30 സെപ്റ്റംബർ 2011

മലയോര ഹൈവേയുടെ ഭാഗമായ മഞ്ഞപ്പൊയില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായി


മലയോര ഹൈവേയുടെ ഭാഗമായ പുല്ലൂരാംപാറ -കൂടരഞ്ഞി റോഡില്‍ പുന്നക്കലിനും കൂടരഞ്ഞിക്കുമിടയിലായി കാരാട്ടുപാറ റോഡിലെ മഞ്ഞപ്പൊയില്‍ പാലമാണ് നിര്‍മാണം പൂര്‍ത്തിയായത്. പാലം  ഭാഗികമായി തുറന്നു കൊടുത്തിട്ട് ഏകദേശം 6 മാസത്തോളമായി.ഇതിനിടെ താല്ക്കാലികമായി പാലം ഉദ്ഘാടനം നടന്നെങ്കിലും ഔദ്യോഗികമായ ഉദ്ഘാടനം പിന്നീട് നടക്കും . ഇനി അപ്രോച്ച് റോഡിന്റെ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. അതു കൊണ്ടു തന്നെ മഴക്കാലത്ത് ഇതിലെ സഞ്ചരിക്കാന്‍ സാധിക്കില്ല. വഴി നിറയെ ചെളിയായിരിക്കും .
മലയോര ഹൈവേയുടെ ഭാഗമായ ഈ റോഡ് വയനാട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള എളുപ്പ വഴിയായതു കൊണ്ടു തന്നെ ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ ഈ റോഡിലൂടെ സഞ്ചരിക്കുവാനുള്ള തടസ്സം മുളങ്കടവു പാലത്തിന്റെ നിര്‍മ്മാണമായിരുന്നു അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് സംബന്ധിച്ചും അപ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിച്ചതു സംബന്ധിച്ചും നേരത്തെ പുല്ലൂരാംപാറ വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ പുല്ലൂരാംപാറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുളങ്കടവു പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയാകുന്നതു വരെ പള്ളിപ്പടി ബഥാനിയാ റോഡിലൂടെ സഞ്ചരിച്ച് പൊന്നാങ്കയത്തുകൂടെ കടന്നു പോകുന്ന ഈ റോഡിലെത്താന്‍ കഴിയും. ഈ റോഡിലെ എല്ലാ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാകുന്നതോടെ പുല്ലൂരാംപാറയില്‍ നിന്നും കൂടരഞ്ഞി വഴി അരീക്കോട്ടേക്ക് ബസ്സ് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

                                                                         വഴി
    പുല്ലൂരാംപാറ - പൊന്നാങ്കയം - പുന്നക്കല്‍ -മഞ്ഞപ്പൊയില്‍ പാലം  -  കരിങ്കുറ്റി - കൂടരഞ്ഞി
                                                   അപ്രോച്ച് റോഡിന്റെ  ദൃശ്യം