സംസ്ഥാന ക്യഷി വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന 'ജൈവഗ്രാമ പദ്ധതി'യിലൂടെ പുതിയൊരു കാര്‍ഷിക സംസ്കാരം രൂപം കൊള്ളുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികള്‍. ഈ പ്രതീക്ഷ സഫലമാകുന്നതിന് തുടക്കം കുറിച്ചിരിക്കുന്നത് ആനക്കാംപൊയിലിലെ കരിമ്പ്, പൂമരത്തും കൊല്ലി എന്നിവിടങ്ങളിലെ നൂറു ഹെക്ടര്‍ ക്യഷിയിടം പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതിലൂടെയാണ്.
അമിതമായ രാസവള, കീടനാശിനി പ്രയോഗങ്ങള്‍ മണ്ണിന്റെ ഘടനയിലും മനുഷ്യന്റെ ശരീരത്തിലും നാശം വിതക്കുന്നു എന്ന സത്യം കര്‍ഷകരിലേക്കെത്തിച്ചുകൊണ്ടും ഓരോ പ്രദേശത്തിന്റെയും രീതികളും ഭൂമിശാസ്ത്രപരമായ കിടപ്പും പരിഗണിച്ചു കൊണ്ടും ജൈവ സമ്പ്രദായത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു വരിക എന്ന ശ്രമകരമായ ദൌത്യത്തിനാണ് സംസ്ഥാന ക്യഷി വകുപ്പ് ഇവിടെ ആരംഭം കുറിച്ചിരിക്കുന്നത്.
132 ഗുണഭോക്താക്കളുളള ഈ പദ്ധതിയില്‍ 10 ലക്ഷം രൂപ പദ്ധതിക്കു വേണ്ടി ചിലവിടുന്നുണ്ട്, കൂടാതെ 47500 രൂപ ബോധവല്‍കരണ പ്രവര്‍ത്തനത്തിനും പഠനയാത്രക്കുമായി അനുവദിച്ചിട്ടുമുണ്ട്. 22 ഹെക്ടറില്‍ കൊക്കോ, 20 ഹെക്ടറില്‍ തെങ്ങ്, 24 ഹെക്ടറില്‍ വാഴ, 18 ഹെക്ടറില്‍ ജാതി, 10 ഹെക്ടറില്‍ കിഴങ്ങു വര്‍ഗം, 5 ഹെക്ടറില്‍ കമുക്, 1 ഹെക്ടറില്‍ പച്ചക്കറി ക്യഷി എന്നിങ്ങനെയാണ് കാര്‍ഷിക മേഖലാ വിഭജനം നടത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ക്യഷി മൂന്നായി തിരിച്ചു. പഴവര്‍ഗ വിഭാഗം, സുഗന്ധവിള വിഭാഗം, കിഴങ്ങുവര്‍ഗ വിഭാഗം എന്നിങ്ങനെ തിരിച്ച് മാംഗോസ്റ്റിന്‍, ഗ്രാഫ്റ്റ് മാവ്, ഏത്തവാഴക്കന്ന്, ജാതിതൈ, കൊക്കോതൈ, ചേന വിത്ത് എന്നിവയുടെ വിതരണവും നടത്തി.
മണ്ണ് പരിശോധന നടത്തി ഓരോ പ്രദേശത്തേക്കും ആവശ്യമായ വളം നിര്‍ണയിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. ആയിരം കിലോ ജീവാണു വളം, ജൈവ വളം, പച്ചില വള വിത്ത്, കുമിള്‍ നാശിനി എന്നിവ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ് തു. ജൈവ വളം, ജൈവ കീടനാശിനി, 'പഞ്ചഗവ്യം' എന്ന കാര്‍ഷിക ടോണിക് എന്നിവ ഉണ്ടാക്കുന്നതിനുള്ള പരിശീലനം ക്യഷി വകുപ്പ് നല്‍കി. മണ്ണിര കംപോസ്റ്റ്, ജൈവക്യഷിയിലേക്ക് മാറുമ്പോഴുണ്ടാകുന്ന വിളവു നഷ്ടം എന്നിവയ്ക്കു സഹായം നല്‍കി.
ജില്ലാ ക്യഷി ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ.മുഹമ്മദ്, അസി. ഡയറക്ടര്‍ ഡോ.ടി.വി.രാജേന്ദ്രലാല്‍, തിരുവമ്പാടി ക്യഷി ഓഫീസര്‍ പി.പ്രകാശ്, ക്യഷി അസ്സി.ഹരികുമാര്‍, സി.ബിജു എന്നി ഉദ്യോഗസ്ഥരാണ് പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചെയര്‍മാനായി പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ബാബു കളത്തൂരും രക്ഷാധികാരിയായി കരിമ്പ് ഇടവക വികാരി ഫാ. മനോജ് കൊല്ലം പറമ്പിലും കണ്‍വീനറായി സണ്ണി പടപ്പനാനിയും ജോയിന്റ് കണ്‍വീനറുമാ രായി സണ്ണി പിണക്കാട്ട്, ജെയ്ന ഈറ്റക്കുന്നേല്‍, വിന്‍സന്റ് അടക്കാപ്പാറ, രാജേഷ് ഓലിപ്പറമ്പില്‍ എന്നിവര്‍ നേത്യത്വം വഹിക്കുന്ന ജനകീയ സമിതിയും ജൈവഗ്രാമ പദ്ധതിക്ക് മേല്‍ നോട്ടം വഹിക്കുന്നു.