13 ഡിസംബർ 2011

പുല്ലൂരാംപാറയിലെ കേബിള്‍ ടി.വി.ശ്യംഖല ഡിജിറ്റല്‍വല്‍ക്കരിച്ചു


                പുല്ലൂരാംപാറയിലെ കേബിള്‍ ടി.വി. ശ്യംഖലയായ  സിഗ്നെറ്റ് കേബിള്‍ ടി.വി.  നെറ്റ് വര്‍ക്ക്  പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍കരിച്ചു. കേരളത്തിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേബിള്‍ ഓപ്പറേറ്റെഴ്സ് അസ്സോസിയേഷന്റെ സംരംഭമായ കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡ് (കേരളാവിഷന്‍) ആണ് മലയോര മേഖലകളില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന് നേത്യത്വം നല്കുന്നത്. ഇന്ത്യയില്‍ ഇന്നുള്ള മിക്കവാറും എല്ലാ ചാനലുകളും ഡിജിറ്റല്‍ ഫോര്‍മാറ്റിലൂടെയാണു സംപ്രേഷണം നടത്തുന്നത്. എന്നാല്‍ അതിന്റെ ഗുണം പൂര്‍ണ്ണമായും പ്രേഷകനു ലഭിക്കണമെങ്കില്‍ കേബിള്‍ വഴിയുള്ള സര്‍വീസും ഡിജിറ്റലാവണം.  ട്രായിയുടെ (TRAI) നിര്‍ദ്ദേശമനുസരിച്ച്. അനലോഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കേബിള്‍ ടി.വി.ശ്യംഖലകള്‍  2013 ഡിസംബറോടു കൂടി  ഡിജിറ്റലൈസു ചെയ്യുന്നതിന്റെ ഭാഗമായാണ് പുല്ലൂരാംപാറയിലെ കേബിള്‍ ടി വി ശ്യംഖലയായ  സിഗ്നെറ്റ് കേബിള്‍ ടി.വി. നെറ്റ് വര്‍ക്കും  ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ നാലു മെട്രോ നഗരങ്ങളില്‍ 2011 മാര്‍ച്ചിനകവും, രണ്ടാം ഘട്ടത്തില്‍ 2011 ഡിസംബര്‍ 31 നകം പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും, മൂന്നാം ഘട്ടത്തില്‍ 2012 ഡിസംബര്‍ 31 നകം എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും, നാലാം ഘട്ടത്തില്‍  2013 ഡിസംബര്‍ 31 നകം ബാക്കിയുള്ള എല്ലാ പ്രദേശങ്ങളിലും കേബിള്‍ വഴി ഡിജിറ്റല്‍ ടി.വി. സംപ്രേഷണം ആരംഭിക്കണമെന്നാണ് ട്രായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ഘട്ടംഘട്ടമായി അനലോഗ് സംപ്രേഷണം ഇല്ലാതാക്കാനുമാണ് തീരുമാനം. ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി നികുതി കിഴിവുകള്‍ ഈ മേഖലകളില്‍ നല്കിയിട്ടുണ്ട്. ഇനിയും രണ്ടു വര്‍ഷം കൂടി സമയമുണ്ടെങ്കിലും കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡിന് ഗ്രാമങ്ങളില്‍ പോലും ഡിജിറ്റല്‍ സംപ്രേഷണം പെട്ടെന്നു തന്നെ നടപ്പാക്കാന്‍ സാധിച്ചത് പ്രശംസയര്‍ഹിക്കുന്ന കാര്യമാണ് .

കേരള വിഷന്‍ നല്കുന്ന മാജിക് വിഷന്‍  ഡിജിറ്റല്‍ സെറ്റ് ടോപ് ബോക്സ്
              കഴിഞ്ഞ വര്‍ഷം ഒക്ടോബറോടുകൂടി തന്നെ പുല്ലൂരാംപാറയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്യംഖല സ്ഥാപിക്കുകയും  ഡിജിറ്റല്‍ സംപ്രേഷണം  ആരംഭിക്കുകയും ചെയ്തിരുന്നു എങ്കിലും  പൂര്‍ണ്ണതോതില്‍ സംപ്രേഷണം ആരംഭിച്ചത് ഈ ഒക്ടോബര്‍ മാസം മുതലാണ്. നിലവില്‍ അനലോഗ് സംപ്രേഷണവും ഡിജിറ്റല്‍ സംപ്രേഷണവും ഒരേ സമയം കേബിള്‍ വഴി നല്കുന്നുണ്ട്. ഡിജിറ്റല്‍ ടി.വി. സംപ്രേഷണം ലഭിക്കാന്‍ ഏകദേശം 1300 രൂപയോളം വില വരുന്ന സെറ്റ് ടോപ് ബോക്സ് ഉപഭോകതാവ് വാങ്ങേണ്ടതുണ്ട്. അനലോഗ് സംപ്രേഷണത്തില്‍ ഏകദേശം 57 ചാനലുകള്‍ ലഭ്യമെങ്കില്‍ ഡിജിറ്റല്‍ സംപ്രേഷണത്തില്‍  150 ചാനലുകളാണ് ലഭിക്കുക. പിന്നീട് ഇത് 300 ചാനലുകളായി ഉയര്‍ത്തുന്നതാണ്. അതോടൊപ്പം വാല്യൂ ആഡഡ് സര്‍വീസുകളൂം, ഇന്റര്‍നെറ്റും അടുത്തു തന്നെ ഡിജിറ്റല്‍ സര്‍വീസ് വഴി ലഭ്യമാകും.വീഡീയോ ഓണ്‍ ഡിമാന്‍ഡും, കാണുന്ന ചാനലിനു മാത്രം രൂപ നല്കിയാല്‍ മതി എന്നതും, പ്രാദേശികമായ ചാനല്‍ പരിപാടികളും വാര്‍ത്തകളും ലഭിക്കും എന്നതും  ഗുണമേന്മയുള്ള ഡി.വി.ഡി. ക്വാളിറ്റി ദ്യശ്യങ്ങളും, സ്റ്റീരിയോ ഫോണിക്ക് സൌണ്ടും ഡിജിറ്റല്‍ സര്‍വീസിന്റെ പ്രത്യേകതകളാണ്. ഇവ നിലവില്‍ മറ്റേതു സര്‍വീസിനേക്കാള്‍ കേബിള്‍ ടി.വിയെ പ്രിയങ്കരമാക്കുന്നു.
 

                               തൊണ്ണൂറുകളുടെ ആരംഭത്തില്‍ ആണ് കേരളത്തില്‍ കേബിള്‍ ടിവി.നെറ്റ് വര്‍ക്ക് സര്‍വീസ് ആരംഭിക്കുന്നത്. നഗരങ്ങളില്‍ മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ ഇവ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ക്രമേണ 2000-10 കാലഘട്ടത്തില്‍ കുഗ്രാമങ്ങളില്‍ പോലും കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് സ്ഥാപിതമായി. ആയിരക്കണക്കിന് പ്രാദേശിക ഓപ്പറെറ്റര്‍മാരായിരുന്നു ഈ വളര്‍ച്ചയ്ക്കു പിന്നില്‍. എന്നാല്‍ പിന്നീട്  ഈ മേഖലയിലേക്ക് വന്‍കിട കമ്പനികള്‍ കടന്നു വരികയും, ഡി.റ്റി.എച്ച്. സംവിധാനത്തിന്റെ ആവിര്‍ഭാവവും, അതോടൊപ്പം നിലവില്‍ വന്ന പുതിയ നിയമങ്ങളും പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ക്ക് ഭീഷണിയാവുകയും ചെയ്തു. ഈ വെല്ലുവിളിയെ അതിജീവിക്കാന്‍  കേരളത്തിലെ  കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ സംഘടിച്ച് രൂപവല്‍ക്കരിച്ചതാണ് കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡ്ഡ് (കേരളാവിഷന്‍). 
                    ലോക്കല്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കുന്നത് കേബിള്‍ ശ്യംഖലകളെ മറ്റു സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മുന്‍തൂക്കം നല്കുന്നുണ്ട്. അടുത്ത കാലത്ത് പ്രചാരത്തിലായ ഡി.റ്റി.എച്ച്. സംവിധാനത്തില്‍ സംഭവിക്കുന്ന മഴക്കാലത്തെ സിഗ്നല്‍  തടസ്സങ്ങളും കേബിള്‍ ടി.വിയുടെ വളര്‍ച്ചയ്ക്ക് ഗുണപ്രദമായി തീരുകയാണുണ്ടായത്. എന്നാല്‍ DTH സര്‍വീസുകള്‍ പ്രദാനം ചെയ്യുന്ന കമ്പനികള്‍  വ്യാപകമായി HD ചാനലുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്  കേബിള്‍ ടിവി. ശ്യംഖലകളെ നേരിടുന്നത്. ഐ.പി.ടി.വി സര്‍വീസ് നല്കുന്ന BSNL ന്റെ  MYWAY IPTV (പുല്ലൂരാംപാറയില്‍ ഈ സര്‍വീസ് ലഭ്യമാണ്) ഗ്രാമീണ മേഖലകളില്‍ പോലും ഇപ്പോള്‍  ലഭ്യമാണ് എന്നത് ഭാവിയില്‍ കേബിള്‍ ടി.വിക്ക് ഒരു വലിയ വെല്ലുവിളിയാണ്. BSNLന്റെ ഫൈബര്‍ റ്റു ദ ഹോം (FTTH - HD ചാനലുകളുടെ സംപ്രേഷണവും, High Bandwidth Net connection and IPTV കേബിളിലൂടെ സാധ്യമാക്കുന്നു) സര്‍വീസ് കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ ആരംഭിച്ചതും, റിലയന്‍സ് പോലുള്ള കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതും. കേരളത്തിലെ വന്‍കിട കേബിള്‍ ടി.വി. ഓപ്പറേറ്ററായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡും (തിരുവമ്പാടിയില്‍ ഏഷ്യാനെറ്റ് ഡിജിറ്റല്‍ സിഗ്നല്‍ എത്തിച്ചിട്ടുണ്ട്), ഡെന്‍ കേബിള്‍ ടി.വി. നെറ്റ് വര്‍ക്കും (DEN)  ഗ്രാമങ്ങളിലേക്ക് തങ്ങളുടെ സര്‍വീസ് വ്യാപിപ്പിക്കാന്‍ ആരംഭിച്ചതും ഈ രംഗത്തെ മത്സരത്തിന്റെ ആക്കം കൂട്ടും .
                            20 കൊല്ലത്തോളമായി  ഈ രംഗത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും  ഏകദേശം മൂവായിരത്തോളം അംഗങ്ങളും അന്‍പതിനായിരത്തോളം ജോലിക്കാരും നൂറോളം പ്രദേശിക ചാനലുകളും 500 കോടിയോളം വാര്‍ഷിക വിറ്റുവരവുമുള്ള മഹത്തായ  പ്രസ്ഥാനമാണ്  കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡ്. മൂന്നു ലക്ഷം കിലോ മീറ്ററോളം നീളം  വരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്യംഖലയും 80 ലക്ഷത്തോളം വരിക്കാരും ഇന്ന്  ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ ഉണ്ട്. പുല്ലൂരാംപാറയിലെ സിഗ്നറ്റ് കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക്  ഈ ശ്യംഖല വഴിയാണ് കേബിള്‍ ടി.വി. രംഗത്തെ ഏറ്റവും പുതിയ സര്‍വീസുകള്‍ വരെ  ഇവിടെ എത്തിക്കുന്നത്. 

NB: നിലവില്‍ ഡിജിറ്റല്‍ ടി.വി. സംപ്രേഷണത്തിന് 210 രൂപയോളമാണ് (അനലോഗ് സംപ്രേഷണത്തിന് 160 രൂപ മാത്രം നല്കിയാല്‍ മതി ) മലയോര മേഖലകളില്‍ വരിക്കാരന്‍  മാസം തോറും നല്കേണ്ടത്. ഇന്ത്യയില്‍ ഇന്നു ലഭ്യമായ എല്ലാ പേ ചാനലുകളും ഇപ്പോള്‍ ഈ സര്‍വീസില്‍  ലഭ്യമാണ്. വാല്യു ആഡഡ് സര്‍വീസുകള്‍  ആരംഭിക്കുന്നതോടെ ചാനല്‍ വരി സംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
 
  തയ്യാറാക്കിയത്: സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍