20 ഫെബ്രുവരി 2012

മുക്കം ഫെസ്റ്റ് 2012ന് വര്‍ണ്ണാഭമായ തുടക്കം.


     മുക്കത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് 2012ന് വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍  സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. സാംസ്കാരിക തനിമയാര്‍ന്ന കലാരൂപങ്ങള്‍,നിശ്ചല ദ്യശ്യങ്ങള്‍,ശിങ്കാരിമേളങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരന്നു.  



   ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന മുക്കം ഫെസ്റ്റില്‍ അമ്യുസ്മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍, വ്യാപാരമേള, പുസ്തക മേള, വിദ്യാഭ്യാസ, ശാസ്ത്ര, വ്യാവസായിക, കാര്‍ഷിക പ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പി.സി.ജംഗ്ഷനിലുള്ള റോഡരികിലെ വിശാലമായ സ്ഥലത്താണ് മേള ഒരുക്കിയിരിക്കുന്നത്. മുക്കത്ത് ആദ്യമായി നടക്കുന്ന ഈ ഫെസ്റ്റ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആഘോഷമായി നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം.



      മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മുക്കം ഫെസ്റ്റ് ശനിയാഴ്ച മുന്‍ എം.എല്‍.എ. ജോര്‍ജ് എം.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍    എം.ഐ. ഷാനവാസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ നടി നിലമ്പൂര്‍ ആയിഷ  ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിദ്യാഭ്യാസ വ്യവസായിക ആരോഗ്യ മേളയായ മുക്കം ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് നേരത്തെ സി.മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു.


   രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന മുക്കം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനങ്ങള്‍ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അതേ സമയം  വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം സൌജന്യ നിരക്കില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.




കടപ്പാട്: റാഷിദ് വി.ആര്‍, എന്റെ മുക്കം