04 മേയ് 2012

റവ.ഫാ.എഫ്രേം പൊട്ടനാനിക്കലിന് സ്നേഹപൂര്‍വം യാത്രാ മംഗളങ്ങള്‍ നേരുന്നു.....


    പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍ 2012 മെയ് 5ം  തീയതി ശനിയാഴ്ച മലപ്പുറം ഫെറോന ദേവാലയ വികാരിയായി  സ്ഥലം മാറി പോകുന്നു. 2007 മെയ് 6ം തീയതി അദ്ദേഹം പുല്ലൂരാംപാറ ഇടവക വികാരിയായി ചാര്‍ജ് ഏറ്റെടുത്ത അദ്ദേഹം തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം   പുല്ലൂരാംപാറ ഇടവകയില്‍  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശേഷമാണ് സ്ഥലം മാറി പോകുന്നത്.   ഇടവക ജനങ്ങളുടെ ആത്മീയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്ന അച്ചന്‍ ലളിത ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ദിവസങ്ങളിലും ഇടവക ജനങ്ങള്‍ക്കു വേണ്ടി  പ്രാര്‍ത്ഥനയ്ക്കും, അവരെ കേള്‍ക്കുവാനും അച്ചന്‍ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഓരോ പ്രവര്‍ത്തികളിലും അതിന്റെ വിജയത്തിലും ദൈവത്തിനോടുള്ള നന്ദിയും സ്തുതികളും അര്‍പ്പിക്കുന്നത് അച്ചന്റെ പ്രത്യേകതയായിരുന്നു.
            നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പുല്ലൂരാംപാറയില്‍ അച്ചന്റെ നേത്യത്വത്തില്‍  നടപ്പിലാക്കിയിട്ടുള്ളത്.  ഉന്നത പഠന സൌകര്യത്തിന്റെ അഭാവം മനസ്സിലാക്കിയ അദ്ദേഹം പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന പുല്ലൂരാംപാറയില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന സ്വപനം ​പൂവണിയിക്കാന്‍ നേത്യത്വം നല്കുകയും, മികച്ച ഭൌതിക സൌകര്യങ്ങളുള്ള ഒരു പുതിയ പ്ലസ് ടു കെട്ടിടം നിര്‍മിക്കുകയും ചെയ്തു.  ഈ കെട്ടിടം നാലുനിലകളിലായി പുല്ലൂരാംപാറയില്‍ ഇന്ന് തലയുയര്‍ത്തി നില്ക്കുന്നു. കൂടാതെ യു.പി. സ്കൂളിനു വേണ്ടി നിലവിലുള്ള ഒരു ഭാഗം പൊളിച്ചു കളഞ്ഞ് രണ്ടു നിലകളിലായി നിരവധി ക്ലാസ് റൂമുകളോടു കൂടിയ മികച്ച സ്കൂള്‍  കെട്ടിടം പണിയിക്കാന്‍ സാധിച്ചു എന്നത്  അച്ചന് എടുത്തു പറയാവുന്ന നേട്ടം തന്നെയാണ്.  യു.പി. സ്കൂളിനു വേണ്ടി പാചകപ്പുര നിര്‍മ്മിച്ചു, ഹൈസ്കൂള്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെയെല്ലാം പുറകില്‍ അച്ചന്റെ അധ്വാനവും, പ്രാര്‍ത്ഥനയും  പ്രകടമാണ്. പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിനു വേണ്ട സ്ഥലം വിട്ടു കൊടുത്ത് പുല്ലൂരാംപാറയുടെ വികസനത്തിന്   ചാലക ശക്തിയായി അദ്ദേഹം നിലകൊണ്ടു.

                  ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ അച്ചന്‍  പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. കൊടക്കാട്ടുപാറയില്‍ സ്റ്റേഷന്‍ പള്ളി നിര്‍മിക്കുകയും എല്ലാ ഞായാറാഴ്ചയും ദിവ്യബലി അര്‍പ്പിക്കുവാനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇടവകയിലെ സെമിത്തേരിയുടെ വിസ്ത്യതി  വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു പ്രാവശ്യം നടത്തി. പള്ളിമുറ്റം ടൈല്‍ പതിപ്പിച്ചു, പള്ളിയില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചു. ഇടവക മദ്ധ്യസ്ഥനായ യൌസേപ്പിതാവിന്റെ നൊവേനയും ഊട്ടുതിരുനാള്‍ ആരംഭിച്ചു. കൂടാതെ എല്ലാ വര്‍ഷങ്ങളിലും തുടര്‍ന്നു പോരുവാന്‍ അദ്ദേഹം പരിശ്രമിച്ചു. പൊന്നാങ്കയം, തോട്ടുംമുഴി കുരിശുപള്ളികളില്‍ നൊവേനകളും, ദിവ്യബലി അര്‍പ്പണവും, കുരിശിന്റെ വഴികളുമായി  പ്രദേശത്തെ ജനങ്ങളെ ദേവാലയവുമായി ബന്ധിപ്പിച്ചു നിര്‍ത്തുവാനും അവരുടെ അത്മീയ-ഭൌതിക കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ഇടവകയിലെ ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍  അദ്ദേഹം വളരെയേറെ താല്പര്യമെടുത്തി രുന്നു, സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്കുകയും  വേണ്ട സഹായങ്ങള്‍ നല്കുകയും ചെയ്യുന്നതില്‍  അച്ചന്‍ ശ്രദ്ധാലുവായിരുന്നു.
                             പുല്ലൂരാംപാറയിലെ പാവപ്പെട്ട ആളുകളുടെ ഭവന നിര്‍മാണത്തിനും, പഠനത്തിനും, മരുന്നിനും, വിവാഹം നടത്തുവാനും വേണ്ട സാമ്പത്തിക സഹായങ്ങള്‍ പള്ളിയില്‍ നിന്നും  നല്കുവാന്‍ അച്ചന്‍ പ്രയത്നിച്ചു. ഇക്കാലയളവില്‍   ഇടവക വികാരി എന്ന നിലയില്‍ അദ്ദേഹത്തിനു പ്രദേശത്തു നിരവധിയാളുകള്‍ വഴി ലഭിക്കാതെ കഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കുകയും അയല്ക്കാരനു വഴി നല്കുവാന്‍ ഇടവകയിലെ തന്റെ ജനങ്ങളെ  പ്രേരിപ്പിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ കാര്യങ്ങളില്‍  വളരെയേറെ ശ്രദ്ധാലുവായിരുന്ന അച്ചന്‍ തന്റെ സുഖ സൌകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല.  ഇരുപതു കൊല്ലത്തോളം പഴക്കമുള്ള പള്ളിമുറി അടുത്തയിടയാണ് നവീകരിക്കുകയു ണ്ടായത്. തന്റെ നാല്പത്തഞ്ചു കൊല്ലക്കാലത്തെ പൌരോഹിത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും യാത്രയയപ്പു യോഗങ്ങള്‍ ആഗ്രഹിക്കാത്ത അച്ചന്‍ തന്റെ സേവനങ്ങള്‍ ദൈവവേലയായി കണ്ട് അവയെല്ലം ദൈവത്തിനു സമര്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇടവക ജനങ്ങളുടെ  പ്രാര്‍ത്ഥന കൂടെയുണ്ടെന്ന വിശ്വാസത്തില്‍ പുല്ലൂരാംപാറയോട്  യാത്ര പറയുമ്പോള്‍ അച്ചന് നമുക്ക് സ്നേഹപൂര്‍വം യാത്ര മംഗളങ്ങള്‍ നേരാം.

സിറില്‍  ജോര്‍ജ് പാലക്കോട്ടില്‍ 
     ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍