| ബാബു സാര്‍ വിദ്യാര്‍ത്ഥികളോടൊപ്പം |
കൊട്ടും കുരവയും ആഘോഷവും ആര്‍ഭാടവുമില്ലാതെ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ വിദ്യാലയത്തിലെ ശാസ്ത്ര അധ്യാപകന്‍ ബാബു സാറിന്റെ പ്രോത്സാഹനത്തില്‍ തുടങ്ങിയ ഈ ചെറിയ സംരംഭം ഇന്ന് വളരെ വലിയ മാനങ്ങള്‍ തേടുകയാണ് . പരമ്പരാഗത ക്യഷികള്‍ നഷ്ടപ്പെട്ട് മനസു മടുത്ത് കുടിയിറങ്ങിയ, ഒരു കാലത്ത് കക്കാടംപൊയിലില്‍ പൊന്നു വിളയിച്ച കര്‍ഷകരുടെ പിന്‍മുറക്കാരുടെ പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി അതിന് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കത്തക്ക ആഴത്തിലുള്ള പഠനവും, പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പ്രായോഗിക പരിഹാരങ്ങളുടെ ഭാഗമായി ക്യഷിയേയും മണ്ണിനെയും സ്നേഹിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനുള്ള പരിശ്രമം,അതിനുതകുന്ന വിവിധ പ്രവര്‍ ത്തനങ്ങളുടെ ക്രോഡീകരണം, ഇതെല്ലാം ഈ പ്രദേശത്തു നിന്ന് കുടിയിറങ്ങിക്കൊണ്ടിരിക്കുന്ന കാര്‍ഷിക പെരുമയെ പിടിച്ചു നിര്‍ത്തുവാനും നനച്ചു വളര്‍ത്തുവാനും സഹായകമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഇന്ന് സംശയമില്ല.
ഈ വിദ്യാലയത്തിലെ 9ം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു സജി നടത്തിയ മണ്ണിന്റെ മനസ്സറിഞ്ഞ് എന്ന പഠനം കക്കാടംപൊയിലിന്റെ കാര്‍ഷിക പാരമ്പര്യത്തെകുറിച്ചും കാര്‍ഷിക സാധ്യതകളെക്കുറിച്ചും മറ്റു വികസന മേഖലകളെക്കുറിച്ചും സര്‍വ്വോപരി ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കക്കാടംപൊയിലിനുള്ള വൈശിഷ്ടത്തിലേക്കും വെളിച്ചം വീശുന്ന ആഴത്തിലുള്ള പഠനമാണ്. (ഈ പഠനത്തിന് മുക്കം സബ് ജില്ലാ സ്കൂള്‍ ഐ.ടി.മേളയില്‍ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കിട്ടുകയുണ്ടായി) ഈ പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ ക്രിയാത്മകമായി അപഗ്രഥിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഈ പത്താം വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെ നമുക്കു പരിചയപ്പെടാം.
1.ഇവിടുത്തെ സവിശേഷ കാലാവസ്ഥയെയും, പുഷ്പക്യഷിക്കുള്ള സാധ്യതകളെ മനസ്സിലാക്കി, തിരഞ്ഞെടുത്ത 8 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വയനാട്ടിലെ അമ്പലവയലില്‍ വെച്ച് ബഡ്ഡിങ്ങില്‍ പ്രത്യേക പരിശീലനം നല്കി. ഇപ്പോള്‍ അവരുടെ നേത്യത്വത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ബഡ്ഡിങ്ങ് പരിശീലനം നല്കി വരുന്നു. ഇതില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളിലൂടെ ഉത്സാഹവും അധ്യാപകരുടെ പ്രോത്സാഹനവും വര്‍ണ്ണപുഷ്പങ്ങള്‍ വിരിയിച്ച വിദ്യാലയ അങ്കണത്തിലെ കൊച്ചു പൂന്തോട്ടം പ്രതീക്ഷയുടെ പുത്തന്‍ വര്‍ണ്ണങ്ങള്‍ മണ്ണിനെയും ക്യഷിയെയും സ്നേഹിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ വിരിയിക്കുവാന്‍ പര്യാപ്തങ്ങളാണ്.
2.ജൈവ ക്യഷി പ്രോത്സാഹനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അയ്യായിരത്തോളം പച്ചക്കറി തൈകള്‍ പാകി മുളപ്പിച്ച് വിതരണം ചെയ്യുകയുണ്ടായി ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ കാണിച്ച ഉത്സാഹം പുതിയ തലമുറയ്ക്ക് ക്യഷിയിലും മറ്റും താല്പര്യമില്ലെന്ന് പറയുന്ന ഉദാസീനമനസ്ക്കര്‍ക്കുള്ള നിശ്ശ്ബ്ദ മറുപടിയാണ്. പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഇക്കഴിഞ്ഞ നവംബര്‍ 30ന് റവ.ഫാ.രജീഷിന്റെ അധ്യക്ഷതയില്‍ പി.റ്റി.എ.പ്രസിഡന്റ് ജോഷി കൂമ്പുങ്ങല്‍ നിര്‍വഹിക്കുകയുണ്ടായി. വിദ്യാലയത്തിലെ പച്ചക്കറി നടീല്‍ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ സൂസമ്മ മാത്യുവും ബഡ്ഡിങ്ങ് പരിശീലനം എം.പി.റ്റി.എ. പ്രസിഡന്റ് ജാന്‍സി ജോയിയും നിര്‍വഹിക്കുകയുണ്ടായി തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ക്യഷി ചെയ്യുവാനായി കോളിഫ്ലവര്‍, കാബേജ്, ടര്‍ണ്ണിപ്പ്, ബ്രോക്കോളജി, നോക്കോള്‍ തുടങ്ങിയവയുടെ തൈകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ നട്ടു നനച്ച് വിളവെടുക്കുന്ന ഈ ഉല്പന്നങ്ങള്‍ വിദ്യാലയത്തില്‍ ത്തന്നെ ശേഖരിക്കുവാനും വിപണനം നടത്തുവാനുമുള്ള ബ്യഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്തു വരുന്നു. പൂര്‍ണ്ണമായും ജൈവക്യഷിയില്‍ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി "അധ്വാനത്തിന്റെ തഴമ്പുള്ള കൈകള്‍ക്ക് സമ്മതിദാനത്തിന് അവകാശമുള്ളൂ" എന്ന മഹാത്മജിയുടെ വചനത്തെ ജീവിതത്തില്‍ ആവാഹിച്ച ഒരു തലമുറയിലൂടെ വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്നതില്‍ സംശയമില്ല മണ്ണിന്റെ മനസ്സു തേടിപ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിമണ്ണില്‍ പൊന്നു വിളയിച്ച് മണ്ണോടു ലയിച്ച പൂര്‍വ പിതാക്കന്‍മാര്‍ക്ക് പുതു തലമുറ നല്കുന്ന ഗുരു വന്ദനം ആകുമെന്നതില്‍ സംശയമില്ല . മണ്ണുമടുത്ത്, മനസ്സു മരിച്ച് നിരാശയോടെ കക്കാടംപൊയിലില്‍ നിന്ന് ഇനിയൊരാളും കുടിയിറങ്ങരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വിദ്യാലയ അങ്കണത്തില്‍ നിന്ന് ഗ്യഹാങ്കണങ്ങളിലേക്ക് കുടിയേറിയ ഈ പ്രവര്‍ത്തനം കക്കാടംപൊയിലിന്റെ ഗതകാലസമ്യദ്ധിയെ വീണ്ടെടുക്കുന്ന പുത്തന്‍ മാത്യകകള്‍ വിളയിക്കട്ടെ എന്നു മാത്രമാണ് ഈ വിദ്യാലയത്തിന്റെ പ്രാര്‍ത്ഥന.
ഫോട്ടോ ഗാലറി
തയാറാക്കിയത് : ഉണ്ണിക്യഷ്ണന്‍ ( അധ്യാപകന്‍ )