13 മേയ് 2012

അവധിക്കാലം ആഘോഷമാക്കി തീയേറ്ററുകളിലേക്ക് ജനപ്രവാഹം

മുക്കം റോസ് സിനിപാലസ്സില്‍ നിന്നുള്ള ദ്യശ്യം
          അവധിക്കാല ചിത്രങ്ങള്‍ ആഘോഷമാക്കിക്കൊണ്ട് മലയോര മേഖലയിലെ തീയേറ്ററുകളിലേക്ക് ജനപ്രവാഹം  തുടരുന്നു. സംസ്ഥാനത്തെ പ്രമുഖ സിനിമാ റിലീസ് സെന്ററുകളായ മുക്കത്തെ തീയേറ്ററുകളില്‍ അടുത്തയിടെ  റിലീസ് ചെയ്ത മല്ലുസിംഗ്, ഗ്രാന്‍ഡ് മാസ്റ്റര്‍, ഡയമണ്ട് നെക്ളേസ് തുടങ്ങിയ അവധിക്കാല ചിത്രങ്ങള്‍ പ്രേക്ഷകാംഗീകാരം നേടിക്കൊണ്ട് മുന്നേറുകയാണ്. മുക്കം റോസ് സിനിപാലസില്‍ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ  മല്ലുസിംഗ് ആഘോഷ ചിത്രമെന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ട് നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. അതേ  സമയം മുക്കത്തെ ഏക എ.സി. തീയേറ്ററായ ലിറ്റില്‍ റോസില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ തന്നെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായ ഓര്‍ഡിനറി പത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും  നിറഞ്ഞ സദസ്സില്‍ ഇപ്പോഴും  എല്ലാത്തരം  പ്രേക്ഷകരെയും ആകര്‍ഷിച്ച് പ്രദര്‍ശനം തുടരുന്നുണ്ട്.


       മുക്കത്തെ പിസി. തീയേറ്ററില്‍ മെയ് മൂന്നാം തീയതി റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സസ്പെന്‍സ് ത്രില്ലറായ ഗ്രാന്‍ഡ് മാസ്റ്റര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമെന്ന അഭിപ്രായം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്നു. അവസാന സീന്‍ വരെ സസ്പെന്‍സ് നില നിര്‍ത്തിക്കൊണ്ട് തികച്ചും സാധാരണ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധായകനായ ബി.ഉണ്ണിക്യഷ്ണന്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും, ജനറല്‍  വെബ്സൈറ്റുകളിലും മികച്ച അഭിപ്രായമാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നത്.


              മാറുന്ന മലയാള സിനിമയുടെ പുത്തന്‍ പ്രതീക്ഷയായ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഡയമണ്ട് നെക്ളേസ് മുക്കത്തെ അഭിലാഷ് തീയേറ്ററില്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും അംഗീകാരം ഒരേ പോലെ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം പൊതുവെ യുവപ്രേക്ഷകരെയാണ് ആകര്‍ഷിക്കുന്നത്. മലയോര മേഖലയിലെ സിനിമാപ്രേമികള്‍ റിലീസ് സിനിമകള്‍ക്കായി ഏറ്റവും അധികം ആശ്രയിക്കുന്നത് മുക്കത്തെ തീയേറ്ററുകളെയാണ്. അടുത്തയിടെയാണ് മുക്കത്ത് ആധുനിക സൌകര്യങ്ങളോടു കൂടിയ ആദ്യത്തെ എ.സി.തീയേറ്ററായ ലിറ്റില്‍ റോസ് ഉദ്ഘാടനം ചെയ്തത്. കൂടാതെ നഗരങ്ങളില്‍ മാത്രം ലഭ്യമായിരുന്ന  3D സിനിമാസ്വാദനം മുക്കത്ത് ആദ്യമായി ലഭ്യമാക്കിയത്  പി.സി. തീയേറ്ററായിരുന്നു.  മികച്ച സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആധുനിക ദ്യശ്യ ശ്യാവ്യ സങ്കേതങ്ങളൊരുക്കാന്‍ മുക്കത്തെ തീയേറ്ററുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

 വിന്‍ ജോസ് വാഴവറ്റ