വിസാ, മാസ്റ്റര്‍കാര്‍ഡുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ സ്വന്തം ഡെബിറ്റ് കാര്‍ഡ് 'റുപേ' വാണിജ്യ വിനിമയ രംഗത്തു പ്രാവര്‍ത്തികമായി. രാജ്യത്തെ ഇലക്ട്രോണിക് പേയ്മെന്റ്, കാര്‍ഡ് പേയ്മെന്റ് സംവിധാനങ്ങള്‍ വ്യാപകമാക്കുവാനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതി പ്രകാരമാണ്, ഇന്ത്യയുടെ അഭ്യന്തര കാര്‍ഡ് പേയ്മെന്റ് സംവിധാനമായ റുപേ വിപണിയിലെത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പത്തു പ്രധാന ബാങ്കുകള്‍ പ്രൊമോട്ടര്‍മാരായ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (NCPI) റുപേ എന്ന പേരില്‍ ഇന്ത്യയുടെ സ്വന്തം ഡെബിറ്റ് കാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ മദ്ധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ പേയ്മെന്റ് ഗേറ്റ് വേ സംവിധാനങ്ങള്‍ക്കു ബദലായാണ് ഇന്ത്യ സ്വന്തമായി പേയ്മെന്റ് ഗേറ്റ് വേ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
റുപ്പി, പേയ്മെന്റ് എന്നീ വാക്കുകള്‍ സംയോജിപ്പിച്ചാണ് ഇന്ത്യയുടെ ആദ്യത്തെ പേയ്മെന്റ് സംവിധാനത്തിന്. റുപേ എന്നു പേരിട്ടിരിക്കുന്നത്. കാര്‍ഡ് പേയ്മെന്റ് സംവിധാനത്തിലുണ്ടാകാന്‍ സാധ്യതയുള്ള വന്‍ വളര്‍ച്ചയും, രാജ്യത്തിന് സ്വന്തം നിയന്ത്രണത്തിലുള്ള ഒരു കാര്‍ഡ് പേയ്മെന്റ് സംവിധാനത്തിന്റെ ആവശ്യകത ഇവയെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NCPI) റുപേ ഡെബിറ്റ് കാര്‍ഡുകള്‍ തയാറാക്കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ആദ്യ ഘട്ടത്തില്‍ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. സമീപ ഭാവിയില്‍ തന്നെ മറ്റുള്ള പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഈ നെറ്റ് വര്‍ക്കിലെത്തുമെന്നാണു സൂചന.
മറ്റു പ്രത്യേകതകള്‍ - രാജ്യത്തെ തൊണ്ണൂറ്റൊന്നായിരാത്തോളം എ.റ്റിഎമ്മുകളിലും ആറു ലക്ഷത്തിലധികം വരുന്ന വ്യാപാരസ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയില്‍ (POS) ടെര്‍മിനലുകളിലും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കും .
- ബാങ്കുകള്‍ നിലവില്‍ വന്‍ തുക പ്രവേശന ഫീസായി നല്കിയാണ് ആഗോള പേയ്മെന്റ് നെറ്റ് വര്‍ക്കുകളായ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയില്‍ ചേര്‍ന്നിരിക്കുന്നത് എന്നാല്‍ റുപേ നെറ്റ് വര്‍ക്കില്‍ ചേരുന്നതിന് ബാങ്കുകള്‍ക്ക് പ്രവേശന ഫീസില്ല.
- അന്താരാഷ്ട്ര കാര്‍ഡ് പേയ്മെന്റ് നെറ്റ് വര്‍ക്കുകളില്‍ അംഗമാകാന്‍ കഴിയാത്ത രാജ്യത്തെ സഹകരണ ബാങ്കുകള്‍ ക്കും, റൂറല്‍ ബാങ്കുകള്‍ക്കുമൊക്കെ റുപേയിലൂടെ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വ്യാപകമാക്കാന്‍ സാധിക്കും, ഇതിലൂടെ സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്കും ഡെബിറ്റ് കാര്‍ഡ് സേവനം ലഭ്യമാക്കാന്‍ കഴിയും.കൂടാതെ രാജ്യത്തെ എല്ലാ അംഗീക്യത ബാങ്കുകള്‍ക്കും ഏകീക്യത കാര്‍ഡ് സമ്പ്രദായത്തിനുള്ളില്‍ ഒന്നിക്കാനുള്ള അന്തരീക്ഷം സംജാതമാകും
- റുപേ വ്യാപകമാകുന്നതോടെ വിസ മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഇനത്തില്‍ ബാങ്കുകള്‍ വര്‍ഷം തോറും നല്കി വരുന്ന കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം ലാഭിക്കാന്‍ സാധിക്കും.
- സുരക്ഷിതത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സിഗ്നേച്ചര്‍ അധിഷ്ഠിത കാര്‍ഡുകള്‍ക്കു പകരം റുപേ കാര്‍ഡുകള്‍ പിന്‍ അധിഷ്ടിതമായിരിക്കും.
- ആഗോള പേയ്മെന്റ് ഗേറ്റ് വേകള്‍ ഈടാക്കുന്നതിന്റെ പകുതിയോളം തുക മാത്രമേ റുപേ ഈടാക്കുകയുള്ളൂ എന്നത് വിനിമയ രംഗത്ത് രാജ്യത്ത് വിപ്ലവം സ്യഷ്ടിക്കും.
- റുപേയുടെ വരവോടെ പോയിന്റ് ഓഫ് സെയില്‍ (POS) ടെര്‍ മിനലുകള്‍ വഴിയുള്ള കാര്‍ഡ് പേയ്മെന്റുകള്‍ക്ക് ചാര്‍ജ് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നു. ഇത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമാണ്.
- പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ നല്കുമ്പോഴും നിലവിലുള്ള വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ പുതുക്കുമ്പോഴുമൊക്കെ ഇനിമുതല്‍ റുപ്പെ ഡെബിറ്റ് കാര്‍ഡുകളായിരിക്കും ലഭിക്കുക.
- ഇപ്പോള്‍ രാജ്യത്തിനകത്തു മാത്രാമാണ് റുപേ ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗമെങ്കിലും ഉടന്‍ തന്നെ അവ ആഗോള തലത്തിലും ഇന്റര്‍ നെറ്റിലും ഉപയോഗിക്കാന്‍ സാധിക്കും.
റുപേ ഡെബിറ്റ് കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിച്ച്
തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കുവാനും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍
ബാങ്ക് അക്കൌണ്ടു വഴി നല്കുവാനും, ബാങ്ക് ഓഫ് ഇന്ത്യ ' ധന്‍ ആധാര്‍
കാര്‍ഡ് ' എന്ന പേരില്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ പൌരന്‍മാരെയും ബാങ്കിംഗ് ശ്യംഖലയില്‍ കൊണ്ടു വരിക എന്ന
ഉദ്ദേശ്യത്തോടെ റിസര്‍വ് ബാങ്കിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം കാര്‍ഡുകള്‍
പുറത്തിറക്കുന്നത്. റുപേ എ.റ്റി.എം, മൈക്രോ എ.റ്റി.എം. തുടങ്ങിയവയും ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെബിറ്റ്, പ്രീ-പെയ്ഡ് ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഭാവി പദ്ധതികള്‍. യൂറോ നെറ്റാണ് റുപേയ്ക്കാവശ്യമായ സാങ്കേതിക സഹായം നല്കുന്നത് 2011 പകുതി മുതല്‍ ചില ബാങ്കുകള്‍ റുപേ സംവിധാനം വഴി കാര്‍ഡുകള്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു ഇതു വരെ ഏകദേശം രണ്ടു ലക്ഷത്തോളം റുപേ ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്തൊട്ടാകെ വിതരണം നടത്തിയിട്ടുണ്ട്. 2015 ഓടെ രാജ്യത്തെ ഡെബിറ്റ് വിപണിയുടെ അന്‍പതു ശതമാനം പിടിച്ചെടുക്കാനാണ് റുപേ ലക്ഷ്യമിട്ടിരിക്കുന്നത്. അതോടൊപ്പം 2015ല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡും വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു.
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍

