26 ജനുവരി 2012

മൂളങ്കടവ്,മഞ്ഞപ്പൊയില്‍ പാലങ്ങള്‍ ഉദ്ഘാടനത്തിനു തയാറായി

മുളങ്കടവു പാലവും അപ്രോച്ചു റോഡും
    പുല്ലൂരാംപാറ-പുന്നക്കല്‍-കൂടരഞ്ഞി  മലയോര ഹൈവേയിലെ  മൂളങ്കടവ്,മഞ്ഞപ്പൊയില്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു തയാറായി. ഈ പാലങ്ങളുടെ അപ്രോച്ച്  റോഡു നിര്‍മാണം ആരംഭിച്ചതിനെ കുറിച്ച് പുല്ലൂരാംപാറ വാര്‍ത്തകളില്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.ഇപ്പോള്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണവും ടാറിംഗും പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി തയാറായിരിക്കുകയാണ്. ഇതോടു കൂടി ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായിരിക്കുകയാണ്. മലയോര ഹൈവേയിലെ ഈ ഭാഗത്തെ ചെറു പാലങ്ങളും, കലുങ്കുകളും വര്‍ഷങ്ങള്‍ക്കു മുന്‍പേ പണി തീര്‍ന്ന്, റോഡും ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നെങ്കിലും, മൂളങ്കടവ്, മഞ്ഞപ്പൊയില്‍ പാലങ്ങള്‍   പൂര്‍ത്തിയാകാനുള്ള കാലതാമസം ഈ മലയോര ഹൈവേയുടെ പൂര്‍ണ്ണപ്രയോജനം ഇല്ലാതാക്കിയിരുന്നു. വര്‍ഷങ്ങളുടെ കാലതാമസമുണ്ടായെങ്കിലും ഇപ്പോള്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയായി പാലങ്ങളും ഹൈവേയും ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണ്.

മഞ്ഞപ്പൊയില്‍ പാലം
    ഈ പാതയിലൂടെ സഞ്ചരിച്ചാല്‍ പുല്ലൂരാംപാറയില്‍ നിന്നും കൂടരഞ്ഞിയിലേക്കുള്ള ദൂരത്തില്‍ ഏകദേശം നാലു കിലോ മീറ്ററിന്റെ ലാഭമുണ്ട്. പാലം നിര്‍മാണം പൂര്‍ത്തിയായതോടു കൂടി നിരവധി വാഹനങ്ങള്‍ ഈ പാത പ്രയോജനപ്പെടുത്തി തുടങ്ങി.  തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും KSRTC ഈ റോഡിലൂടെ ബസ്സ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.