02 ഏപ്രിൽ 2012

പുല്ലൂരാംപാറയില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് ATM ഉദ്ഘാടനം ചെയ്തു


        പതിറ്റാണ്ടുകളായി പുല്ലൂരാംപാറയിലെ കുടിയേറ്റ ജനതയുടെ ബാങ്കിംഗ് സൌകര്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്ന   സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ നവീകരിച്ച ശാഖയുടെയും, ATM സൌകര്യത്തിന്റെയും ഉദ്ഘാടനങ്ങള്‍ യഥാക്രമം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് , പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  പള്ളി വികാരി റവ ഫാ. എഫ്രേം പൊട്ടനാനിക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു. പുല്ലൂരാംപാറയില്‍ ആദ്യമായാണ് ATM സൌകര്യം ലഭ്യമായിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം  വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും പുല്ലൂരാംപാറക്കാര്‍ക്ക് ഈ സൌകര്യം അന്യമായിരുന്നു  ഇതോടു കൂടി പുല്ലൂരാംപാറക്കാര്‍ക്ക് അക്കൌണ്ടില്‍ നിന്നും  പണം പിന്‍വലിക്കാന്‍ ഇനി അന്യ സ്ഥലങ്ങളിലെ  ATM കളെ ആശ്രയിക്കേണ്ട   ആവശ്യം ഇല്ലാതായിരിക്കുകയാണ്.

    
        കേരളത്തിലെ പ്രൈവറ്റ് സെക്ടറിലുള്ള ബാങ്കുകളില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് ബാങ്കായി മാറിയ  സൌത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 580 ശാഖകളും 3 എക്സ്റ്റെന്‍ഷന്‍ കൌണ്ടറുകളും 375 ATM കളും നിലവില്‍ ഉണ്ട്. 2013ന്നോടു കൂടി ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം   750 ആയി  ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുല്ലൂരാംപാറയിലും പുതിയ ATM സ്ഥാപിച്ചിരിക്കുന്നത്.