![]() |
ടാബ് ലറ്റ് പി സി പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ |
കേരള സംസ്ഥാനത്ത് ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്യപ്പെട്ട സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന് മലയോര പഞ്ചായത്തുകളായ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ തുടക്കമായി. ഈ കണക്കെടുപ്പ് കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ ശേഖരിക്കാനായിട്ടാണ് നടത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ എനൂമെറേറ്റേര്‍സ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന ഈ സെന്‍സസില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്.
![]() |
ടാബ് ലറ്റ് പി സി ഉപയോഗിക്കേണ്ട വിധം പരിശീലകന്‍ വിശദീകരിക്കുന്നു |
ടാബ് ലറ്റ് പിസി ഉപയോഗിച്ച് വിവര ശേഖരണം നടത്തുന്ന ഈ കണക്കെടുപ്പിന് എനൂമെറേറ്ററോടൊപ്പം ഒരു ഡാറ്റ എന്ട്രി ഓപറേറ്റര്‍ കൂടി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളെ ബ്ലോക്കുകളായി തിരിച്ച് ഒരു എനൂമറേറ്ററിന് നാലു ബ്ലോക്കുകള്‍ എന്ന രീതിയിലാണ് സെന്‍സസ് ക്രമീകരിച്ചിരിക്കുന്നത്. നാല്‍പത് ദിവസമാണ് ഈ സെന്‍സസിന് അനുവദിച്ചിരിക്കുന്ന സമയം.
![]() |
ടാബ് ലറ്റ് പി സി |
പഞ്ചായത്തുകളിലെ ഓരോ വീടുകളിലും എത്തിച്ചേര്‍ന്ന് വിവരശേഖരണം നടത്തുന്ന ഈ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഗ്രാമ സഭയില്‍ പരിശോധനാവിധേയ മാക്കുന്നതുമാണ്. ഗ്രാമങ്ങളില്‍ ഉടനീളം നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന 'മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി' ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത രീതിയില്‍ വരുത്തിയ മാറ്റം ഇത്തരത്തിലുള്ള വിവരശേഖരണത്തിന് കാരണമായിട്ടുണ്ട്. ഗ്രാമ വികസനത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും
നിലവിലുള്ളവ കാര്യക്ഷമമാക്കുന്നതിനും ഈ വിവര ശേഖരണത്തിന്റെ ക്രോഡീകരണം സര്‍ക്കാരിന് സഹായകര മാകും എന്നത് ഇതിന്റെ നേട്ടമാണ്.
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍