27 മാർച്ച് 2012

കക്കാടംപൊയിലില്‍ രാജവെമ്പാലയെ പിടികൂടി

      
       കക്കാടംപൊയില്‍ വാളംതോട് ഗവ.ട്രൈബല്‍ എല്‍.പി. സ്കൂളിനു സമീപത്തുള്ള വീട്ടുപറമ്പില്‍ നിന്നും  രാജവെമ്പാലയെ പിടികൂടി. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് നാട്ടുകാരായ ചില ആളുകള്‍ രാജവെമ്പാലയെ കണ്ടത്, തുടര്‍ന്ന് നിലമ്പൂരുള്ള വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉച്ചയോടു കൂടി വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തിരൂര്‍ സ്വദേശിയായ പാമ്പു പിടുത്തക്കാരന്‍ സ്ഥലത്തെത്തിചേരുവാനുള്ള കാലതാമസം മൂലം വൈകുന്നേരം ആറു മണിയോടെയാണ് രാജവെമ്പാലയെ പിടികൂടുവാന്‍ സാധിച്ചത് പിടികൂടിയ രാജവെമ്പാലയെ  നിലമ്പൂരിലേക്ക്  കൊണ്ടു പോയി. ഇന്നു രാത്രിയോടു കൂടി  രാജവെമ്പാലയെ  നാടുകാണി വനത്തില്‍ കൊണ്ടു വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍അറിയിച്ചു.




       അപൂര്‍വമായി മാത്രം ജനവാസ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന രാജവെമ്പാലയെ കാണുവാന്‍  നൂറുകണക്കിനാളുകളാണ്  വാളംതോട്ടില്‍ തടിച്ചു കൂടിയത്, നിലമ്പൂരിലെ പന്തീരായിരം ഫോറസ്റ്റില്‍ നിന്നാണ്  രാജവെമ്പാല ജനവാസ പ്രദേശത്തെത്തിയിരിക്കുന്നത്.  ഈ പ്രദേശത്ത് ആന, കേഴ,കാട്ടുപന്നി, മലാന്‍, കാട്ടുപോത്ത്, തുടങ്ങിയ   കാട്ടുമ്യഗങ്ങളെ കണ്ടു പരിചയിച്ചിട്ടുള്ള നാട്ടുകാര്‍ക്ക് രാജവെമ്പാലയുടെ വരവ് കൌതുകമായി.  

   കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ  കക്കാടം പൊയിലിലെ വാളംതോട്  മലപ്പുറത്തെ ചാലിയാര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് ജില്ലയിലെ  പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം ഇതിനടുത്താണ്.


ഫോട്ടോ,വീഡിയോ: നോബിള്‍ കിഴക്കുരക്കാട്ട്