07 ഒക്‌ടോബർ 2011

പ്രതീക്ഷയോടെ കല്ലംപുല്ലിലെ ജനങ്ങള്‍

                               കൂടരഞ്ഞിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ഉള്‍ഗ്രാമമായ പൂവാറന്‍തോട്  കല്ലംപുല്ലിലെ ജനങ്ങള്‍ പ്രതീക്ഷയില്‍ . പുതുതായി അനുമതി കിട്ടിയ റഗുലേറ്റര്‍ കം ബ്രിഡ്ജും ഈ പ്രദേശത്തെ വൈദ്യുതീകരണവുമാണ്  അവര്‍ക്ക് പ്രതീക്ഷയേകുന്നത് .

                                              കല്ലംപുല്ല് അങ്ങാടിയുടെ ദൃശ്യം
                           
                 കല്ലംപുല്ലില്‍ നിര്‍ദ്ദിഷ്ട റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്ന തോട് കടന്നു വേണം ഓടപ്പൊയില്‍, കൊടിക്കല്‍,  പുല്ലുരാംപാറയിലെ കൊടക്കാട്ടുപാറയില്‍ നിന്നും കാട്ടിലൂടെ അര മണിക്കൂര്‍  സഞ്ചരിച്ചാല്‍ എത്തുന്ന തമ്പുരാന്‍ കൊല്ലി എന്നീ പ്രദേശങ്ങളിലെ   85 ഓളം കുടുംബങ്ങള്‍ ക്ക് പുറം ലോകവുമായി
ബന്ധപ്പെടാന്‍ .ഹൈ ഗിയര്‍ ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഈ സ്ഥലത്ത് മഴക്കാലത്ത് അസുഖം ബാധിച്ചവരെ എടുത്തുകൊണ്ടു വേണം നിറഞ്ഞു കവിഞ്ഞ തോടിലെ നടപ്പാലം കടന്നു കല്ലംപുല്ല് അങ്ങാടിയില്‍ എത്താന്‍. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നത് ജനങ്ങളുടെ ദുരിതം ഒരു പരിധി വരെ കുറക്കുന്നു.

                                     നിര്‍ദ്ദിഷ്ട റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്ന സ്ഥലം
                
               കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ മേഖലയിലെ ജനങ്ങള്‍ പ്രധാന കൃഷി വിളകളായ കമുക്, തെങ്ങ് എന്നിവ മഞ്ഞളിപ്പ്  , കൂമ്പ് ചീയല്‍ രോഗം എന്നിവ മൂലം നശിച്ചു പോയി പ്രതിസന്ധിയിലാണ്.നിലവില്‍ വാഴ കൃഷിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏര്‍പ്പെടുന്നത് .സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയര്‍ന്ന മേഖലയില്‍ അര്‍പ്പണ ബോധത്തോടെ കൃഷിചെയ്യുന്ന കര്‍ഷകരെ കോഴിക്കോട് ജില്ലയില്‍
വേരൊരിടത്തും കാണാനാവില്ല.  അട്ട ശല്യം രൂക്ഷമായ ഈ മേഖലയില്‍ ഏലം, കൊക്കോ, ജാതി എന്നീ വിളകള്‍  കൃഷിചെയ്യുന്ന കര്‍ഷകര്‍ ഉപ്പിന്റെ ഒരു കിഴിയുമായാണ് കൃഷിയിടങ്ങളിലേക്ക് പോകുന്നത് . കാടിനോട് ചേര്‍ ന്നു കിടക്കുന്ന ഭാഗമായതിനാല്‍ ആനയുടെ ശല്യവും രൂക്ഷമാണ് കഠിനാധ്വാനം ചെയ്തു കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ആനകള്‍ തങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമാണ് കഴിയുന്നത്. ആനകള്‍ ജീവനു തന്നെ ഭീഷണിയായപ്പോള്‍ ജനങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ ഫലമായി ആനകളെ തുരത്താനുള്ള പ്രത്യേക ദൌത്യ സംഘം ഈ മേഖലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

                               മഞ്ഞളിപ്പ് മൂലം നശിച്ച കവുങ്ങിന്‍ തോട്ടം

                                       
        വെളിച്ചത്തിനായി മണ്ണെണ്ണ വിളക്കിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ മേഖലയിലെ ജനങ്ങള്‍ ക്ക് വൈദ്യുതീകരണം ഒരു വലിയ പ്രതീക്ഷയാണ് പകര്‍ന്നു നല്‍കുന്നത് .പോസ്റ്റുകള്‍ , ട്രാന്‍ഫോര്‍മറുകള്‍ എന്നിവ സ്ഥാപിക്കുക, ലൈന്‍ വലിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ്  കെ. എസ് .ഇ .ബി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് .

           ഓടപ്പൊയില്‍ഭാഗത്തേക്ക്തിരിയുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ 
           
            റഗുലേറ്റര്‍ കം ബ്രിഡ്ജ്,വൈദ്യുതീകരണംഎന്നീ പ്രവര്ത്തികള്‍ പൂര്‍ത്തിയായാല്‍ ഈ പ്രദേശത്തുകാരുടെ ആഗ്രഹം റോഡിന്റെ വികസനമാണ്. ടാറിങ്ങില്ലാത്ത മണ്‍റോഡുകള്‍ മാത്രമായ ഈ സ്ഥലത്ത് ഇവിടത്തുകാരുടെ ആവശ്യമായി നില്‍ക്കുന്നത് കല്ലംപുല്ല്, അങ്ങാടിക്ക് താഴെ എത്തി നില്‍ക്കുന്ന പ്രധാനമന്ത്രി ഗ്രാമസഡക് റോഡ്` തമ്പുരാന്‍ കൊല്ലിയിലേക്ക് നീട്ടുക എന്നതാണ്. ഈ ആവശ്യം പൂര്‍ത്തീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ്  ഇവിടുത്തെ ജനങ്ങള്‍ .