05 ജൂൺ 2012

കുരുന്നുകള്‍ക്ക് പുത്തനനുഭവമേകി പുല്ലൂരാംപാറ സ്കൂളിലെ പ്രവേശനോത്സവം....


       അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേയ്ക്കു രക്ഷിതാക്കളുടെ കൈപിടിച്ചു കടന്നു ചെന്ന  കുരുന്നുകളെ അക്ഷര വിസ്മയത്തിലേക്കു വരവേല്ക്കാന്‍ സംഘടിപ്പിച്ച പ്രവേശനോത്സവം പുത്തനനുഭവമായി മാറി. പുത്തനുടുപ്പിട്ട് ഏറെ കൌതുകത്തോടെ കടന്നു വന്ന നവാഗതരെ ബലൂണുകള്‍ നല്കി സ്വീകരിച്ചതോടെ പ്രവേശനോത്സവത്തിനു ആരംഭമായി. 

          തുടര്‍ന്ന് സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകമായി നിര്‍മിച്ച പെഡഗോഗി പാര്‍ക്കിലേക്ക് ബാന്‍റു വാദ്യങ്ങളുടെയും, വെള്ളയുടുപ്പിട്ട കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും അകമ്പടിയോടെ കുട്ടികളെ ആനയിക്കുകയും ചെയ്തു. വളരെ മനോഹരമായി അലങ്കരിച്ച പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രവേശനോത്സവ ചടങ്ങുകള്‍ കുരുന്നുകള്‍ക്ക് വിസ്മയമേകി. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവ ചടങ്ങ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് മേരി ടീച്ചര്‍, പിറ്റി.എ.പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. നവാഗതരായ കുരുന്നുകള്‍ക്കായി മുതിര്‍ന്ന കുട്ടികള്‍ പ്രവേശനോത്സവ ഗാനങ്ങള്‍ ആലപിക്കുകയും തുടര്‍ന്ന് സമ്മാനങ്ങളും മധുരവും വിതരണം ചെയ്യുകയും ചെയ്തതോടെ പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് സമാപ്തിയായി.