![]() |
| ആകാശത്തിന്റെ ഇന്നത്തെ ദ്യശ്യം |
ജൂണ്‍ മാസവും കഴിഞ്ഞു നല്ലൊരു മഴ ഇതുവരെയും കാണാന്‍ കഴിഞ്ഞില്ല. ഈ മഴയൊക്കെ എങ്ങോട്ടു പോയി? നിഷ്ക്കളങ്കമായി ചോദിക്കാവുന്ന ഒരു ചോദ്യമാണ്. ദിനപത്രങ്ങളില്‍ മെയ് മാസം മുതല്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കും, ഈ വര്‍ഷം മഴക്ക് യാതൊരു കുറവൊന്നുമുണ്ടായിരിക്കില്ല, അടുത്ത രണ്ടാഴ്ച കനത്ത മഴയായിരിക്കും എന്നിങ്ങനെയൊക്കെ. എന്തായാലും രണ്ടു ദിവസമായി ആകാശം നല്ലപോലെ തെളിഞ്ഞ് മഴയില്ലാതെ നില്‍ക്കുകയാണ്. രണ്ടു ദിവസം മുന്‍പ് പത്രത്തില്‍ കാലാവസ്ഥാ അറിയിപ്പുണ്ടായിരുന്നു അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്ന്. ഈ പ്രവചനം മഴ അറിഞ്ഞിട്ടാണൊന്നറിയില്ല നേരത്തെ ഉണ്ടായിരുന്ന മഴക്കാറു പോലും ഇപ്പോള്‍ ആകാശത്ത് കാണാനില്ല. ഇന്നത്തെ കാലഘട്ടത്തില്‍ കാലാവസ്ഥാ പ്രവചനം, പഴയ സിനിമയിലൊ ക്കെ കാണുന്ന പോലെ ഇന്നു മഴയുണ്ടാകുമോയെന്ന് ചോദിക്കു മ്പോള്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്ന് മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കി മറുപടി നല്‍കുന്ന പോലെയല്ല മറിച്ച് ആകാശത്ത് സദാസമയവും കണ്ണു തുറന്ന് ഈ ഭൂമിയെ വീക്ഷിക്കുന്ന നിരവധി ഉപഗ്രഹങ്ങളുടെ സഹായത്താലാണ്. ആകാശത്തെ സ്ഥിതിയും അതിന്റെ മാറ്റങ്ങളും എല്ലാ സമയവും ഇപ്പോള്‍ നമുക്ക് ലഭ്യമാണ്. ഇങ്ങനെ പുരോഗതി പ്രാപിച്ചെങ്കിലും എന്തായാലും ഒരു കാര്യം പറയാം പ്രവചനങ്ങളൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ല.
