21 ഏപ്രിൽ 2012

മലയോരമേഖലയെ പിടിച്ചുകുലുക്കി ഇടിമിന്നലും പേമാരിയും

നെല്ലിപ്പൊയില്‍ ഭാഗത്ത് വീടിനു മുകളില്‍  മരം വീണ നിലയില്‍
       കഴിഞ്ഞ ദിവസങ്ങളില്‍  മലയോര മേഖലയെ നിശ്ചലമാക്കി  പെയ്ത വേനല്‍ മഴയോടൊപ്പമുണ്ടായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച വൈകുന്നേരം ഏഴു മണിക്കാരംഭിച്ച് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന മഴയും ശക്തമായ ഇടിമിന്നലും അക്ഷരാര്‍ത്ഥത്തില്‍ മലയോര മേഖലയെ പിടിച്ചുകുലുക്കി. മഴയിലും ഇടിമിന്നലിലും  വൈദ്യുതി ഇല്ലാതായത് മലയോരത്തെ ഇരുട്ടിലാഴ്ത്തിയിരുന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ (വെള്ളി) വൈകുന്നേരം മൂന്നു മണിയോടടുപ്പിച്ചുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍  വീടുകള്‍ തകരുകയും വ്യാപക ക്യഷിനാശമൂണ്ടാവുകയും ചെയ്തു. പുല്ലൂരാംപാറ, ആനക്കാംപൊയിലില്‍, പൊന്നാങ്കയം, പുന്നക്കല്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, നൂറാംതോട്, മഞ്ഞക്കടവ്, പൂവാറന്‍തോട്, നായാടംപൊയില്‍, കുളിരാമുട്ടി, കക്കാടംപൊയില്‍  എന്നിവിടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങ ളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


      ആനക്കാംപൊയിലില്‍ വേനല്‍ മഴയോടൊപ്പം ആലിപ്പഴ വര്‍ഷം ഉണ്ടായി. പുന്നക്കല്‍ റോഡില്‍ തെങ്ങു വീണ് ഗതാഗതം തടസ്സപ്പെട്ടു, കാളിയാംപുഴ പൊന്നാങ്കയം ഭാഗങ്ങളില്‍  വൈദ്യുതി ലൈനില്‍ മരം വീണ് വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടു.  മരം വീണും മിന്നലേറ്റും പല സ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോണ്‍ കണക്ഷനുകള്‍ തകരാറിലായിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ്. ചവലപ്പാറ വടക്കേമുറി സജി, നെല്ലിപ്പൊയില്‍ ഐരാറ്റില്‍ ജോസ്, പൂവാറംതോട് പുരമഠത്തില്‍ ജബ്ബാര്‍ എന്നിവരുടെ വീടുകള്‍  ഭാഗികമായി തകര്‍ന്നു.