| സി.മോയിന്‍ കുട്ടി എം.എല്‍.എ. ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു |
സ്വര്‍ണ്ണ വര്‍ണ്ണവും, തേനിന്റെ മധുരിമയും, ഹരം പിടിപ്പിക്കുന്ന മധുരവുമുള്ള ചക്കപ്പഴം എത്ര കഴിച്ചാലും മതിവരില്ല. പുഴുക്കേടില്ലാത്ത ആരോഗ്യദായകമായ ചക്ക ഒരു കാലത്ത് കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തതു തന്നെയായിരുന്നു. പക്ഷേ പിന്നീടെപ്പോഴോ ചക്ക നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങി.... നഷ്ടപ്പെട്ടുപോയ ആ ചക്ക സംസ്ക്കാരം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടു കൊണ്ട്, തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ടൌണ്‍ ജെ.സി.ഐ തിരുവമ്പാടിയും സംയുക്തമായി ജൂണ്‍ 23ന് സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂളില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം, ചക്കയുടെ മഹിമ വിളിച്ചോതുന്നതായിരുന്നു. ചക്കയുടെ ഭക്ഷ്യ സാംസ്ക്കാരിക പ്രാധാന്യം പകര്‍ന്നു നല്കിയ ചക്കമഹോത്സവം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു.
| താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മേള സന്ദര്‍ശിക്കുന്നു |
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാവങ്ങളുടെ ദേശീയ ഭക്ഷണമായിരുന്ന ചക്ക. പഞ്ഞമാസങ്ങളില്‍ വിശപ്പടക്കാന്‍ ചക്കയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ചക്കകൊണ്ടുള്ള പലതരം വിഭവങ്ങള്‍ അക്കാലത്ത് വീട്ടമ്മമാര്‍ വിളമ്പുമായിരുന്നു. പുതിയതലമുറയ്ക്ക് ചക്ക തികച്ചും അന്യം തന്നെയായിട്ടുള്ള ഈ കാലഘട്ടത്തില്‍ ചക്കയിലൂടെ പുതിയ ആരോഗ്യ ശീലവും വരുമാന മാര്‍ഗ്ഗവും തേടി ചക്കകളുടെയും ചക്കയുല്‍പന്നങ്ങളുടെയും പ്രദര്‍ശനം, മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ മത്സരം അവയുടെ വില്‍പന, ചക്ക ഉല്‍പന്ന നിര്‍മാണ പരിശീലനം, ചക്കപ്പഴം തീറ്റ മത്സരം, വിവിധ പ്ലാവിന്‍ തൈകളുടെ പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് നടന്നു.
| ചക്കപ്പഴ തീറ്റ മത്സരത്തില്‍ നിന്ന് |
ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍, ക്യഷി വകുപ്പ്, ആത്മ എന്നിവയുടെ സഹകരണത്തോടുകൂടിയാണ്, പരിപാടി നടത്തിയത്, സി.മോയിന്‍ കുട്ടി എം.എല്‍.എ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. ജോസഫ്, ബോസ് ജേക്കബ്, ജേസീസ് മേഖല പ്രസിഡന്റ് രാജേഷ് കുമാര്‍, ചാപ്റ്റര്‍ പ്രസിഡന്റ് കെ.യു. റോയി, സെക്രട്ടറി ചാര്‍ളി തോമസ്, ജെ.പി.സി. ഡാനിയേല്‍ , ക്യഷി ഓഫീസര്‍ പി പ്രകാശ്, അജു എമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മേള സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു.
ചക്ക മഹോത്സവത്തിന്റെ കൂടുതല്‍ ദ്യശ്യങ്ങള്‍
ഫോട്ടോ : രാജന്‍ കല്ലുരുട്ടി