14 ഫെബ്രുവരി 2012

മുളങ്കടവ്,മഞ്ഞപ്പൊയില്‍ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

പുന്നക്കലില്‍ വെച്ചു നടന്ന ഉദ്ഘാടന സമ്മേളനം
    മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്  മുളങ്കടവ്, മഞ്ഞപ്പൊയില്‍ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്ത് പുല്ലൂരാംപാറ - പുന്നക്കല്‍ - കൂടരഞ്ഞി മേജര്‍ ഡിസ്ട്രിക്റ്റ് റോഡ് ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച  (ഫെബ്രുവരി13) രാവിലെ 11 മണിക്ക് പുന്നക്കല്‍ അങ്ങാടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങ് മലയോര മേഖലയുടെ ഉത്സവമായി മാറി. സി.മോയിന്‍കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ഐ.ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. മറ്റു ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം മുളങ്കടവ് പാലം ഉദ്ഘാടനം ചെയ്യുന്നു
    പുന്നക്കലില്‍ മഞ്ഞപ്പൊയില്‍ പാലം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രിയും ജനപ്രതിനിധികളും മുളങ്കടവിലെത്തി. തുടര്‍ന്ന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്  നാട മുറിച്ച്  പാലം ഉദ്ഘാടനം ചെയ്തു മടങ്ങി.

ഉദ്ഘാടനം ചെയ്ത മഞ്ഞപ്പൊയില്‍ പാലം
         1983ല്‍ നിര്‍മാണം ആരംഭിക്കുകയും പലകാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോവുകയും ചെയ്ത് പതിറ്റാണ്ടുകള്‍ക്കു ശേഷം പാത പൂര്‍ത്തീകരിക്കപ്പെട്ടത് മലയോര മേഖലയിലെ വികസനത്തിന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്നു. 1കോടി 10ലക്ഷം രൂപ ചെലവഴിച്ചാണ് മുളങ്കടവ് തോടിനും മഞ്ഞപ്പൊയിലില്‍ പൊയിലിങ്ങാ പുഴയ്ക്കും കുറുകെ പാലങ്ങള്‍ നിര്‍മിച്ചത്. സമീപന റോഡുകള്‍ക്കായി 70 ലക്ഷവും വേണ്ടിവന്നു. 7.700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുല്ലൂരാമ്പാറ - പുന്നക്കല്‍-കൂടരഞ്ഞി റോഡ് 2005-ല്‍ പൂര്‍ത്തിയായതാണെങ്കിലും പാലങ്ങളില്ലാത്തതിനാല്‍ ഏഴുവര്‍ഷമായി റോഡ് പ്രയോജനമില്ലാതെ കിടക്കുകയായിരുന്നു. റോഡ് ഗതാഗതയോഗ്യമായതോടെ കോടഞ്ചേരി ആനക്കാംപൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്താനാകും. അടിവാരം - പുല്ലൂരാമ്പാറ, നിലമ്പൂര്‍- കക്കാടംപൊയില്‍ - കൂടരഞ്ഞി റോഡുകള്‍ കൂടി പൂര്‍ത്തിയായാല്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും. പാലം ഉദ്ഘാടനത്തിനൊപ്പം അടിവാരം -അരീക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ഇതു വഴി സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

തയാറാക്കിയത് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍