സ്കൂള്‍ അങ്കണത്തിലെ മരത്തില്‍ ഒരുക്കിയിരിക്കുന്ന ഏറുമാടം |
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടിയേറ്റ അനുസ്മരണ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സ്കൂള്‍ അങ്കണത്തില്‍ 1962നു മുന്‍പുള്ള കൂടരഞ്ഞി ഗ്രാമത്തെ പുനരാവിഷ്കരിച്ചു നിര്‍മിച്ച കുടിയേറ്റ ഗ്രാമം കൌതുകമായി. മെയ് ഒന്നു മുതല്‍ ആറു വരെയുള്ള തീയതികളില്‍ നടന്ന കുടിയേറ്റ അനുസ്മരണ പരിപാടികളുടെ ആദ്യ ദിനത്തില്‍ കുടിയേറ്റ ഗ്രാമത്തിന്റെ ഉദ്ഘാടനം എം.ഐ. ഷാനവസ് എം.പി.യാണ് നിര്‍വഹിച്ചത്. മധ്യ തിരുവതാം കൂറില്‍ നിന്നും മലബാറിന്റെ മലമടക്കുകളിലേക്ക് കുടിയേറിയ ആദ്യ കാല കര്‍ഷകരുടെ വേദനകളുടെയും യാതനകളുടെയും നേര്‍ചിത്രം ഒരുക്കിയ കുടിയേറ്റ ഗ്രാമം സന്ദര്‍ശിച്ചവര്‍ക്ക് ഇവിടം ചരിത്ര സ്മാരകങ്ങളുടെ പുനരാവിഷ്ക്കാരമായി അനുഭവപ്പെടുന്നു.
ഏറുമാടത്തിനു താഴെ സ്ഥാപിച്ചിരിക്കുന്ന കാട്ടുകൊമ്പന്റെ മാത്യക |
കൂടരഞ്ഞിയിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേത്യത്വത്തിലാണ് കുടിയേറ്റ ഗ്രാമം പുനര്‍ നിര്‍മിച്ചിരിക്കുന്നത്. കൂടരഞ്ഞി ഫാര്‍മേഴ്സ് ക്ലബ് പ്രവര്‍ത്തകര്‍ സ്കൂള്‍ അങ്കണത്തിലെ മരത്തിനു മുകളില്‍ നിര്‍മിച്ച മുളകൊണ്ടുള്ള ഏറുമാടവും അതിനടിയിലായി കാര്‍ഷിക വിളകള്‍ പിഴുതെറിയുന്ന കാടുകൊമ്പന്റെ മാത്യകയും അക്കാല ജീവിതത്തിന്റെ ഭയാനക അവസ്ഥയെ സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഇവിടെ നിര്‍മിച്ചിരിക്കുന്ന ഏറുമാടത്തില്‍ സന്ദര്‍ശകര്‍ക്കു കയറുവാനായി വലിയ കോണിയും സ്ഥാപിച്ചിട്ടുണ്ട്.
ആദ്യകാല പള്ളിയും പള്ളിക്കൂടവും |
കുടിയേറ്റക്കാരുടെ ശക്തി സ്ത്രോതസ്സും ആദ്ധ്യാത്മിക കേന്ദ്രവുമായിരുന്ന പള്ളിയുടെ മാത്യക കുടിയേറ്റ ഗ്രാമത്തില്‍ കാണുവാന്‍ സാധിക്കും. അക്കാലങ്ങളില്‍ പള്ളിയായി ഉപയോഗിച്ചിരുന്ന ഷെഡ്ഡ് തന്നെയാണ് പള്ളിക്കൂടവുമായി മാറിയിരുന്നത്. ആദ്യകാലങ്ങളിലെ പള്ളിയുടെ മാത്യക ഇവിടെ പുനര്‍നിര്‍മിച്ചിരിക്കുന്നത് കൂടരഞ്ഞിയിലെ ഒയിസ്ക്ക ഇന്റെര്‍നാഷണലും, കെ.സി.വൈ.എം . യൂണിറ്റുമാണ്.
മക്കാനിയുടെ ഒരു മാത്യക
കാരാട്ടുപാറ സാശ്രയ സംഘം സ്കൂള്‍ അങ്കണത്തില്‍ നിര്‍മിച്ചിരിക്കുന്ന മക്കാനി അഥവാ ചായപ്പീടിക വളരെയേറെ ആളുകളെ ആകര്‍ഷിക്കുന്നു. കുടിയേറ്റ ജനത ഇവിടെ വെച്ചാണ് വിശേഷങ്ങള്‍ പങ്കു വെക്കുകയും മറ്റും ചെയ്തിരുന്നത്. അന്നത്തെ കാലത്തെ മക്കാനിയുടെ തനി പകര്‍പ്പാണ് കുടിയേറ്റ ഗ്രാമം സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത്. മക്കാനിയോടു ചേര്‍ന്ന് അക്കാലത്തെ അടുക്കള ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നുണ്ട്.
വാറ്റുപുരയുടെ ദ്യശ്യം |
ആദ്യകാലകുടിയേറ്റ ജനതയുടെ ഉപജീവന മാര്‍ഗ്ഗങ്ങളിലൊന്നായ തെരുവു തൈലം വാറ്റി വില്ക്കുന്നതിനു വേണ്ടി നിര്‍മിച്ച വാറ്റു പുരയും കുടിയേറ്റ ഗ്രാമത്തിലെ മറ്റൊരാകര്‍ഷണമാണ്. വലിയ ട്രമ്മുകളും ഇവ വെയ്ക്കാന്‍ നിര്‍മിച്ച തറയും തീകത്തിക്കാനുള്ള വിറകുകളും, തെരുവ പുല്ലുമെല്ലാം വാറ്റുപുരയില്‍ കാണാം. കുടിയേറ്റ ഗ്രാമത്തില്‍ ഇതിന്റെ മാത്യക നിര്‍മിച്ചിരിക്കുന്നത് ജോസഫ് കൊല്ലിച്ചിറ, ജോര്‍ജ് പ്ലാക്കാട്ട്, തോമസ് വല്ലനാട്ട്, സെബാസ്റ്റ്യന്‍ മറ്റത്തില്‍ എന്നീ വ്യക്തികളാണ്. കുടിയേറ്റ ഗ്രാമം പുതു തലമുറയ്ക്ക് തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച വേദനകളുടെയും, യാതനകളുടെയും നേര്‍ക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍, ഒരു തലമുറയുടെ അതിജീവനത്തിന്റെ ചരിത്രമാണ് പുനരാവിഷ്ക്കരിക്കപ്പെടുന്നത്.
ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍
ഫോട്ടോ : ആനന്ദ് ജോസ് പഴൂര്‍