'തൂവലും തൂമ്പയും ' എന്ന നാടകത്തിലെ "പങ്കി വെളിച്ചപ്പാട് " എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേഷക മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ പുല്ലൂരാംപാറയുടെ നാടക പ്രതിഭ ശ്രീ. ബേബി ചക്കുങ്കലിന് (ടെയിലര്‍ ബേബി ചേട്ടന്‍ ) എഴുപതു വയസ്സിന്റെ നിറവ്. പത്തൊമ്പതാം വയസ്സില്‍ ആരംഭിച്ച അഭിനയ ജീവിതത്തിന് ഈ എഴുപതാം വയസ്സിലും ഫുള്‍ സ്റ്റോപ്പ് പറയാന്‍ ബേബി ച്ചേട്ടന്‍ ഒരുക്കമല്ല. അറുപതോളം നാടകങ്ങള്‍. മിക്കതിലും ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ കഥാപാത്രങ്ങള്‍ ഇതിനിടെ സംവിധായകനുമായി.
1950 കളുടെ അവസാനം ഒരു സംഘം ആളുകള്‍ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദര്‍ അഗസ്റ്റ്യന്‍ കീലത്തിന്റെ മുറിയില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണ് ഗൌരവമായ ഒരു പ്രശ്നത്തിന് പരിഹാരം തേടിയാണ് ആ കൂടിച്ചേരല്‍. പ്രശ്നമിതാണ് പുല്ലൂരാംപാറയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കണം. അന്നത്തെ ദരിദ്രമായ ചുറ്റുപാടില്‍ നാട്ടുകാര്‍ ഒരു വഴിയും കാണുന്നില്ല. അതിനൊരു പരിഹാരമായിട്ടാണ് വികാരിയച്ചനെ സന്ദര്‍ശിച്ചിരിക്കുന്നത്. നാടക കമ്പക്കാരനായ വികാരിയച്ചന്‍ ഒരു നിര്‍ദ്ദേശം വെച്ചു നമുക്കു ഒരു നാടകം നടത്തിയാലോ? നാടക കമ്പക്കാരനായ ശ്രീ മാത്യു മുകാലയിലിന് (മുകാല കുട്ടിപ്പാപ്പന്‍ ) ബഹു സന്തോഷം. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ S.J.ആര്‍ട്സ് ക്ലബ്ബ് എന്ന പേരില്‍ 1959ല്‍ ഒരു നാടക സംഘം രൂപികരിക്കപ്പെട്ടു ഇവരുടെ ആദ്യ നാടകമായ 'ഒട്ടകവും സൂചിക്കുഴയും' വന്‍ വിജയമായിരുന്നു.
ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബി ചക്കുങ്കല്‍ എന്ന പത്തൊമ്പതു വയസ്സുകാരന്‍ തയ്യല്‍ ജോലിയുമായി പുല്ലൂരാംപാറയില്‍ വരുന്നത് അദ്ദേഹത്തിന്റെ വരവ് ഹാസ്യ നടനെ തേടി നടന്നിരുന്ന S.J.ആര്‍ട്സ് ക്ലബ്ബിന് തേടിയ വള്ളി കാലില്‍ ചുറ്റിയ അനുഭവം. ഒട്ടകവും സൂചിക്കുഴയും എന്ന നാടകത്തിലെ വര്‍ക്കിച്ചേട്ടന്‍, തൂവലും തൂമ്പയിലെ പങ്കി വെളിച്ചപ്പാട് ആര്‍ദ്ര പര്‍വതത്തിലെ പോലീസുകാരന്‍ പ്രേഷകര്‍ ഒരിക്കലും മറക്കാത്ത ശക്തമായ കഥാപാത്രങ്ങള്‍ അങ്ങിനെ പുല്ലൂരാംപാറയിലെ നാടക ട്രൂപ്പ് വളരുകയായിരുന്നു.
ഇടവക വികാരിയുടെ സ്ഥലം മാറ്റത്തോടെ നിര്‍ജ്ജീവമായ S.J.ആര്‍ട്സ് ക്ലബ്ബിനു പകരം ബേബിച്ചേട്ടന്‍ പ്രസിഡന്റായിരുന്ന പുല്ലൂരാംപാറയിലെ വായന ശാലയുടെ കീഴില്‍ ജവഹര്‍ ആര്‍ട്സ് ക്ലബ്ബ് എന്നൊരു പുതിയ നാടക സംഘത്തിന് ബേബിച്ചേട്ടന്‍ രൂപം കൊടുത്തു അഗ്നി രഥം, അഗ്നി വലയം,അഗ്നി പര്‍വ്വതം തുടങ്ങി നിരവധി നാടകങ്ങള്‍ ഇവരുടേതായി പുറത്തു വന്നു. ഇതിനിടെ ബേബിച്ചേട്ടന്റെ അഭിനയ മികവു കണ്ട് കോഴിക്കോട്ടെ നാടകട്രൂപ്പുകള്‍ ബേബിച്ചേട്ടനെ ക്ഷണിക്കുകയുണ്ടായി. തയ്യല്‍ തൊഴിലിന് തടസ്സം വന്നതിനാല്‍ ബേബിച്ചേട്ടന്‍ പുല്ലൂരാംപാറയ്ക്ക് പുറത്തേയ്കുള്ള നാടക ജീവിതത്തിന് പിന്നീട് കര്‍ട്ടണിടുകയാണുണ്ടായത്. പിന്നീട് പുതു തലമുറയിലെ ചെറുപ്പക്കാരുടെ സംരഭമായി 1980 കളില്‍ അനശ്വര തീയേറ്റേഴ്സും, ഫാസ് തീയേറ്റേഴ്സും വന്നെങ്കിലും ടെലിവിഷന്റെ അതിപ്രസരത്തില്‍ അവര്‍ക്കും കര്‍ട്ടനിടേണ്ടി വന്നു.
ഈ ജീവിത സായാഹനത്തിലും ബേബിച്ചേട്ടന്‍ കര്‍മ്മനിരതനാണ് നാടക ട്രൂപ്പുകള്‍ക്കും,സ്കൂള്‍ കുട്ടികള്‍ക്കുമുള്ള ഡാന്‍സ് വസ്ത്രങ്ങളും മറ്റും തുന്നി ബേബിച്ചേട്ടന്‍ വിരസതയകറ്റുന്നു. പുല്ലൂരാംപാറയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഓണാഘോഷ വേളയിലെ സ്ഥിരം 'മാവേലി' വേഷത്തിലൂടെ ബേബി ചേട്ടന്‍ ഇപ്പോഴും അഭിനയ രംഗത്തു തുടരുന്നു. പങ്കി വെളിച്ചപ്പാട് എന്ന് കഥാപാത്രത്തിന് പുല്ലൂരാംപാറയിലെ പ്രേഷകര്‍ നല്കിയ സ്വര്‍ണ്ണ മെഡല്‍ ഏറ്റവും വലിയ അംഗീകാരമായി ബേബിച്ചേട്ടന്‍ കാണുന്നു.
തയ്യാറാക്കിയത് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍
തയ്യാറാക്കിയത് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍