ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ തിരുവമ്പാടി ടൌണും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഏകദേശം മൂന്നു മണിയോടെ ആരംഭിച്ച കനത്ത മഴയില്‍ ബസ്റ്റാന്‍ഡും റോഡുകളും വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറായതായതോടെ യാത്രക്കാര്‍ വീടുകളിലെത്താനാവാതെ കുടുങ്ങി. ഹൈസ്‌കൂള്‍ റോഡിലും വെള്ളം കെട്ടിക്കിടന്ന് ഗതാഗതം തടസ്സപ്പെട്ടു. ബസ്സ് സ്റ്റാന്‍ഡിലും പരിസരത്തുമുള്ള കടകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി.
ടൌണിലെ ഓവുചാലുകള്‍ വൃത്തിയാക്കാത്തതും,ആവശ്യത്തിനു ഓവുചാലുകള്‍ ഇല്ലാത്തതും, ടൌണിനു സമീപത്തെ ചതുപ്പു നിലങ്ങളും വയലുകളും നികത്തിയതും വെള്ളപ്പൊക്കത്തിനു കാരണമായി. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇന്നു നാം നേടുന്ന ലാഭത്തിന്റെ നൂറിരട്ടി, വരും വര്‍ഷങ്ങളില്‍ ഇതു മൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചിലവഴിക്കേണ്ടി വരും. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ളതാണ് ഓവുചാലുകള്‍ എന്ന മലയാളികളുടെ മനോഭാവം മാറണം. നാം ഓവുചാലുകളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നേരെ പുഴയിലേക്ക് എത്തിച്ചേരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത് .
വെള്ളപ്പൊക്കത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍
ഫോട്ടോ : ഷനോജ് ചെറിയാന്‍ മുഖാലയില്‍ (അബാക്കസ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ തിരുവമ്പാടി )