09 ഡിസംബർ 2011

പ്രീതി ടാക്കീസ്.........


                ഉച്ചതിരിയുമ്പോള്‍ പതറിയ സ്വരം ഉച്ചഭാഷിണിയിലൂടെ ഉയരും. മരച്ചില്ലകള്‍ക്കും, കുന്നിന്‍ ചരിവികള്‍ക്കുമിടയിലൂടെ ആ സ്വരം ദൂരേക്ക് എത്തിച്ചേരും. സമയത്തിന്റെ സൂചന കൂടിയായിരുന്നു ഇത്. രണ്ടേമുക്കാലിന്റെ മാറ്റിനിയുടെ അടയാളമായിരുന്നു ആ ഗാനം. തരംഗിണിയുടെ സ്‌നേഹപ്രവാഹത്തിലെ പാട്ട്. ടെലിവിഷന്‍ വിദൂരസ്വപ്‌നവും, അതിന് മുമ്പ് സ്വപ്‌നങ്ങളില്‍ പോലുമില്ലാത്തതുമായ ഒരു കാലത്ത് ഒരു ജനതയുടെ ആശ്വാസകേന്ദ്രമായിരുന്നു ടാക്കീസുകള്‍. അധ്വാനത്തിന്റെ നിലയ്ക്കാത്ത പകലുകള്‍ക്ക് ശേഷം മാനസികോല്ലാസത്തിന് അക്കാലത്തുണ്ടായിരുന്ന ഏക ആശ്രയം. വായനയെന്ന ഉപാധിയേക്കാള്‍ ലളിതവും, കൂടുതല്‍ രസപ്രദവുമായ  വിനോദം. 

         പുല്ലൂരാംപാറയിലെ ഒരു കാലത്തെ വിനോദ കേന്ദ്രമായിരുന്നു പ്രീതി ടാക്കിസ്. കാര്‍ഷികമേഖലയില്‍ കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകള്‍ക്കിടയിലും വേരൂന്നിയ ആധുനികതയുടെ സൃഷ്ടി. ഒരു തരത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരനെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച കലാശാലകളായിരുന്നു തീയേറ്ററുകള്‍. പ്രണയവും, സംഗീതവും, ക്രൗര്യവും, രതിയും ഇഴചേര്‍ന്ന വൈകാരികതകളുടെ യൂണിവേഴ്‌സിറ്റികള്‍. അതിഭാവുകത്വത്തിന്റെ നസീര്‍ കാലം മുതല്‍ ഡി.ടി.എസിന്റെ പ്രഥ്വിരാജ് കാലം വരെ നില നിന്ന പ്രദര്‍ശനശാലകള്‍. ആദ്യകാലത്ത് ഓലമേഞ്ഞും, പിന്നീട് ടാര്‍ഷീറ്റ് മേഞ്ഞും നിലകൊണ്ടു. പകലുകളില്‍ മാറ്റിനികാണാന്‍ കയറിയാല്‍ പനമ്പട്ടയുടെ ചുവരുകളില്‍ ഗ്യാലക്‌സികള്‍ തെളിഞ്ഞുകാണാമായിരുന്നു. ഇടക്ക് കറണ്ട് നിലച്ചാല്‍ ചക്കരേ....... എന്ന വിളി മുഴങ്ങും. ഇടക്ക് ഓടിപ്പഴകിയ റീലുകള്‍ മുറിഞ്ഞ് പുതിയ കാഴ്ചകള്‍ തീര്‍ക്കും.
        1970 കളിലാണ് പുല്ലൂരാംപാറയില്‍ ടാക്കീസ് തുടങ്ങുന്നു. നാലുപേര്‍ കൂടിച്ചേര്‍ന്നു തുടങ്ങിയ സംരഭമായിരുന്നു ഇത്. കംബൈന്‍ ടാക്കീസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട്  പ്ലാംപറമ്പില്‍ ചാക്കോ, സെബാസ്റ്റ്യന്‍   എന്നിവര്‍ ചേര്‍ന്നായി നടത്തിപ്പ്. ഇക്കാലത്താണ് പ്രീതി ടാക്കീസ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. നസീറും, ജയനും, സുകുമാരനും തകര്‍ത്താടിയ വെള്ളിത്തിരക്കുമുന്നില്‍ ആളുകള്‍ നിറഞ്ഞൊഴിഞ്ഞു. തറടിക്കറ്റ് ബഞ്ചിനും, കസേരക്കും വഴിമാറി. മീനും, ചെമ്മീനും, മിനിമോള്‍ വത്തിക്കാനിലും, കോളിളക്കവും, സ്ഫടികവും വികാരങ്ങളെ ഉണര്‍ത്തിയ ദിനങ്ങള്‍. തൊണ്ണൂറുകളുടെ ആദ്യത്തോടെ ടെലിവിഷന്‍ നാട്ടുമ്പുറങ്ങളിലും എത്തിച്ചേര്‍ന്നു. തൊണ്ണൂറുകള്‍ അവസാനിക്കുന്നത് സാറ്റലൈറ്റ് ചാനലുകളുടെ രംഗപ്രവേശത്തോടെയാണ്. അക്കാലത്തും തീയേറ്ററുകളും, ടാക്കീസുകളും സജീവമായിരുന്നു. വിശേഷ ദിനങ്ങളില്‍ ഹൗസ്ഫുള്‍ ഷോകള്‍. പള്ളിപെരുന്നാള്‍ ദിനത്തില്‍ പുലരുവോളം അഞ്ച് പ്രദര്‍ശനങ്ങള്‍ നടന്ന കാലമായിരുന്നു അത്. പടം മാറുന്ന വ്യാഴാഴ്ചകളുടെ ഗ്യാപ്പില്‍ അനുരാധയും, ഇംഗ്ലീഷ്  സുന്ദരിമാരും, ഷക്കീലവരെയും സാഹസികരായ യുവാക്കളെ ഹരംകൊള്ളിച്ചു.
            2000 ത്തിന്റെ പകുതിയോടെ ചാനല്‍ വിപ്ലവം തന്നെ നടന്നു. വീട്ടിലെ മിനിസ്‌ക്രീനില്‍ നിലക്കാത്ത വിനോദം. ആളുകള്‍ തിയേറ്ററുകളെ മറന്നുതുടങ്ങി. ഇതോടൊപ്പം വീഡിയോ സി.ഡികളുടെ പ്രചാരം സിനിമതീയേറ്ററുകളെ ബാധിച്ചു. പിന്നീട് തീയേറ്ററുകളുടെ അന്ത്യം തുടങ്ങുന്ന കാലമാണ്. പല തിയേറ്ററുകളും പിടിച്ച് നിന്നത് ഉച്ചനേരത്തെ ഹോട്ട് ഷോകള്‍ വഴിയാണ്. സമിപപ്രദേശങ്ങളിലെ തീയേറ്ററുകള്‍ ഒന്നൊന്നായി പൂട്ടി. കൂടരഞ്ഞി മറീന, കോടഞ്ചേരി വിമല, താമരശേരി വിനി, മുക്കം സരിഗമ എന്നിവക്കൊപ്പം പ്രീതിയും ഓര്‍മ്മയിലേക്ക് മറഞ്ഞു. നമ്മള്‍ പോലുമറിയാതെ ആ സ്വരം നിലച്ചു. വിജനമായ പ്രദര്‍ശനശാല പിന്നീട് വീടുകള്‍ക്ക് വഴിമാറി. ഒരു സ്മാരകം പോലെ ഇപ്പോഴും പഴയകെട്ടിടത്തിന്റെ ചെറിയൊരു ഭാഗം നിലനില്ക്കുന്നു. ആ വഴി കടന്നുപോകുമ്പോള്‍ നോക്കുക... 
       ബാല്യത്തിന്റെയും കൗമാരത്തിന്റെയും,യൗവ്വനത്തിന്റെയും വികാരങ്ങളെ ജ്വലിപ്പിച്ച, പ്രണയത്തിന്റെയും വിരഹത്തിന്റെയും അര്‍ത്ഥങ്ങള്‍ പറഞ്ഞുതന്ന ഇരുള്‍ നിറഞ്ഞ ആ പാഠശാല ഇവിടെ എവിടെയായിരുന്നു?

തയാറാക്കിയത് : വിജി ജോസഫ്