20 ഏപ്രിൽ 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി


               കാടിനോടും കാട്ടുമ്യഗങ്ങളോടും  പ്രക്യതിദുരന്തങ്ങളോടും  മല്ലടിച്ച് പുല്ലൂരാംപാറ പ്രദേശം കുടിയേറ്റ ജനതയുടെ സ്വപന ഭൂമിയായി വളര്‍ന്നപ്പോള്‍ ആ ഉയര്‍ച്ചയില്‍ അറിവിന്റെ വെളിച്ചത്തിലേക്ക്  നമ്മുടെ നാടിനെ കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വിദ്യാലയമാണ്  പുല്ലൂരാംപാറയിലെ   സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍.  ജാതി മത വര്‍ഗ്ഗ ഭേദമന്യേ ലോകമെങ്ങുമുള്ള പുല്ലൂരാംപാറക്കാരുടെ മനസ്സില്‍ ഓര്‍മകളുടെ മണിമുഴക്കമായി ഗ്യഹാതുര സ്മരണകളില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന, വിദ്യയുടെ പൊന്‍ വെളിച്ചം വിതറിയ നാടിന്റെ അഭിമാനസ്തംഭമായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 30ം തീയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.


           ജൂബിലിയുടെ ഭാഗമായി സ്കൂള്‍ പരിസരത്ത് അറുപത് വ്യക്ഷത്തൈകള്‍ നടുകയും   ഉദ്ഘാടന ചടങ്ങില്‍  വെച്ച് സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ താരു മാസ്റ്ററെ ആദരിക്കുകയും ചെയ്തു. കുട്ടികളുടെ കൈയെഴുത്തു മാസികയായ 'വജ്രജ്വാല' ബ്ലോക്ക് പ്രൊജക്റ്റ് ഓഫീസര്‍  എ.കെ.മുഹമ്മദ് അഷറഫ് പ്രകാശനം ചെയ്തു.


                സ്കൂള്‍ മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, ഓമന വിശ്വംഭരന്‍ മേഴ്സി പുളിക്കാട്ട്,ബിന്ദു ജോണ്‍സണ്‍, കെ.എം മുഹമ്മദലി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനധ്യാപിക എം.സി. മേരി സ്വാഗതവും, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ നന്ദിയും പറഞ്ഞു.
                              ഉദ്ഘാടന ചടങ്ങിന്റെ കൂടുതല്‍ ദ്യശ്യങ്ങള്‍