09 മേയ് 2012

കോടഞ്ചേരിയുടെ വൈകുന്നേരങ്ങളെ ആവേശകരമാക്കി സെവെന്‍സ് ഫുട്ബോള്‍ സമാപിച്ചു

ഫൈനല്‍ മത്സരത്തില്‍ നിന്ന്
          കോടഞ്ചേരി യങ് ലയണ്‍സ് സ്പോര്‍ട്സ് ക്ലബ് ഏപ്രില്‍ 22ം തീയതി മുതല്‍ മെയ് അഞ്ചാം തീയതി വരെ കോടഞ്ചേരി ഹയര്‍ സെക്കണ്ടറി  സ്കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച സെവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്  സമാപിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന ഫൈനല്‍ മത്സരത്തില്‍ മൌലാന ഇലക്ട്രിക്കല്‍സ് കണിയാര്‍കണ്ടത്തെ  4-1 നു പരാജയപ്പെടുത്തി  ടൂര്‍ണമെന്റില്‍  ബ്രസീല്‍ ചേന്ദമംഗല്ലൂര്‍ ജേതാക്കളായി. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീല്‍ ചേന്ദമംഗല്ലൂരിന്റെ ഗോള്‍   കീപ്പര്‍ അമീറാണ്. ജേതാക്കള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലിയും കോടഞ്ചേരി സെന്റ് മേരീസ് ഫെറോന വികാരി റവ.ഫാ. ജോസ് ഓലിയേക്കാട്ടിലും റണ്ണേഴ്സപ്പിനുള്ള ട്രോഫിയും പ്രൈസ് മണിയും,അസ്സിസ്റ്റന്റ് വികാരി റവ.ഫാ. ജോമോന്‍ പാട്ടശ്ശേരിയും വിതരണം ചെയ്തു. സമാപന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷിബു പുതിയേടത്ത്, വ്യാപാരി വികസന സമിതി പ്രസിഡന്റ് റോബര്‍ട്ട് അറയ്ക്കല്‍, ക്ലബ് പ്രസിഡന്റ് പി.ജെ മാനുവല്‍, സെക്രട്ടറി ഷാജു കേളംകുന്നേല്‍   എന്നിവര്‍ പങ്കെടുത്തു.


        കോടഞ്ചേരിയുടെ സായാഹ്നങ്ങളെ ഫുട്ബോള്‍ മത്സരത്തിന്റെ  ആവേശത്തിലാഴ്ത്തിയാണ് സെവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചത്. വൈകുന്നേരങ്ങളിലെ സ്ഥിര കാഴ്ചയായിരുന്ന ഫുട്ബോള്‍ കളി അസ്തമിച്ച സമയത്താണ്, കോടഞ്ചേരിയിലെ ആദ്യത്തെ  ക്ലബ്ബു കൂടിയായ യങ് ലയണ്‍സ് ക്ലബ് സെവെന്‍സ് ടൂര്‍ണമെന്റുമായി എത്തുന്നത്. മികച്ച രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്, വളരെയധികം കാണികളെ ആകര്‍ഷിക്കാന്‍ സാധിച്ചു. കോടഞ്ചേരിയുടെ പഴകാല താരങ്ങള്‍  കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശമായി മൈതാനങ്ങളില്‍ നിറഞ്ഞു നിന്നത് കൌതുകമായി. ഒരു കാലത്ത് കോടഞ്ചേരിക്ക് ഫുട്ബോള്‍ ജീവശ്വാസമായിരുന്നു. നഷ്ടപ്പെട്ടു പോയ ആ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന ജനക്കൂട്ടം മത്സരങ്ങളിലേക്ക് ഒഴുകിയെത്തിയത്  ഫൂട്ബോള്‍ കോടഞ്ചേരിക്കാരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല എന്നതിനു തെളിവാണ്.
                             ടൂര്‍ണമെന്റിന്റെ വിവിധ ദ്യശ്യങ്ങളിലൂടെ





കടപ്പാട് : http://www.facebook.com/kodancherry