27 ഡിസംബർ 2011

പുല്ലൂരാംപാറയുടെ സ്മരണകളില്‍ കീലത്തച്ചന്‍


                ദൈവ നിയോഗം പോലെ മലബാറില്‍ എത്തിച്ചേരുകയും കുടിയേറ്റജനതയുടെമനസ്സില്‍ ചേക്കേറുകയും ചെയ്ത ഫാ. അഗസ്റ്റിന്‍ കീലത്ത് നിത്യതയുടെ ശാന്തി തീരത്തേക്ക് യാത്രയായി. സംസ്കാരം ഇന്ന് 27ന് (ചൊവ്വ) 10 മണിക്ക് സ്വദേശമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ .


               താമരശ്ശേരി, തലശ്ശേരി, മാനന്തവാടി രൂപതകളിലെ 11 ഇടവകകളില്‍ വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ കീലത്ത്, കുടിയേറ്റഗ്രാമങ്ങള്‍ അതിന്റെ ആദ്യ കാലത്ത് ധാരാളം അവശതകള്‍ അനുഭവിച്ചു കൊണ്ടിരുന്നപ്പോള്‍ അടിസ്ഥാന വികസന സൌകര്യം ഒരുക്കുന്നതിനായി നിരവധി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിന് നേത്യത്വം നല്‍കി. പഴയ തലമുറയുടെ കൂട്ടായ്മയേയും സഹകരണത്തെയും, അന്നത്തെ ജനതയുടെ അദ്ധ്യാത്മിക ഭൌതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 
               പുല്ലൂരാംപാറക്കാര്‍ എന്നും നന്ദിയോടെ ഓര്‍ക്കുന്ന പേരാണ് ഫാ. അഗസ്റ്റിന്‍ കീലത്ത്. 1964 ഫെബ്രുവരി 28ന് പുല്ലൂരാംപാറ പള്ളി വികാരിയായി ചുമതലയേറ്റ അദ്ദേഹം 1964 മെയ് 3ന് ആനക്കാംപൊയില്‍ ദേവാലയം വെഞ്ചരിച്ചു. തുടര്‍ന്ന് വിളക്കാം തോട് (പുന്നക്കല്‍ ) പള്ളി, സ്കൂള്‍ , മഠം എന്നിവ സ്ഥാപിച്ചു. 1965ല്‍ ഇന്നു കാണുന്ന കാളിയാമ്പുഴ പാലം നിര്‍മ്മിച്ചു,  1968ല്‍ പള്ളിക്കു സമീപമുള്ള തൂക്കു പാലം പുതുക്കിപണിയുകയും അച്ചന്‍ പ്രസിഡന്റായ തിരുവമ്പാടി ഡവലപ്മെന്റ് കമ്മിറ്റി ഇരുമ്പകം പാലം പണിതീര്‍ത്ത് ഗതാഗത യോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്തു. 1969ല്‍ ഭീമനടി പള്ളിയിലേക്ക് സ്ഥലം മാറിപ്പോയ അച്ചന്‍ സ്ഥാപിച്ച ഇടവകകളായിരുന്നു പൊട്ടന്‍ പ്ലാവ്. തുരുമ്പി, കുന്നുംകൈ, ബിരിക്കുളം, ഒറ്റപ്ലാവ്, കേളകം എന്നിവ.

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ദേവാലയം
              നിസ്വാര്‍ഥവും  ത്യാഗോജ്ജ്വലവുമായ സേവനം കാഴ്ച വയ്ക്കുകയും ആഴമേറിയ വിശ്വാസ ചൈതന്യവും അധ്വാനശീലവും പുലര്‍ത്തുകയും ചെയ്ത് ഒരു ജനതയെ പുരോഗതിയിലേക്ക് നയിച്ച കീലത്തച്ചന് 'പുല്ലൂരാംപാറ വാര്‍ത്തകള്‍' നന്ദിയുടെ നറുപുഷ്പ ങ്ങളോടെ  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.