18 ഒക്‌ടോബർ 2011

തുലാ വര്‍ഷം കനക്കുന്നു

                                                ഇരവഞ്ഞിപ്പുഴ കലങ്ങി ഒഴുകുന്നു
                 പുല്ലൂരാംപാറയിലും പരിസര പ്രദേശങ്ങളിലും തുലാ വര്‍ഷം കനത്തു.ഉച്ച കഴിഞ്ഞ് ശക്തമായ  ഇടിമിന്നലോടു കൂടിയുള്ള  കനത്ത മഴയാണ് ഇപ്പോള്‍ പെയ്യുന്നത്.അതേ സമയം കാലാവസ്ഥ വിദഗ്ദര്‍ പറയുന്നത് തുലാവര്‍ഷത്തിനു മുന്നേയുള്ള മഴയാണിതെന്നാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടി പഞ്ചായത്തിലെ നിരവധി വീടുകള്‍ക്കും,  ജലവിതരണ പദ്ധതികളുടെ ഉപകരണങ്ങള്‍ക്കും ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കനത്തമഴയായിരുന്നു കഴിഞ്ഞ നാലു മാസങ്ങളില്‍ പെയ്തുകൊണ്ടിരുന്നത് അതിനു ശേഷം രണ്ടാഴ്ചയോളം വേനല്‍ക്കാലം ​പോലെയുള്ള കാലാവസ്ഥ സംജാതമായിരുന്നു. പെട്ടെന്നുള്ള കാലവസ്ഥാ വ്യതിയാനം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായിട്ടുണ്ട്. 
                                     രാവിലെ സമയത്തെ കോട മൂടിയ അവസ്ഥ
                       കഴിഞ്ഞ ദിവസം പറമ്പില്‍ വിറകു വെട്ടികൊണ്ടിരുന്ന കക്കാടംപൊയില്‍ സ്വദേശിനി  കല്ല്  ദേഹത്ത് വീണ് മരിച്ചിരുന്നു, അതിനു കാരണം കനത്ത മഴയില്‍ മണ്ണ് ഒലിച്ചു പോയി കല്ല്  ദേഹത്തേക്ക് വീഴുകയായിരുന്നു. അതു പോലെ പുന്നക്കലില്‍ കഴിഞ്ഞ ദിവസം ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപാടുകളും ആളുകള്‍ക്ക് പരിക്കും ഏറ്റിരുന്നു, കൂടാതെ തമ്പലമണ്ണയില്‍ ഒരു വീടിന്റെ മുറ്റം ഏകദേശം പൂര്‍ണ്ണമായി തകര്‍ന്നു വീണിരുന്നു.  ഇപ്പോള്‍ തുലാമഴ ശക്തി പ്രാപിച്ചത് നാശ നഷ്ടങ്ങള്‍ക്കും, ആളുകളുടെ ജീവനും  ഭീഷണിയാകുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു.