25 നവംബർ 2011

തിരുവമ്പാടി നിയോജക മണ്ഡല വികസനത്തിന് ആറേ മുക്കാല്‍ കോടി രൂപയുടെ ഭരണാനുമതി

      
        തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആറേമുക്കാല്‍ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.മോയിന്‍ കുട്ടി എം.എല്‍.എ. അറിയിച്ചു.  നിലവില്‍ തര്‍ക്കത്തിലുള്ള തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുല്ലൂരാംപാറയിലെ പത്തായപ്പാറയില്‍ നിര്‍മ്മിക്കുന്ന  പാലത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

    തിരുവമ്പാടി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി  റോഡിനായുള്ള സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും, തിരുവമ്പാടിയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസ് നിര്‍മ്മിക്കുമെന്നും ഇതിനോടു ചേര്‍ന്ന് പി.ഡബ്ള്യു.ഡി. എന്‍ജിനീയറുടെ കാര്യാലയവും പ്രവര്‍ത്തിപ്പിക്കുമെന്നും, തിരുവമ്പാടിയിലെ K.S.R.T.C. ഓപറേറ്റിംഗ്  സെന്റര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സബ് ഡിപ്പോ ആയി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും എം.എല്‍.എ. അറിയിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന കാപ്പാട് കോടഞ്ചേരി തുഷാരഗിരി അടിവാരം റോഡിന്റെ ഭാഗമായ തുഷാരഗിരി - നൂറാംതോട് - അടിവാരം റോഡിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.

            മുക്കത്തെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന, പി.സി.റോഡ് - കുറ്റിപ്പാലക്കല്‍ - വെസ്റ്റ് മാമ്പറ്റ ബൈപ്പാസ് റോഡിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും, മുക്കം സിവില്‍ സ്റ്റേഷന്‍ അഗസ്ത്യന്‍ മുഴിയില്‍ കണ്ടെത്തിയ സ്ഥലത്തു തന്നെ നിര്‍മ്മിക്കുമെന്നും ഇവിടെത്തന്നെ മുക്കം ഫയര്‍ സ്റ്റേഷന് സ്വന്തമായും കെട്ടിടം നിര്‍മ്മിക്കുമെന്നും, മുക്കം കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുക്കം  കടവിലെ കോണ്‍ക്രീറ്റ് പാലത്തിന്റെ  ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും, സി.മോയിന്‍ കുട്ടി എം.എല്‍.എ. അറിയിച്ചു.