01 നവംബർ 2011

ആകാശപറവകള്‍ക്ക് കൂടൊരുങ്ങുന്നു


ജോര്‍ദ്ദാന്‍ ഭവനത്തിലെ അന്തേവാസികള്‍ (ഒരു പഴയ ചിത്രം )
പുല്ലൂരാംപാറ : രണ്ടു വര്‍ഷത്തോളമായി സ്ഥിരമായ ഭവനമില്ലാതെ വാടക വീടുകളില്‍ ചേക്കേറിയിരുന്ന ആകാശപറവകള്‍ക്കായി ഒരു ഭവനം പുല്ലൂരാംപാറയില്‍ ഒരുങ്ങുന്നു. മുന്‍ സൈനികനായ സണ്ണി മുകാലയില്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ് പുതിയ ഭവനത്തിന്റെ പണി നടക്കുന്നത് .
                           പുതിയ ഭവനത്തിന്റെ നിര്‍മ്മാണം   നടക്കുന്ന സ്ഥലം

ആരാണ് ആകാശപറവകള്‍ ?
             ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കല്‍ എന്ന വൈദികന്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന അഗതികള്‍ക്കായി തുടങ്ങിയ പ്രസ്ഥാനമാണ് ആകാശപറവകള്‍ . തെരുവില്‍ അലഞ്ഞു നടക്കുന്ന മാനസിക രോഗികളാണ് ഇവിടുത്തെ അന്തേവാസികളില്‍ ഭൂരിപക്ഷവും. ഇന്ത്യ ഒട്ടാകെ ആകാശപറവകള്‍ക്കായി 170 ഭവനങ്ങള്‍ ഉണ്ട്. കേരളത്തില്‍ മാത്രം 120 ഭവനങ്ങളാണുള്ളത്.
ഇപ്പോള്‍ താമസിക്കുന്ന ഭവനം
         ആകാശപറവകളുടെ അത്താണിയായ പുല്ലൂരാംപാറയിലെ ജോര്‍ദ്ദാന്‍ ഭവനത്തില്‍ മനോരോഗിണികളായ 29 വനിതാ അന്തേവാസികളാണുള്ളത്. പഞ്ചാബിയായ മീരാഭായി, മഹാരാഷ്ട്രക്കാരി സുല്‍ത്താന, ഒറീസ്സക്കാരി നൂറിദ്ദീന തുടങ്ങി അന്യസംസ്ഥാനക്കാരും ഇവിടെയുണ്ട്. ആളുകള്‍ ഫോണ്‍ വിളിച്ചറിയിക്കുന്നതിനനുസരിച്ച് ആകാശപറവകളുടെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ , ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂട്ടിക്കൊണ്ടു വരികയാണ് ചെയ്യുന്നത്.  ഇവര്‍ക്കുള്ള ചികില്‍സാ കാര്യങ്ങള്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്‍ഹാന്‍സ് ' മുഖേനയാണ് നടത്തപ്പെടുന്നത്. ഒരു മനുഷ്യ സ്നേഹി വാടകയില്ലാതെ താമസിക്കുന്നതിനായി നല്‍കിയ താല്‍കാലിക ഭവനത്തിലാണ്  ജോര്‍ദ്ദാന്‍ ഭവനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രദര്‍ തങ്കച്ചന്‍ മുണ്ടണശ്ശേരിയും  ഭാര്യ ലൂസിയാമ്മയുമാണ് പുല്ലൂരാംപാറ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത്. കുറെ നല്ല മനുഷ്യരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് ഇവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ കാര്യങ്ങള്‍ നടന്നു വരുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണം സാമ്പത്തിക പ്രയാസങ്ങള്‍ മൂലം സാവധാനത്തിലാണ് നീങ്ങുന്നത്
                        
      ഇപ്പോള്‍ താമസിക്കുന്ന  ഭവനം സ്ഥിതി ചെയ്യുന്നത് കൊടക്കാട്ടുപാറ റോഡില്‍ ലക്ഷം വീട് കോളനിക്കടുത്തും, പുതിയ   ഭവനം പണിതു കൊണ്ടിരിക്കുന്നത് പുല്ലൂരാംപാറ-ആനക്കാംപൊയില്‍  റോഡില്‍ തടിമില്ലിനു പുറകു ഭാഗത്തുമായിട്ടാണ്.
     ഇവരെ നിങ്ങള്‍ക്കും സഹായിക്കാം ബന്ധപ്പെടേണ്ട വിലാസം
                                     JORDHAN BHAVAN
                                     AKASAPARAVAKAL
                                     DAIVASAHAYAM CHARITABLE TRUST
                                     PULLURAMPARA PO
                                     CALICUT 673603
                                     Mob:9447649126,9744521136.

റിപ്പോര്‍ട്ട് :  റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍