08 ജൂലൈ 2012

ക്യഷിഭവനുകളില്‍ കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചു


                   കാര്‍ഷിക രംഗത്ത് മാറ്റത്തിന് തിരി തെളിച്ചു കൊണ്ട് ക്യഷിഭവനുകളില്‍ കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചു. മലയോര പഞ്ചായത്തുകളായ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി എന്നിവിടങ്ങളിലെ ക്യഷിഭവനുകളില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ജൂലൈ 16 വരെയാണ് അപേക്ഷ ക്യഷിഭവനുകളില്‍ സ്വീകരിക്കുന്നത്. ക്യഷിഭവനുകളില്‍ നിന്നും ലഭിക്കുന്ന ധന സഹായം ഇനി കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ലഭിക്കും. ധന സഹായം കൈപ്പറ്റുന്നതിനായി ക്യഷിഭവന്‍ കയറിയിറങ്ങേണ്ട എന്നത് ഈ രജിസ്ട്രേഷന്‍ കൊണ്ടുള്ള നേട്ടമാണ്. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മാത്രമേ ഇനി ക്യഷിഭവനുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. അപേക്ഷാഫോമുകള്‍ ക്യഷിഭവനുകളില്‍ നിന്നും സൌജന്യമായി ലഭിക്കും.  അപേക്ഷയോടൊപ്പം ഭൂനികുതിയടച്ചതിന്റെ രശീത്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത്, ബാങ്ക് പാസ്സ് ബൂക്കിന്റെ മുന്‍വശത്തെ പേജ് എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കേണ്ടതാണ്. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയില്‍ കര്‍ഷകര്‍ അവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കൈവശമുള്ള ഭൂമിയുടെ അളവ്, ക്യഷി ചെയ്ത വിളകള്‍  അവയുടെ എണ്ണം അല്ലെങ്കില്‍ വിസ്തീര്‍ണ്ണം എന്നിവ രേഖപ്പെടുത്തേണ്ടതാണ്.