സ്വകാര്യ ബസുകള്‍ പുല്ലൂരാംപാറ വരെ മാത്രം സര്‍വീസ് നടത്തുമ്പോള്‍ ആനക്കാംപൊയിലുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ് മാത്രമേ ആശ്രയമായുള്ളൂ. ആദ്യകാലങ്ങളില്‍ ആനക്കാംപൊയില്‍ എന്നു മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പിന്നീട് കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബോര്‍ഡുകളില്‍ മുത്തപ്പന്‍പുഴ, കരിമ്പ്, മറിപ്പുഴ എന്നീ പേരുകള്‍ കാണുവാന്‍ കഴിഞ്ഞു. ഈ സ്ഥലങ്ങളിലേക്ക് റോഡുകള്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമായെന്നുള്ളത് ഈ മലയോര മേഖലയിലുള്ളവര്‍ പോലും അറിഞ്ഞത് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടാന്‍ തുടങ്ങിയപ്പോഴാണ്.
വെള്ളരിമല, ഒലിച്ചു ചാട്ടം എന്നിവ മാത്രമാണ് നേരത്തെ ഇവിടെയുള്ളവര്‍ ഈ മലയോരത്ത് വിനോദയാത്രക്ക് പോകാനുദ്ദേശിക്കാറുണ്ടായിരുന്ന സ്ഥലങ്ങള്‍. എന്നാല്‍ ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ട് കാരണം ഇവയൊക്കെ കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ഒലിച്ചു ചാട്ടത്തിലെത്താന്‍ നടന്ന് തന്നെ വേണം പോകാന്‍ വെള്ളരിമലയിലേക്കാണെങ്കില്‍ മൂന്നു ദിവസം കാട്ടിനുള്ളിലൂടെ സഞ്ചരിക്കേണ്ടി വരും. എന്നാല്‍ ഈ മലയോരമേഖലയില്‍ താമസിക്കുന്നവര്‍ കാണാത്തതും പുറമെ നിന്നും വന്നവര്‍ കണ്ടുപിടിച്ച ഒരു കാര്യമുണ്ട്, ഈ മലയോരത്തിന്റെ വശ്യമായ സൌന്ദര്യവും നാട്ടിന്‍ പുറത്തിന്റെ ശാന്തതയും. ഇവിടെ താമസിക്കുന്നവര്‍ക്ക് ഈ നാട് സ്ഥിരപരിചിതമായതിനാല്‍ വലിയ പ്രത്യേകതയൊന്നും തോന്നാറില്ല എന്നാല്‍ ഇതൊന്നും കാണാത്ത ആള്‍ക്കാര്‍ ഇവിടെയെത്തുമ്പോള്‍ ഇതെല്ലാം അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് കാണാം. ഇങ്ങനെ ഇപ്പോള്‍ പുറമെ നിന്നും ആള്‍ക്കാര്‍ കൂടുതലായി എത്തുന്നത് മറിപ്പുഴയിലേക്കാണ്. അതിനു കാരണം ഇവിടെ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാം എന്നതുകൊണ്ടാണ്, മുത്തപ്പന്‍പുഴയില്‍ നിന്നും മനോഹരമായ സഡക് റോഡിലൂടെ 1.9 കി.മീ സഞ്ചരിച്ചാല്‍ മറിപ്പുഴയിലെത്താം. വലിയ കേറ്റങ്ങളില്ലാതെ നിരവധി വളവുകളും ചുറ്റും മനോഹരമായ മലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതുമായ റോഡിലൂടെയുള്ള യാത്രയാണ് മറിപ്പുഴയുടെ സൌന്ദര്യം. കാടിന്റെ സൌന്ദര്യം നാട്ടിന്‍ പുറത്ത് നിന്ന് തന്നെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് മറിപ്പുഴയുടെ പ്രത്യേകതയായി എടുത്തു പറയാന്‍ കഴിയുന്ന കാര്യം.
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍.