05 ജൂൺ 2012

കാലവര്‍ഷം എത്തി.. എത്തിയില്ല...!

കക്കാടംപൊയില്‍ മലമുകളില്‍ നിന്നും ജൂണ്‍ നാലാം തീയതിയെടുത്ത ചിത്രം
                      കടുത്ത ചൂടില്‍ നിന്നാശ്വാസമേകാന്‍  കാലവര്‍ഷം പതിവു പോലെ ഒന്നാം തീയതി തന്നെ എത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കാലവര്‍ഷം അന്ന് എത്തിയില്ല. ഇനി സ്കൂള്‍ തുറക്കാന്‍ താമസിച്ചിട്ടാണൊ മഴ പെയ്യാതിരിക്കുന്നതെന്നു വിചാരിച്ചെങ്കിലും ഇന്നലെ രാവിലെ ആ പ്രതീക്ഷയും തെറ്റി. സാധാരണ വിദ്യാലയങ്ങള്‍ തുറക്കുന്ന ദിവസം തന്നെ മഴ പെയ്ത് കൂട്ടികളെല്ലാം ആദ്യ ദിവസം തന്നെ നനഞ്ഞു കുളിച്ച് വിദ്യാലയങ്ങളില്‍ എത്തുന്ന കാഴ്ച ഏതായാലും ഈ പ്രാവശ്യം  മലയോര മേഖലയില്‍ ദ്യശ്യമായില്ല. പക്ഷെ ഇന്നലെ വൈകുന്നേരം  മാനം കറുത്തു കണ്ടപ്പോള്‍ ആശ്വസിച്ചു കാലവര്‍ഷം എത്തിയെന്ന്, തുടര്‍ന്ന് പെയ്ത മഴയും ആ വിശ്വാസം അരക്കിട്ടുറപ്പിച്ചു. എന്നാല്‍ ഇന്നു പകല്‍ ആകാശം മേഘാവ്യതമായിരുന്നെങ്കിലും വൈകുന്നേരത്തോടെ മാനം തെളിഞ്ഞതോടെ ഈ പെയ്ത മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ലായിരുന്നോ എന്ന സംശയം ജനിപ്പിച്ചു. വേനല്‍മഴ സാമാന്യം തരക്കേടില്ലാതെ കിട്ടിയതു കൊണ്ട് ജലക്ഷാമമോ, വരള്‍ച്ചയൊ ഈ പ്രാവശ്യം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല ആയതിനാല്‍ കാലവര്‍ഷം താമസിച്ചാല്‍ തന്നെയും കുറച്ചു ദിവസത്തേക്കെങ്കിലും കുഴപ്പമില്ലാതെ കഴിയാം. ടി.വിയില്‍ ഇപ്പോള്‍ വരുന്ന അറിയിപ്പ് പ്രകാരമാണെങ്കില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിയെന്നാണ്, എന്നാല്‍ ഇന്നത്തെ ദിവസം കഴിയുമ്പോള്‍ ഒരു കാര്യം പറയാന്‍ കഴിയും കാലവര്‍ഷം എത്തി.. എത്തിയില്ല....!