22 ഏപ്രിൽ 2012

മോണ്‍. ഫ്രാന്‍സിസ് ആറുപറയിലിന് ആദരാഞ്ജലികള്‍


          താമരശ്ശേരി രൂപതയുടെ അഡ്മിനിസ്ട്രേറ്ററും വികാരി ജനറാളുമായിരുന്ന മോണ്‍. ഫ്രാന്‍സിസ് ആറുപറയില്‍ (87) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത് സംസ്കാരം 24ം തിയതി ചൊവ്വാഴ്ച രാവിലെ 9.30ന് ചങ്ങനാശ്ശേരി അതിരൂപതയിലെ മുട്ടാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
              
                 1996-99 കാലഘട്ടത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ വികാരിയായിരുന്നു അന്തരിച്ച മോണ്‍. ഫ്രാന്‍സിസ് ആറുപറയില്‍. താമരശ്ശേരി രൂപതയുടെ അഡ്മിനിസ്ടേറ്റര്‍ പദവിയില്‍ നിന്നാണ് 1996ല്‍ പുല്ലൂരാംപാറയില്‍ വികാരിയായി അദ്ദേഹം സ്ഥാനമേല്ക്കുന്നത്.  പുല്ലൂരാംപാറ യു.പി. സ്കൂളിനു വേണ്ടി പി.റ്റി.എ. യുടെ സഹായത്തോടെ  രണ്ടു നില കോണ്‍ക്രീറ്റ് കെട്ടിടം പണിതതും, പള്ളിയില്‍ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ജനറേറ്റര്‍ സ്ഥാപിച്ചതും, റോഡില്‍ നിന്നും പള്ളിമുറ്റം വരെ ടാര്‍ ചെയ്തതും, അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പുല്ലൂരാംപാറ ഇടവകയില്‍ നടപ്പിലാക്കിയിട്ടുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.


                    
         ചങ്ങനാശ്ശേരി മുട്ടാര്‍ ചീരം വേലില്‍ ആറുപറയില്‍ പരേതരായ സ്കറിയ-റോസമ്മ ദമ്പതികളുടെ മകനാണ് മോണ്‍ ഫ്രാന്‍സിസ് ആറുപറയില്‍. ചങ്ങാശ്ശേരി മൈനര്‍ സെമിനാരി, മംഗലാപുരം മേജര്‍ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പഠനത്തിനു ശേഷം 1958ല്‍  പൌരോഹിത്യം സ്വീകരിച്ച് മാനന്തവാടി കുറുമ്പാല ഇടവകയിലാണ് വികാരിയായി ആദ്യം  സേവനമനുഷഠിച്ചത്. 1993ല്‍ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി നിയമിതനായ അദ്ദേഹം 1994 ല്‍ താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ മങ്കുഴിക്കരി പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്ററായി രൂപതയെ ഒരു വര്‍ഷത്തോളം നയിച്ചു. കോഴിക്കോട് മേരിക്കുന്നില്‍ വൈദിക മന്ദിരം നിര്‍മിച്ചത് ഇക്കാലയളവിലായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി മെത്രാനായിരുന്നപ്പോഴാണ് അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി  മാര്‍പ്പാപ്പ നല്കിയത്. മലയോര കുടിയേറ്റ കേന്ദ്രമായ കോടഞ്ചേരിയില്‍ ഗവെണ്‍മെന്റ് കോളേജ് സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേത്യത്വത്തിലായിരുന്നു. 
                   
              തലശ്ശേരി  അതിരൂപത,  താമരശ്ശേരി, മാനന്തവാടി രൂപതകളില്‍പ്പെട്ട പയ്യംപള്ളി, കിളിയന്തറ, കുളത്തുവയല്‍, മണിമൂളി, മരുതോങ്കര, ചെമ്പേരി, മരിയാപുരം, കോടഞ്ചേരി, പെരുവെണ്ണമുഴി, കല്ലുരുട്ടി, തേക്കുംകുറ്റി, പടത്തുകടവ് ,കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കുപ്പായക്കോട്, തിരൂര്‍ തുടങ്ങിയ ഇടവകളില്‍  വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.