05 ഏപ്രിൽ 2012

അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ ആചരിച്ചു.


                ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയുടെ ഓര്‍മ പുതുക്കി മലയോര മേഖലകളിലെങ്ങും ഭക്തി പൂര്‍വം പെസഹാ ആചരിച്ചു. യേശു ക്രിസ്തു വിശുദ്ധ  കുര്‍ബാന സ്ഥാപിക്കുന്നതിനു മുന്‍പ് 12 ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാത്യക കാട്ടിയതിന്റെ ഓര്‍മ പുതുക്കി രാവിലെ ദേവാലയങ്ങളില്‍  കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രതിഷ്ഠ നടത്തുകയും വൈകുന്നേരം  വരെയുള്ള ആരാധനക്ക് തുടക്കം കുറിക്കുകയും ചെയ്തു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്ക് റവ.ഫാ.  എഫ്രേം പൊട്ടനാനിക്കല്‍ നേത്യത്വം നല്കി. ആയിരക്കണക്കിന് വിശ്വാസികളാണ് പുല്ലൂരാംപാറ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായത്. വൈകുന്നേരം 5 മണിയോടെ ആരംഭിച്ച പൊതു ആരാധനയ്ക്കു ശേഷം ദേവാലയങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു.


        പെസഹാ ആചരണത്തിനായി വീടുകളില്‍ ഇന്ന്  ഇണ്ടറി അപ്പം (പെസഹ അപ്പം) തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു വിശ്വാസികള്‍. ദേവാലയങ്ങളില്‍  വൈകുന്നേരം  നടന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കു ശേഷം ഭവനങ്ങളില്‍ കുടുംബ പ്രാര്‍ത്ഥന നടത്തി. കുടുംബ നാഥന്റെ നേത്യത്വത്തില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുകയും ചെയ്തു.