17 ജൂലൈ 2012

ഒത്തിരി കാര്യങ്ങള്‍ക്കായി 'ഇത്തിരി നേരം' : തസ്ലീമിന്റെ ബ്ലോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു..


                 വിവിധ വിഷയങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും, അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ബ്ലോഗ്ഗിംഗ് രംഗത്ത് കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള മലയോര ഗ്രാമമായ  കാരമൂലയില്‍ നിന്നുള്ള   തസ്ലീമിന്റെ 'ഇത്തിരി നേരം' എന്ന ബ്ലോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു. വിദ്യാര്‍ത്ഥികളായ ബ്ലോഗ്ഗര്‍മാര്‍ അപൂര്‍വമായ നമ്മുടെ കൊച്ചു കേരളത്തില്‍ എട്ടാം ക്ലാസു മുതല്‍ ബ്ലോഗ്ഗിംഗ് രംഗത്തു സജീവമായ തസ്ലീം ഇപ്പോള്‍ പ്ലസ്സ് വണ്ണിലെത്തിയെങ്കിലും ബ്ലോഗ്ഗിംഗിനോടുള്ള താല്പര്യത്തില്‍ യാതൊരും കുറവും വരുത്തിയിട്ടില്ല.
                    സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണാശ്ശേരിയിലെ ബി.ആര്‍.സി. യില്‍ വെച്ച് 2008 സെപ്തംബര്‍ മാസം നടത്തിയ ഐ.ടി. ക്യാമ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബ്ലോഗ്ഗിംഗ് ആരംഭിച്ച തസ്ലീം, മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ടെക്നോളജി സംബന്ധമായും, ബ്ലോഗ്ഗിംഗിനെക്കുറിച്ചും  വളരെയധികം കാര്യങ്ങള്‍ മനസിലാക്കുവാനും, ഒരു പാട് നല്ല സുഹ്യത്തുക്കളെ പരിചയപ്പെടാനും സാധിച്ചു എന്നതിലുള്ള സന്തോഷം ഇത്തിരിനേരത്തിലൂടെ  പങ്കുവെയ്ക്കുന്നുണ്ട്.

ഇത്തിരി നേരം
             തസ്ലീം തനിക്ക് ശരിയെന്നുതോന്നുന്ന എല്ലാ കാര്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പ്രത്യേകിച്ചും തന്റെ തന്നെയോ, അനിയത്തിയുടേതോ ആയ കുറിപ്പുകളും, കവിതകളും കൂടാതെ വിനോദങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ. മുക്കത്തെ മുസ്ലീം ഓര്‍ഫനേജിന്റെ കീഴിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പലായ വാപ്പ അബ്ദുവും കാരമൂലയില്‍ ഗവ. സ്കൂള്‍ ടീച്ചറായ ഉമ്മ നഫീസയും, അനിയത്തി ശിഫയും  തസ്ലീമിന്റെ ബ്ലോഗിംഗിന് എല്ലാവിധ പിന്തുണയും നല്കി പുറകിലുണ്ട്.
                   നിരവധിയാളുകളാണ് ദിനം തോറും തസ്ലീമിന്റെ ബ്ലോഗ് സന്ദര്‍ശിക്കാറുള്ളത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് മാധ്യമം ദിനപത്രത്തിലെ വെളിച്ചം എന്ന പേജില്‍ തസ്ലീമിന്റെ ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. ഇതാണ് തന്റെ ബ്ലോഗ്ഗിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് തസ്ലീം പറയുന്നു. 'ഇത്തിരി നേരം' സന്ദര്‍ശിക്കുന്ന അധ്യാപകരുടെയും, ബ്ലോഗ്ഗര്‍മാരുടെയും അഭിപ്രായങ്ങള്‍ ഉത്തേജനമായി പഠനത്തിന്റെ തിരക്കിനിടയിലും ബ്ലോഗ്ഗിംഗ് സജീവമായി തുടരാന്‍ തസ്ലീമിനെ പ്രേരിപ്പിക്കുന്നു.

' ഇത്തിരി നേരം '  നമുക്കും സന്ദര്‍ശിക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക