ജോസഫ് സാറിന് അഭിമാനിക്കാം, തന്റെ സ്വപ്നമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി മാറിയതില്‍. പുലിക്കയം എന്ന ചെറുഗ്രാമം സംസ്ഥാനത്തെ സ്പോര്‍ട്സ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ദിവസമായിരുന്നു ഇന്ന്. ടി .ടി. ജോസഫ് തോട്ടക്കര എന്ന സായ് യുടെ വോളിബോള്‍ കോച്ച് തന്റെ ജീവിതത്തില്‍ സമ്പാദിച്ച തുക സ്വരുക്കൂട്ടി നിര്‍മ്മിച്ച ഇന്ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ് ഘാടനം സംസ്ഥാന കായിക മന്ത്രിയായ ബഹു. ഗണേഷ് കുമാര്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് നിര്‍വഹിച്ചു.
മന്ത്രിയെ സ്വീകരിച്ചാനയിക്കുന്നു
മലബാര്‍ സ്പോര്‍ട്സ് അക്കാദമി സബ് സെന്ററായി പ്രവര്‍ത്തിക്കുന്ന മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നൂറു കണക്കിന് ജനങ്ങളാണ് പുലിക്കയത്ത് എത്തിച്ചേര്‍ന്നത്. നേരത്തെ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റേഡിയത്തിന്റെ മറു വശത്ത് സജ്ജമാക്കിയ സ്റ്റേജില്‍ കുട്ടികളുടെയും മറ്റും കലാപരിപാടികള്‍ അരങ്ങേറി. കൂടാതെ കോടഞ്ചേരി പഞ്ചായത്ത് മെമ്പര്‍ ഓമന വര്‍ക്കി അവതരിപ്പിച്ച നാടന്‍പാട്ട് ശ്രദ്ധയാകര്‍ഷിച്ചു.
ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നു
വൈകുന്നേരം ആറുമണിയോടെ എത്തിച്ചേര്‍ന്ന മന്ത്രിയെ പുലിക്കയം അങ്ങാടിയില്‍ നിന്നും വാദ്യമേളങ്ങളുടെയും വലിയ ജനാവലിയുടെ അകമ്പടിയോടും കൂടി ആനയിച്ചു. തിരുവമ്പാടി എം.എല്‍.എ. സി. മോയിന്‍ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജോസഫ് സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ. ജോര്‍ജ്ജ് .എം. തോമസ് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഇപ്പോള്‍ കല്പറ്റയില്‍ കോച്ചായി ജോലി ചെയ്യുന്ന ജോസഫ് സാറിനെ അക്കാദമിയുടെ കോച്ചായി നിയമിച്ചതായി പ്രഖ്യാപിക്കുകയും സ്റ്റേഡിയത്തിന്റെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നതായി അറിയിക്കുകയും ചെയ്തു.
കൂടുതല്‍ ദ്യശ്യങ്ങള്‍
തയാറാക്കിയത്
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍