18 ഫെബ്രുവരി 2012

കക്കാടംപൊയില്‍ - നിലമ്പൂര്‍ മലയോര ഹൈവേയിലെ മൂലേപ്പാടം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു

പാലം നിര്‍മാണം പുനരാരംഭിച്ചപ്പോള്‍
      കോഴിക്കോട്,മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കക്കാടംപൊയില്‍-നിലമ്പൂര്‍ മലയോര ഹൈവേയിലെ മൂലേപ്പാടം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. 2007ല്‍ നിര്‍ദ്ദിഷ്ട പാലത്തിന്റെ നിര്‍മാണം പാതി വഴിയില്‍ നിലച്ചിരുന്നു. തുടര്‍ന്ന് ഏകദേശം നാലു കൊല്ലത്തിനു ശേഷം  തടസ്സങ്ങളെല്ലാം മറികടന്ന് പാലം റീ ടെണ്ടര്‍ ചെയ്ത് നിര്‍മാണം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. 

2007ല്‍ പാലം നിര്‍മാണം പാതി വഴിയില്‍ നിലച്ചപ്പോള്‍
     കോഴിക്കോട്-മലപ്പുറം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ നിവാസികളുടെ എക്കാലത്തെയും സ്വപനമായിരുന്നു നിലമ്പൂരിലേക്ക് ഒരു റോഡ്. 2003-05 കാലഘട്ടങ്ങളിലായി കക്കാടംപൊയിലിലെ വാളംതോടില്‍ നിന്നും നിലമ്പൂരിനു സമീപമുള്ള അകമ്പാടത്തെ മൂലേപ്പാടം വരെ റോഡു നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.തുടര്‍ന്ന് മൂലേപ്പാടത്തുള്ള ചാലിയാര്‍ പുഴയുടെ കൈവഴിയായ കുറാന്‍ പുഴയ്ക്കു കുറുകെ പാലത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 

     2007ല്‍ പാലം നിര്‍മാണം പാതി വഴിയില്‍ നില്ക്കേ, പാലത്തിന്റെ മറുഭാഗം വനത്തിലാണ്  സ്ഥിതി ചെയ്യുന്നത് എന്ന വാദം മുറുകുകയും, തുടര്‍ന്ന് പാലം നിര്‍മാണം സ്റ്റേ ആവുകയും ചെയ്തു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി സ്റ്റേ നീക്കുവാന്‍ സാധിച്ചെങ്കിലും കാലതാമസം പാലം നിര്‍മാണത്തെ ബാധിക്കുകയും, പിന്നീട് പാലത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ  എസ്റ്റിമേറ്റ് എടുത്ത്  റീ ടെണ്ടര്‍ ചെയ്ത് ഇപ്പോള്‍ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ ഏകദേശം നാലുകൊല്ലം പിന്നിട്ടിരുന്നു.
ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ദ്യശ്യങ്ങള്‍
    അല്പം ചരിത്രം,കക്കാടംപൊയിലിലെ വാളംതോട് പ്രദേശം മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കക്കാടം പൊയില്‍ മലനിരകളുടെ മറുഭാഗം മലപ്പുറം ജില്ലയിലെ  നിലമ്പൂര്‍ പ്രദേശമാണ്. വാളംതോട്ടില്‍ നിന്നും പഞ്ചായത്താസ്ഥാനമായ അകമ്പാടത്തേക്കോ,നിലമ്പൂരിലേക്കോ നേരിട്ട് പോവുക പ്രയാസമായിരുന്നു. വനപ്രദേശത്തിന്റെ സാമീപ്യവും റോഡിന്റെ ദുര്‍ഘടമായ അവസ്ഥയും കുറാന്‍ പുഴയ്ക്കു കുറുകെ പാലമില്ലാത്തതും മൂലം ജനങ്ങള്‍ക്ക് ഈ വഴി അപ്രാപ്യമായി. തന്മൂലം ഈ പ്രദേശത്തുള്ളവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലമ്പൂരിലേക്കും, അകമ്പാടത്തേക്കും യാത്ര ചെയ്യണമെങ്കില്‍ അരീക്കോടു വഴി എകദേശം 70 കി.മീ. ചുറ്റി സഞ്ചരിക്കണം. ഈ ദൂരക്കൂടുതല്‍ പ്രദേശത്തിന്റെ വികസനത്തെ സാരമായി ബാധിച്ചു തുടങ്ങുക കൂടി ചെയ്തതോടെ കക്കാടംപൊയിലില്‍ നിന്ന് നേരിട്ട് നിലമ്പൂരിലേക്ക് വനപ്രദേശമൊഴിവാക്കി പുതിയ റോഡു നിര്‍മിക്കാന്‍ ആലോചിക്കുകയും ചെയ്തു. ഇതനുസരിച്ച് കക്കാടംപൊയിലില്‍ നിന്നും വെണ്ടേക്കുംപൊയില്‍,മൂലേപ്പാടം വഴി അകമ്പാടത്തേക്ക് പുതിയ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനമായി. ഈ വഴി സഞ്ചരിച്ചാല്‍ കക്കാടംപൊയിലില്‍ നിന്നും 18 കി.മീ. ദൂരം മാത്രമേ നിലമ്പൂര്‍ക്കുള്ളൂ.  പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ് വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും. 2003-05 കാലഘട്ടങ്ങളിലായി  കിഴുക്കാംതൂക്കായ പ്രദേശത്തു കൂടി അകമ്പാടം വഴി നിലമ്പൂരിലേക്ക് മലയോര ഹൈവേയുടെ ഭാഗമായി (കൂടരഞ്ഞി-പൂവാറന്തോട്-വാളന്തോട് - കക്കാടംപൊയില്‍ - അകമ്പാടം - നിലമ്പൂര്‍) റോഡു നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. റോഡ് പണി പൂര്‍ത്തിയായി ആറേഴു കൊല്ലം കഴിഞ്ഞെങ്കിലും  പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന കാലതാമസം മൂലം  ഈ റോഡിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാലം നിര്‍മാണം പുനരാരംഭിച്ചതോടെ പ്രദേശവാസികള്‍ വളരെ പ്രതീക്ഷയിലാണ്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതു വഴി നിലമ്പൂരിലേക്ക് ബസ്സ് സര്‍വീസ് ആരംഭിക്കുവാന്‍ സാധിക്കുമെന്നും അങ്ങനെ തങ്ങളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതത്തിനു പരിഹാരമാകുമെന്നും ഇവിടുത്തുകാര്‍ കരുതുന്നു. 
വെണ്ടേക്കും പൊയില്‍ ഭാഗത്തെ വനത്തിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ.   ഈ ഭാഗത്ത് റീ ടാര്‍ ചെയ്യാന്‍അനുവാദമില്ല
    പാലംനിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് കുറാന്‍ പുഴയ്ക്കു കുറുകെ ചപ്പാത്ത് നിര്‍മിച്ച് ജീപ്പുകളും മറ്റുമുള്ള ചെറിയ വാഹനങ്ങള്‍ ഇപ്പോള്‍ നിലമ്പൂരിലേക്ക് പോകുന്നുണ്ട്. അതേ സമയം ഈ മലയോര പാതയിലെ ചില ഭാഗങ്ങള്‍ വനം വകുപ്പിന്റെ അധീനതയിലായതു മൂലവും, ദുര്‍ഘടമായതു കൊണ്ടും (വെണ്ടേക്കും പൊയില്‍ ഭാഗത്തെ റോഡ്)   റോഡ് വികസിപ്പിച്ച്  ബസ്സ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും  ഒരു വാദം നിലവിലുണ്ട്. അതിനു പകരമായി മുന്‍പ് അകമ്പാടത്തേക്ക് സഞ്ചരിച്ചിരുന്ന, വനപ്രദേശത്തിനു (പന്തീരായിരം ഫോറസ്റ്റ്) സമീപമുള്ള പലകത്തോടു വഴിയുള്ള മണ്‍ റോഡ് വികസിപ്പിച്ചെടുക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
                                                        
                                  മലയോര ഹൈവേ
          (കൂടരഞ്ഞി-പൂവാറന്തോട്-വാളന്തോട് -കക്കാടംപൊയില്‍-അകമ്പാടം-നിലമ്പൂര്‍)

(ഇതില്‍ വാളന്തോടിനും പൂവാറന്തോടിനുമിടയില്‍ വനത്തിലൂടെയുള്ള മൂന്നു  കിലോമീറ്ററടക്കം ആകെ 6 കി.മീ.ദൂരം ടാര്‍ ചെയ്യാനുണ്ട്)

തയാറാക്കിയത്  


സിറില്‍ ജോര്‍ജ്   പാലക്കോട്ടില്‍        
                         കക്കാടംപൊയില്‍ നിലമ്പൂര്‍ മലയോര ഹൈവേയിലെ ചില ദ്യശ്യങ്ങള്‍