്‍ മാത്രമേ നിര്‍മിക്കുവാന്‍ കഴിയുകയുള്ളൂ. അതേ സമയം LCD/LED ടെക്നോളജികളില്‍ മൊബൈല്‍ ഫോണ്‍ മുതല്‍ വലിയ ഹോര്‍ഡിംഗ് സ്ക്രീനുകള്‍ വരെ ഏതു വലിപ്പത്തിലുമുള്ള സ്ക്രീനുകള്‍   നിര്‍മിക്കുവാന്‍ സാധിക്കും എന്നതുകൊണ്ട് LCD/LED ഡീസ്പ്ലേ ടെക്കനോളജിയാണ്, ടിവി നിര്‍മാതാക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

     നേട്ടങ്ങള്‍

  • മറ്റു ടിവികളെ അപേക്ഷിച്ച് ഏതു വശത്തു നിന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നു. 
  •  സാധാരണ ടിവികളെ അപേക്ഷിച്ച് ഈ ടെക്നോളജിയില്‍ മാഗ്നറ്റിക് ഫീല്‍ ഡിന്റെ സാന്നിധ്യം. പ്രശ്നമുണ്ടാക്കുന്നില്ല. അതായത് സ്പീക്കറുകളും മറ്റും ഇതിനടുത്തും മുകളിലും സ്ഥാപിച്ചാലും ഒരു കുഴപ്പവുമില്ല.
  •  വലിയ സ്ക്രീനില്‍ സിനിമ കാണുവാന്‍ ഏറ്റവും യോജിച്ച് ടിവി പ്ലാസ്മാ ടിവിയാണ്.

  • കമ്പ്യൂട്ടര്‍ സ്ക്രീനായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും 
  • മികച്ച ദ്യശ്യാനുഭവം നല്കാന്‍ കഴിയുന്നു.
  • ടിവി സിഗ്നലുകളെ അപേക്ഷിച്ച് സാധാരണ അനലോഗ് സിഗ്നലുകളെ മികച്ച ദ്യശ്യമാക്കി മാറ്റാന്‍ കഴിവുണ്ട്.
കോട്ടങ്ങള്‍
  •  കൂടുതല്‍ പ്രകാശം പതിക്കുന്ന മുറികളില്‍ ഡിസ്പ്ലേ മോശമാകുന്നു
  •  കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യം. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം മണിക്കൂര്‍ വരെയെ ഈ ടെക്കനോളജിയില്‍ നിര്‍മാതാക്കള്‍ ടിവിക്ക് ആയുസ് നല്കുന്നുള്ളു.
  •  സൂക്ഷിച്ച് കൈകാര്യം ചെയ്തിലെങ്കില്‍ കേടാകാനുള്ള സാധ്യത കൂടുതല്‍ .
  •  ചാനല്‍ മാറ്റാതെ തുടര്‍ച്ചയായി  വെയ്ക്കുമ്പോള്‍ സ്ക്രീനില്‍ മങ്ങല്‍ ( burn in)അനുഭവപ്പെടുന്നു.
     
       ടിവി വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങള്‍
  1. ടിവി HD Ready അതോ Full HD -ഇന്നു ടിവി വാങ്ങുവാന്‍ പോകുന്ന ആളുകള്‍ സാധാരണ ശ്രദ്ധിക്കാറുള്ള  സാങ്കേതിക പദങ്ങളാണ് ടിവിയുടെ ഡിസ്പ്ലേ HD Ready വേണോ  Full HD വേണോ . ടിവിയുടെ ഡിസ്പ്ലേ 720p റെസലുഷന്‍ ആണ് HD Ready എന്നു പറയാറുള്ളത് അതേ സമയം 1080p റെസൊലുഷനെ Full HD എന്നും പറയുന്നു. സാധാരണയായി നമ്മുടെ കേബിള്‍ ടിവിയില്‍ അനലോഗ് സം പ്രേഷണം സ്റ്റാന്‍ഡാര്‍ഡ് ഡെഫിനിഷനിലും (480p)  സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ സംപ്രേഷണവും ,DTH ഉം 720pറെസൊലുഷനിലാണ് ആണ് ചിത്രങ്ങള്‍ നല്കുന്നത്. അതു കൊണ്ടു തന്നെ. ഇത്തരം സാഹചര്യത്തില്‍  HD റെഡിയിലും കൂടിയ ഡിസ്പ്ലേ ഉള്ള ടിവി വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍  അതേ സമയം DTH പ്ലാറ്റ്ഫോമില്‍  HD ചാനലുകളുടെ സംപ്രേഷണം  ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അത്തരം ഉപഭോക്താക്കള്‍ ക്ക് ഭാവി മുന്‍ കൂട്ടി കണ്ട്  Full HD ടിവി വാങ്ങുന്നതില്‍ തെറ്റില്ല. വീട്ടിലിരുന്ന് സിനിമ കാണുവാന്‍  ബ്ലൂറെ പ്ലെയര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ Full HD ടിവി വാങ്ങിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.
  2. ഇന്‍പുട്ട് പോര്‍ട്ടുകള്‍ പരിശോധിക്കുക - ഇപ്പോള്‍ ഡിവിഡി, ഡിജിറ്റല്‍ റിസീവര്‍, കേബിള്‍ ടിവി എന്നിവയുടെ അനലോഗ് പോര്‍ ട്ട് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പുതിയ ടിവി വാങ്ങുമ്പോള്‍ അവയില്‍  അനലോഗ് പോര്‍ട്ടുകള്‍ ഉണ്ടോയെന്നു പരിശോധിക്കണം. വാങ്ങുന്ന ടിവിയില്‍  ഒരു USB പോര്‍ ട്ടും 2HDMI പോര്‍ട്ടു കൂടി പരിഗണിക്കുകയാണെങ്കില്‍ കുറെ വര്‍ഷത്തേക്ക് ഇനി ടിവി മാറ്റി വാങ്ങേണ്ടതില്ല. കൂടാതെ ഈ പോര്‍ ട്ടുകളുടെ സ്ഥാനം കൂടി പരിഗണിക്കുന്നത് നല്ലതായിരിക്കും. ഭിത്തിയില്‍ ഘടിപ്പിക്കാനുള്ള ഉദ്ദേശത്തോടെ വാങ്ങുന്ന ടിവികളുടെ പോര്‍ട്ടുകള്‍ വശങ്ങളിലാണോയെന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വശങ്ങളില്‍ പോര്‍ട്ടുകള്‍ ഉള്ള ടിവികള്‍ ചോദിച്ചു വാങ്ങുക.
          മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിക്കുന്നവയാണ്. അതേ സമയം കാശ് കൂടുതല്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്കാണെങ്കില്‍  ലക്ഷങ്ങള്‍ വിലയുള്ള  സ്മാര്‍ട്ട് ടിവികള്‍  (ഇന്റര്‍നെറ്റ് റെഡി ടിവികളും,  3D ടിവികളും)  വിവിധ മോഡലുകളില്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.
 സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ 
         ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍