30 ജൂൺ 2012

തിരുവമ്പാടിയുടെ ഗതാഗത കുരുക്കിന് ആശ്വാസമാകുന്നു..


           വികസന വഴിയിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന തിരുവമ്പാടി ടൌണിന്റെ ശാപമായിരുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമേകിക്കൊണ്ട് കുരിശുപള്ളി മുതല്‍ ഓമശ്ശേരി റോഡിനിരു വശത്തുമുള്ള കെട്ടിടങ്ങള്‍  ഭാഗികമായി പൊളിച്ച്  റോഡിന് വീതി കൂട്ടി തുടങ്ങി. ഇതോടു കൂടി തിരുവമ്പാടിയുടെ വികസനക്കുതുപ്പിന് കരുത്തേറുകയാണ്. പൊതുമരാമത്ത് വകുപ്പ് ഒരു കോടിയിലധികം രൂപ ചിലവഴിച്ച് തിരുവമ്പാടി പഞ്ചായത്തോഫീസ് മുതല്‍ പോലീസ് സ്റ്റേഷന്‍ വരെയുള്ള റോഡ്  10 മീറ്റര്‍ വീതിയില്‍ റോഡിനിരുവശത്തും നടപ്പാതയും, ഓവുചാലും ഉള്‍പ്പെടെ   നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കുരുശുപള്ളി മുതലുള്ള റോഡ് വീതി കൂട്ടിക്കൊണ്ടിരിക്കുന്നത്.

             തിരുവമ്പാടി ടൌണിലെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും  മറ്റും പരിഹരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വേനല്‍ മഴയില്‍ പോലും ടൌണിലെ കടകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ പ്രശ്നത്തിന് ഒരു പരിധിവരെ ആശ്വാസമാവുമെന്നാണ് കരുതപ്പെടുന്നത്. ഓവുചാല്‍ നിര്‍മാണത്തിന്റെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മഴക്കാലമെത്തിയതു കൊണ്ടു തന്നെ നിര്‍മാണ പ്രവര്‍ത്തികളില്‍ തടസ്സം നേരിടുന്നുണ്ട്. ടൌണ്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍  പഞ്ചായത്ത് രൂപവത്കരിച്ച കമ്മറ്റിയുടെ മേല്‍ നോട്ടത്തിലാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.